ഡിഫ്തീരിയ; ആശങ്കയൊഴിയുന്നില്ല

Tuesday 5 July 2016 10:17 am IST

മലപ്പുറം: ഡിഫ്തീരിയ ജില്ലയില്‍ പടര്‍ന്ന് പിടിക്കുകയാണ്. 35 വയസ്സുകാരിയടക്കം ചികിത്സയിലാണ്. നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് വാദിക്കുമ്പോഴും ജനങ്ങളുടെ ആശങ്ക തുടരുകയാണ്. ഇതുവരെ രണ്ട് മരണങ്ങള്‍ സംഭവിച്ച് കഴിഞ്ഞു. പത്തോളം പേര്‍ ചികിത്സയിലാണ്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ് രോഗബാധിതരല്ലാവരും. കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്തുണ്ടെങ്കിലും പ്രതിരോധ മരുന്നിന്റെ ലഭ്യതക്കുറവ് വെല്ലുവിളിയാകുന്നുണ്ട്. മുഴുവന്‍ ആളുകള്‍ക്കും കുത്തിവെപ്പ് നല്‍കണമെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ മരുന്ന് കിട്ടാത്ത അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കുത്തിവെപ്പുമായി ഒരു വിഭാഗം ആളുകള്‍ സഹകരിക്കാത്തതിനാല്‍ പല സ്ഥലങ്ങളിലും അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. മതവിശ്വാസവുമായി കുത്തിവെപ്പിനെ ബന്ധപ്പെടുത്തി ചിലര്‍ നടത്തുന്ന മണ്ടത്തരമായ പ്രചാരണങ്ങള്‍ വിലങ്ങുതടിയായിരുന്നു. മതപണ്ഡിതന്മാരെ മുന്നിട്ടിറക്കി ബോധവല്‍ക്കരണം നടത്തുകയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ്. ആരോഗ്യപ്രവര്‍ത്തകര്‍ കുത്തിവെപ്പ് എടുക്കാത്ത വീടുകളുടെ വിവരം ശേഖരിച്ച് ആ വീട്ടില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും ആശങ്ക അകറ്റുകയും ചെയ്യുന്നുണ്ട്. ഗ്രാമപഞ്ചായത്തിലും നഗരസഭകളിലും ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ച് രണ്ട് പേര്‍ മരിച്ചു. അന്ന് ഇരുപതോളം പേരിലാണ് ഡിഫ്തീരിയ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇത് കണക്കിലെടുത്ത് എതിര്‍പ്പുകളെ വകവെക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പക്ഷേ പ്രതിരോധ നടപടികള്‍ നടക്കുന്നതിനിടയിലും വീണ്ടും വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.