ഡോക്ടര്‍മാര്‍ വൈകി; രോഗികള്‍ വലഞ്ഞു

Monday 4 July 2016 7:58 pm IST

ആലപ്പുഴ: ഡോക്ടര്‍മാര്‍ എത്തിയില്ല, ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഇന്നലെ 10.30 ഓടെയായിരുന്നു സംഭവം. മെഡിസിന്‍ ഒപി, ഇഎന്‍ടി ന്യൂറോ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ഒപികളില്‍ രാവിലെ 10.30 കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ എത്താത്തതാണ് സംഘര്‍ഷാവസ്ഥക്കു വഴിതെളിച്ചത്. ആഴ്ചയിലെ ആദ്യത്തെ ഒപിയായ തിങ്കളാഴ്ച ദിവസമായിതിനാല്‍ ഈ വിഭാഗങ്ങളില്‍മാത്രം എഴുന്നൂറോളം രോഗികളാണെത്തിയത്. രാവിലെ ആറു മുതല്‍ തന്നെ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നെത്തിയ വൃദ്ധരും ഉള്‍പ്പെടെയുളള രോഗികള്‍ മണിക്കൂറുകളോളം നിന്നു മുഷിയേണ്ട ഗതികേടാണുണ്ടായത്. ആഴ്ചയില്‍ തിങ്കളും വ്യാഴവും മാത്രം പ്രവര്‍ത്തിക്കുന്ന ന്യൂറോ മെഡിസിന്‍ ഒപിയില്‍ മാത്രം ഇരുന്നൂറിലധികം രോഗികളാണ് വെളളംപോലും കിട്ടാതെ ക്യൂവില്‍ നിന്നു വലഞ്ഞത്. ഇതേ രീതിയില്‍ തന്നെയാണ് നൂറിലധികം പേര്‍ ഇഎന്‍ടി ഒപിക്കു സമീപം ക്യൂവില്‍നിന്നു വലഞ്ഞത്. ഈ ഒപികളെല്ലാം പ്രവര്‍ത്തിക്കുന്നത് ഒരേ നിലയില്‍ തന്നെയാണ്. ഒന്‍പതിന് ഒപിയിലെത്തേണ്ട ഡോക്ടര്‍മാര്‍ 10.30 ആയിട്ടും എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാരും രോഗികളും തമ്മില്‍ സംഘര്‍ഷാവസ്ഥയുടെ വക്കിലെത്തുകയായിരുന്നു. വൃദ്ധജനങ്ങള്‍ക്കുപോലും ഇരിക്കുവാന്‍ ഇരിപ്പിടമില്ലാത്തതിനെതുടര്‍ന്ന് പലര്‍ക്കും ശാരീരികാസ്വസ്ഥതയുണ്ടായി. പിന്നീട് ആശുപത്രി എയ്ഡ്‌പോസ്റ്റില്‍ നിന്നും പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. 10.50 ഓടെയാണ് ഡോക്ടര്‍മാര്‍ എത്തിയത്. എന്നാല്‍ മെഡിസിന്‍ വിഭാഗത്തിലെ നാല് ഒപിയിലായി 12 ഡോക്ടര്‍മാരും എത്തിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.