ചെറുതോണി: ചെറുതോണിയ്ക്കു സമീപം നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഓടയില്‍ വീണു. ആര്‍ക്കും പരിക്കില്ല. കൊച്ചി ഇരുമ്പനത്തു നിന്നും ചെറുതോണിയിലേക്ക് ഡീസല്‍ കയറ്റി വന്ന ടാങ്കര്‍ ലോറി ഇടുക്കി മെഡിക്കല്‍ കോളേജിന് സമീപത്തുവച്ചാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. ചെറുതോണി തീയേറ്റര്‍ റോഡിലേയ്ക്കുള്ള കയറ്റത്തിലേയ്ക്ക് ഡ്രൈവര്‍ വാഹനം തിരിച്ചു വിടുകയും എന്നാല്‍ വേഗത കുറഞ്ഞെങ്കിലും പിന്നോട്ട് വന്ന ലോറിയുടെ പിന് ചക്രങ്ങള്‍ റോഡുവക്കിലെ ഓടയില്‍ കുടങ്ങി നില്‍ക്കുകയും ചെയ്തു. ഡ്രൈവറുടെ സംയോജിതമായ ഇടപെടല്‍ പരിക്കും, കേടുപാടുമില്ലാതെ വാഹനം സംരക്ഷിക്കാനായി. ഇടുക്കി പോലീസും, ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ആവശ്യമായ സഹായ നടപടികള്‍ സ്വീകരിച്ചു. കട്ടപ്പനയില്‍ നിന്നും ക്രെയിന്‍ യൂണിറ്റ് എത്തി വാഹനം മാറ്റി. ചെറുതോണിയിലെ പെട്രോള്‍ പമ്പിലേയ്ക്ക് ഇന്ധനവുമായി എത്തിയ ടാങ്കറാണ് അപകടത്തില്‍പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: