പേരിലെന്തിരിക്കുന്നു; ശൈലി കൈവിടാതെ അത്‌വാലെ

Tuesday 5 July 2016 4:20 pm IST

ന്യൂദല്‍ഹി : മോദി സര്‍ക്കാരിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മന്ത്രി പേര് പറയാന്‍ മറന്നത് കൗതുകമായി. മഹാരാഷ്ട്രയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് രാംദാസ് അത്‌വാലെയാണ് സത്യപ്രതിജ്ഞയില്‍ പേര് പറയാന്‍ മറന്നത്. രാഷ്ട്രപതി ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞ അത്‌വാലെ പേര് പറയാതെ സത്യപ്രതിജ്ഞ ചൊല്ലുകയായിരുന്നു. എന്നാല്‍ രാഷ്ട്രപതി ഇടപെട്ട് സംഭവം തിരുത്തി. പേര് പറയാതെ സത്യപ്രതിജ്ഞയിലേക്ക് കടന്ന അത്‌വാലെയോട് രാഷ്ട്രപതി പേര് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. അബദ്ധം മനസിലാക്കിയ അത്‌വാലെ ക്ഷമാപണത്തിനു ശേഷം പേര് പറഞ്ഞ് സത്യവാചകം ആദ്യം മുതൽ ചൊല്ലുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള ദളിത് നേതാവാണ് അത്‌വാലെ. തന്‍റേതായ ശൈലിയും നര്‍മ്മം നിറഞ്ഞ അദ്ദേഹത്തിന്‍റെ സംസാര രീതിയും മറ്റ് നേതാക്കളില്‍ നിന്ന് അത്‌വാലെയെ വ്യത്യസ്തനാക്കുന്നു. സത്യപ്രതിജ്ഞ ചടങ്ങിലും അദ്ദേഹം തന്‍റേതായ ശൈലി സ്വീകരിച്ചത് ശ്രദ്ധേയമായി. പാർലമെന്റ് ചർച്ചകൾക്കിടയിൽ സ്വതസിദ്ധമായ നർമ്മശൈലി കൊണ്ട് എം.പിമാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ആളാണ് അത്‌വാലേ. കഴിഞ്ഞ വർഷമാണ് അദ്ദേഹം രാജ്യസഭാംഗമായത്. 2009ലെ ദേശീയ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതു വരെ പത്തുവർഷത്തോളം ലോക്സഭാ അംഗമായിരുന്നു രാംദാസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.