ജീവനക്കാരോട് കടുത്ത നിലപാടുമായി മുഖ്യമന്ത്രി

Monday 4 July 2016 11:44 pm IST

തിരുവനന്തപുരം: ജിവനക്കാര്‍ സമയബന്ധിതമായി അവരവരുടെ കൃത്യങ്ങള്‍ നിര്‍വ്വഹിക്കണമെന്നും ഇതിലേക്കായി പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളെ സംബന്ധിച്ച് സര്‍വ്വീസ് സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതികളുടെ അനിശ്ചിതമായ നീണ്ടുപോകല്‍, വകയിരുത്തുന്ന തുക ലാപ്‌സാകുന്ന സ്ഥിതി, സേവന ഗുണനിലവാരത്തില്‍ വരുന്ന തകര്‍ച്ച എന്നിങ്ങനെ നിരവിധി പ്രശ്‌നങ്ങളുണ്ട്. ഇവയൊക്കെ നേരിടാന്‍ കഴിയുംവിധം ഭരണയന്ത്രത്തെ ജനതാത്പര്യത്തിനനുസരിച്ച് നവീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പദ്ധതി അവലോകനം ചെലവഴിക്കുന്ന തുകയില്‍ മാത്രം ഊന്നിയുള്ളതാകരുത്. പദ്ധതികൊണ്ട് എത്രത്തോളം പ്രയോജനമുണ്ടായി എന്നതുകൂടി കണക്കാക്കിക്കൊണ്ടാവണം. നേട്ടങ്ങളെക്കാള്‍ പരിഹരിക്കപ്പെടേണ്ട ദൗര്‍ബല്യങ്ങളാണ് കൂടുതല്‍. വിവരാവകാശ നിയമം ഭരണത്തെ കൂടുതല്‍ സുതാര്യമാക്കിയ കാലമാണിത്. കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഉദ്യോഗസ്ഥ സമൂഹം ഒറ്റപ്പെട്ടുപോകും. അതു സംഭവിക്കരുത്. ജനങ്ങളുടെ ഭാഷ മലയാളമാണ്. ഭരണഭാഷ കൃത്യമായും മലയാളം തന്നെയാകണം. തീരുമാനമെടുക്കുന്നതിലെ അനന്തമായ കാലതാമസം ഒഴിവാക്കണം. 30 ദിവസത്തിനകം സാധാരണ പ്രശ്‌നങ്ങളില്‍ തീരുമാനമാവണം. ഫയലിലെ ആവശ്യം തിരസ്‌ക്കരിച്ചാല്‍, തിരസ്‌ക്കരിച്ചത് ശരിയോ എന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടാവണമെന്നും മുഖ്യമന്ത്രി പരഞ്ഞു. ജീവനക്കാരെ മുഴുവന്‍ സ്ഥലംമാറ്റിയശേഷം നടപ്പിലാക്കാന്‍ പോകുന്ന പൊതുമാനദണ്ഡം മനുഷത്വരഹിതമായ നടപടിയാണെന്ന് സര്‍വ്വീസ് സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. മാനദ്ണഡം അഞ്ചു വര്‍ഷത്തേക്കുള്ളതാണ്. സ്ഥലംമാറ്റിയ ജീവനക്കാരെ ഇനി തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല. ജീവനക്കാര്‍ സര്‍ക്കാരിന്റെ ചക്രങ്ങള്‍ എന്നു പറഞ്ഞിട്ട് ചക്രം ഊരി മാറ്റുന്ന സ്ഥിതിയാണ് നടപ്പിലാക്കുന്നതെന്നും സര്‍വ്വീസ് സംഘടനാ നേതാക്കള്‍ ആരോപിച്ചു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പൊതുഭരണ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍, എഫ്എസ്ഇടിഒ, സെറ്റോ, ഫെറ്റോ, അദ്ധ്യാപക സര്‍വീസ് സംഘടനാ സമരസമിതി, അദ്ധ്യാപക സര്‍വീസ് സംഘടനാ ഐക്യവേദി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണം: ഫെറ്റോ തിരുവനന്തപുരം: വാണിജ്യ നികുതി ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെടുത്തുന്ന ജീവനക്കാരെ ആക്രമിക്കുന്നത് പതിവായ സാഹചര്യത്തില്‍ അവര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സര്‍വ്വീസ് സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഫെറ്റോ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സര്‍വ്വീസ് മേഖലയില്‍ അസംതൃപ്തി പടര്‍ത്തി സംതൃപ്തമായ സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യം നിറവേറ്റാന്‍ കഴിയില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ വാരം ആഘോഷിക്കണം. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കുമ്പോള്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ആശങ്കകള്‍ കൂടി പരിഹരിക്കണമെന്നും ഫെറ്റോ പ്രതിനിധികള്‍ആവശ്യപ്പെട്ടു. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി വി. സുനില്‍കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് കമലാസനന്‍ കാര്യാട്ട്, ജനറല്‍ സെക്രട്ടറി ബി. മധു, സെക്രട്ടേറിയറ്റ് എംപ്ലോയിസ് സംഘ് പ്രസിഡന്റ് കെ. വിനോദ്കുമാര്‍, ജനറല്‍ സെക്രട്ടറി എസ്. ചന്ദ്രചൂഢന്‍ തുടങ്ങിയവര്‍ ഫെറ്റോയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.