ആക്രമണം അഴിച്ചുവിടാന്‍ ഭാരത മുസ്ലിങ്ങളോട് അല്‍ ഖ്വയ്ദ

Tuesday 5 July 2016 12:09 am IST

ന്യൂദല്‍ഹി: യൂറോപ്പിലും യുഎസിലുമെല്ലാം ചെയ്യുന്നതു പോലെ ആക്രമണത്തിന് സ്വയം തയാറാകാന്‍ ഭാരത മുസ്ലിങ്ങളോട് അല്‍ ഖ്വയ്ദ. ആരുടെയും ആഹ്വാനമില്ലാതെ ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയുമെല്ലാം കൊന്നൊടുക്കണമെന്ന് അല്‍ ഖ്വയ്ദയുടെ ഭാരത ഉപഭൂഖണ്ഡം വിഭാഗം (എക്യുഐഎസ്) തലവന്‍ അസിം ഉമര്‍ ആവശ്യപ്പെട്ടു. പശ്ചാത്യ രാജ്യങ്ങളില്‍ സമീപകാലത്തുണ്ടായ പല ആക്രമണങ്ങളും ഇത്തരത്തിലുള്ളത്. ഭാരതത്തില്‍ നിന്ന് കൂടുതല്‍ റിക്രൂട്ട്‌മെന്റിനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ ഏജന്‍സികള്‍ തടയുന്ന സാഹചര്യത്തില്‍ പുതിയ നീക്കം. എക്യുഐഎസിനെ ആഗോള ഭീകര സംഘടനയായും അസിമിനെ ആഗോള ഭീകരനായും അമേരിക്ക പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം ഭീഷണി. അതേസമയം, ഉപഭൂഖണ്ഡത്തില്‍ ഐഎസിന്റെ സ്വാധീനം വര്‍ധിക്കുന്നതു തടയാനാണ് അല്‍ ഖ്വയ്ദയുടെ ശ്രമമെന്ന് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നു. ഇത്തരം ആക്രമണങ്ങള്‍ നടപ്പാക്കുന്നത് ഐഎസിന്റെ രീതി. കേന്ദ്രീകൃത റിക്രൂട്ട്‌മെന്റുകള്‍ക്കു പകരം ഓരോ വ്യക്തികളെ കണ്ടെത്തി അവര്‍ ആക്രമണം ആസൂത്രണം ചെയ്യുന്നു. ഈ രീതിക്ക് അടുത്ത കാലം വരെ അല്‍ ഖ്വയ്ദ എതിര്. എന്നാല്‍, ഭാരതവും ബംഗ്ലാദേശും ഐഎസിന്റെ ലക്ഷ്യങ്ങളെന്നു വ്യക്തമായതോടെ പിടി അയയാതിരിക്കാന്‍ അതേ രീതി സ്വീകരിച്ചു അവര്‍. യുഎസ് രഹസ്യാന്വേഷണ വിഭാഗം സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് അസിം ഉമറിന്റെ സന്ദേശം പിടിച്ചെടുത്തത്. അവര്‍ വിവരം ഭാരത ഏജന്‍സികള്‍ക്കും കൈമാറി. രാജ്യവ്യാപകമായി ജാഗ്രതയിലാണ് ഏജന്‍സികള്‍. എങ്കിലും കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഭീകര വിരുദ്ധ സ്‌ക്വാഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളും സംസ്ഥാനങ്ങളിലെ പോലീസും അല്‍ ഖ്വയ്ദയുടെയും ഐഎസിന്റെയും പല റിക്രൂട്ടിങ് ശ്രമങ്ങളും വിഫലമാക്കിയിട്ടുണ്ട്. ഇതുവരെ 54 പേരെ ആസൂത്രണ ഘട്ടത്തില്‍ പിടികൂടി. അല്‍ ഖ്വയ്ദ ഉപഭൂഖണ്ഡം തലവന്‍ അസിം ഉമര്‍ ഉത്തര്‍പ്രദേശിലെ സംഭാല്‍ സ്വദേശി. സനൗള്‍ ഹഖ് എന്ന് യഥാര്‍ത്ഥ പേര്. 1990ല്‍ പാക്കിസ്ഥാനിലെത്തി അല്‍ ഖ്വയ്ദയില്‍ ചേര്‍ന്നു. 2014ല്‍ സംഘടനാ മേധാവി അയ്മന്‍ അല്‍ സവാഹിരിയാണ് ഇയാളെ ഉപഭൂഖണ്ഡ വിഭാഗത്തിന്റെ തലവനാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.