കുവൈത്ത് സിറ്റി : രാജ്യത്ത് ചൂട് ക്രമാതീതമായതോടെ തീപിടിത്തത്തിനെതിരെ മുന്‍ കരുതലെടുക്കാന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം കനത്ത ചൂടില്‍ വെന്തുരുകുകയാണ്. ഇതിന്റെ ഫലമായി പല സ്ഥലങ്ങളിലും തീപിടുത്തവും ഉണ്ടായതോടെയാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വീടിനകത്ത് പുകവലി പൂര്‍ണമായും ഒഴിവാക്കണം. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ വീടിന്റെ ബാല്‍ക്കണിയോ തുറസായ മറ്റിടങ്ങളോ ഉപയോഗിക്കുക. എന്നാല്‍ അത് അയല്ക്കാരന് ശല്യമാകരുത്. സിഗററ്റ് കുറ്റികള്‍ മാലിന്യത്തൊട്ടിയില്‍ വലിച്ചെറിയരുത്. തീകെടുത്തിയ ശേഷം ആഷ്ട്രേയില്‍ നിക്ഷേപിക്കണം. പറ്റുമെങ്കില്‍ വെള്ളം നനയ്ക്കുന്നതും നന്നാകും. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ അടുക്കളയില്‍നിന്നു മാറ്റി സൂക്ഷിക്കണം.
അപ്പാര്‍ട്ട്മെന്റുകളിലും ഫ്ലാറ്റുകളിലും വീടുകളിലും ഫയര്‍ എക്സ്റ്റിങ്ഷര്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. അധികൃതരില്‍നിന്ന് വര്‍ഷാവര്‍ഷം പരിശോധനാ റിപ്പോര്‍ട്ടും ശേഖരിക്കണം. വീട്ടില്‍നിന്ന് പുറത്തുപോകുമ്പോള്‍ ടിവി, ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, ടോസ്റ്റര്‍, വാഷിങ് മെഷീന് എന്നിവയുടെ സ്വിച്ച് ഓഫ് ചെയ്യണം. ഇലക്ട്രിക് സോക്കറ്റില്‍നിന്ന് പ്ലഗുകള്‍ ഊരിവയ്ക്കുന്നതാകും ഉചിതം.
ഫ്ലാറ്റുകളിലെ എല്ലാ മുറികളിലും കൃത്യമായ വെന്റിലേഷന് ഉറപ്പാക്കണമെന്ന് എംബസി നിര്‍ദേശിച്ചു. തീപിടിത്തം പോലുള്ള അപകടം ഉണ്ടായാല്‍ രക്ഷപ്പെടാനുള്ള വഴിയെക്കുറിച്ച് കെട്ടിടത്തില്‍ താമസിക്കുന്നവര്‍ അറിഞ്ഞിരിക്കണം. ഇലക്ട്രിക് പോയിന്റുകളില്‍നിന്ന് അകലെയായിരിക്കണം കര്‍ട്ടനുകള്‍. പവര്‍ പോയിന്റുകളില്‍നിന്നുള്ള തീപിടിത്തം ഒഴിവാക്കാന്‍ അത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: