കുട്ടികളെ ചോദ്യം ചെയ്യാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുത്: ബാലാവകാശ സംരക്ഷണകമ്മീഷന്‍

Monday 4 July 2016 11:49 pm IST

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുമ്പോള്‍ അവരെ ചോദ്യം ചെയ്യാന്‍ വേണ്ടി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്താന്‍ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമിതനായ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറോ സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് അംഗമോ മാത്രമേ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കുട്ടികളെ ചോദ്യം ചെയ്യാന്‍ പാടുളളൂവെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊളളിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അംഗം ഫാദര്‍ ഫിലിപ്പ് പറക്കാട്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി 14 വയസ്സുളള മകനെ ചോദ്യം ചെയ്‌തെന്ന് ആരോപിച്ച് തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം സ്വദേശി സി. ജോണ്‍സണ്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം അറിയിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.