ബത്തേരി: കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങിയ വനവാസി യുവാവിനെ കാട്ടാന കുത്തികൊന്നു. പൂതാടി ഗ്രാമ പഞ്ചായത്തിലെ വട്ടത്താനിക്ക് സമീപം മാരമല കാട്ടുനായിക്ക കോളനിയിലെ ഗോപി (45) യെയാണ് കാട്ടാന കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെ സൗത്ത് വയനാട് പാതിരി സൗത്തില്‍ ഇരുളം സെക്ഷനില്‍പെട്ട വനമേഖലയിലായിരുന്നു സംഭവം.
വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് പ്രദേശവാസികളെ രക്ഷിക്കുന്നതിനായി വനം വകുപ്പ് സ്ഥാപിച്ച മതിലിന്റെ പ്രവേശന കവാടത്തിന് സമീപം വെച്ചാണ് ആന ആക്രമിച്ചത്. സബ് കളക്ടര്‍ ശ്രീ റാം സാമ്പശിവറാവു, സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുള്‍ അസീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ലീലയാണ് ഗോപിയുടെ ഭാര്യ. മക്കള്‍: സിന്ധു, ഷിജിത്ത്, മരുമകന്: ബിജു. വനം, റവന്യൂ വകുപ്പുകള്‍ 5,000 രൂപ വീതം അടിയന്തിര സഹായം അനുവദിച്ചതായി അഡീഷണല്‍ തഹസില്‍ദാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: