മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ടണ്‍കണക്കിന് മാലിന്യം

Tuesday 5 July 2016 9:28 pm IST

മെഡിക്കല്‍ കോളേജില്‍ മാലിന്യം കുമിഞ്ഞുകൂടിയ നിലയില്‍

 

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടുന്നു. അധികൃതര്‍ക്ക് നിസ്സംഗത. ടണ്‍കണക്കിന് മാലിന്യമാണ് ഇവിടെ കുമിഞ്ഞുകൂടിയിട്ടുള്ളത്. പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇവിടെ ഇവ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ ഹൈക്കോടതി കര്‍ശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. എന്നാല്‍ മെഡിക്കല്‍ കോളേജ് പരിസരത്തെ മാലിന്യം നീക്കം ചെയ്യുന്നതിന് യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. മെഡിക്കല്‍ കോളേജ് പോലീസ്, പ്രിന്‍സിപ്പാള്‍, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് ഇവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ കത്തിന് മറുപടി അയക്കുകയോ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടിയോ കൈക്കൊള്ളുവാന്‍ അധികൃതര്‍ യാതൊരു നീക്കവും ഇതുവരെ നടത്തിയിട്ടില്ല. ആശുപത്രി പരിസരത്ത് വലിയ കുളത്തിന്റെ മാതൃകയില്‍ കുഴിയുണ്ടാക്കി അതിലേക്കാണ് വര്‍ഷങ്ങളായി ആശുപത്രിയിലെ മാലിന്യങ്ങള്‍ തള്ളുന്നത്. ഇവ നശിപ്പിക്കുവാനുള്ള നടപടിയും ഉണ്ടായിട്ടില്ല.
ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലായി വേസ്റ്റ് ബക്കറ്റുകള്‍ നിക്ഷേപിച്ചിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ ഈ ബക്കറ്റുകളില്‍ ആളുകള്‍ നിക്ഷേപിക്കാറുണ്ട്. ഒരു ദിവസം രണ്ടായിരം കിലോയോളം മാലിന്യം ഇവിടെ നിന്നും ഉണ്ടാകുന്നുവെന്നാണ് കണക്ക്. ഇവ മുഴുവനും ഈ കുഴിയിലാണ് നിക്ഷേപിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ നടപടി തുടരുന്നു. അഞ്ചു വര്‍ഷം മുമ്പ് മറ്റൊരു കുഴിയിലാണ് നിക്ഷേപിച്ചിരുന്നത്. അത് നിറഞ്ഞപ്പോഴാണ് പുതിയ കുഴി ഉണ്ടാക്കി അതില്‍ നിക്ഷേപം ആരംഭിച്ചത്. അതും നിറഞ്ഞ് കവിഞ്ഞ് ഇപ്പോള്‍ റോഡിലേക്ക് വരെ എത്തിയിരിക്കുകയാണ്. കാക്കകളും തെരുവ് നായ്ക്കളും ഇവ വലിച്ച് ദൂരസ്ഥലങ്ങളില്‍ കൊണ്ടിടുന്നതും പതിവായിരിക്കുകയാണ്. മഴക്കാലമായതോടെ ആശുപത്രിയില്‍ എത്തുന്ന രോഗികളും നാട്ടുകാരും ഇതുമൂലം ഭീഷണിയിലാണ്. കോളറയും ഡെങ്കിപ്പനിയും അടക്കമുള്ള പകര്‍ച്ചവ്യാധികളെ ഭയന്നാണ് നാട്ടുകാര്‍ കഴിയുന്നത്. സ്വന്തമായി ഇന്‍സിനേറ്റര്‍ വാങ്ങുവാനുള്ള അനുമതി സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്.
മാത്രമല്ല മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മാലിന്യ നിര്‍മാര്‍ജനത്തിന് തുക അനുവദിക്കുന്നില്ലെന്നും പറയപ്പെടുന്നു. മന്ത്രിമാര്‍ പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു കുറവും വരുത്താറില്ല. പക്ഷെ ഫണ്ട് അനുവദിക്കുന്നില്ലെന്ന് മാത്രം. മാലിന്യം കുമിഞ്ഞുകൂടുമ്പോള്‍ അതിന്റെ ദുരിതം അനുഭവിക്കുന്നത് ആയിരക്കണക്കിന് രോഗികളും അവരെ പരിചരിക്കാനെത്തുന്ന ബന്ധുക്കളുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.