ഹൈദരാബാദില്‍ ഭാര്യയെ യുവാവ് വെട്ടിക്കൊന്നു

Tuesday 5 July 2016 10:09 pm IST

ഹൈദരാബാദ്: വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് വെട്ടിനുറുക്കി കത്തിച്ചു. ഹൈദരാബാദിലെ വ്യവസായിയായ റൂപേഷ്‌കുമാര്‍ മോഹ്‌നാനിയാണ് ഭാര്യ സിന്ധ്യയെ കൊലപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ഫ്രഞ്ച്കാരനെ വിവാഹം കഴിക്കാന്‍ വിവാഹം മോചനം ആവശ്യപ്പെട്ടതാണ് ഭര്‍ത്താവിനെ ക്ഷുഭിതനാക്കിയത്. ക്ലബ് ഡാന്‍സറായിരുന്ന സിന്ധ്യയെ കോംഗോയില്‍ വച്ചാണ് റൂപേഷ്‌കുമാര്‍ പരിചയപ്പെട്ടത്. 2008ല്‍ വിവാഹിതരായ ഇവര്‍ ഹൈദരാബാദിലേക്ക് പോന്നു. ഫ്രഞ്ചുകാരനുമായി വിവാഹത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി, ഇവര്‍ ഭര്‍ത്താവിനോട് വിവാഹമോചനം ആവശ്യപ്പെട്ടു. അഞ്ചുവയസ്സുള്ള മകളെ കൂടെ കൊണ്ടുപോകുവാനും സിന്ധ്യ ആഗ്രഹിച്ചിരുന്നു. ഭാര്യയുടെ നടപടിയില്‍ ക്ഷുഭിതനായ രൂപേഷ് ഇവരെ വെട്ടിനുറുക്കിയ ശേഷം കഷണങ്ങളാക്കി സ്യൂട്ട്ക്കേസില്‍ ഒളിച്ചുവെച്ചു. തുടര്‍ന്ന് തൊട്ടടുത്ത മദനാപ്പിള്ളി ഗ്രാമത്തിലെത്തിയ ഇയാള്‍ മൃതദേഹം സ്യൂട്ട്‌ക്കേസ് ഉള്‍പ്പടെ കത്തിച്ചു. തിരിച്ചുപോകുമ്പോള്‍ ഇയാളുടെ കാര്‍ മണ്ണില്‍ പൂണ്ട്‌പോവുകയും പ്രദേശവാസികളായ യുവാക്കള്‍ കാര്‍തള്ളി നീക്കാന്‍ സഹായിക്കുകയും ചെയ്തു. കാറില്‍ നിന്നും നേരിയ രീതിയില്‍ രക്തം ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി. കുറച്ചകലെ നിന്നും കത്തിച്ച സ്യൂട്ട്‌ക്കേസ് കണ്ടെത്തി. മൃതദേഹം പരിശോധനയ്ക്കായി ഗാന്ധി ഹോസ്പിറ്റലിലേക്കു മാറ്റി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മകളെ റുപേഷിന്റെ കുടുംബവീട്ടിലാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.