നീര്‍ച്ചാലുകളില്‍ പോള നിറഞ്ഞു; കുട്ടനാട്ടുകാര്‍ ദുരിതത്തില്‍

Tuesday 5 July 2016 9:37 pm IST

കുട്ടനാട്: കുട്ടനാട്ടിലെ നീര്‍ച്ചാലുകളില്‍ പോളശല്യം. ജനജീവിതത്തെ സാരമായി ബാധിക്കുന്ന പ്രശ്‌നമായിട്ടും അധികൃതര്‍ കെടുകാര്യസ്ഥത തുടരുകയാണ്. കുട്ടനാട്ടിലെ ഇടത്തോടുകളുടെ ഇരുകരകളിലും നൂറുകണക്കിന് കുടുംബങ്ങളാണ് അധിവസിക്കുന്നത്. ഭൂരിഭാഗം ജനങ്ങളും ഇടത്തോടുകളിലെ വെള്ളമാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. നീര്‍ചാലുകള്‍ പോള നിറഞ്ഞതോടെ ഗതാഗത സൗകര്യവും ജലക്ഷാമവും മാത്രമല്ല ഇഴജന്തുക്കളുടെ ഉപദ്രവവും നാള്‍ക്കുനാള്‍ കൂടിവരികയാണ്. പമ്പാനദിയുടെ പ്രധാന കൈവഴിയായ ഇടത്തോടുകള്‍ കുടിവെള്ളത്തിനും കാര്‍ഷിക - കച്ചവട ആവശ്യങ്ങള്‍ക്കുമായി ജനങ്ങള്‍ ഉപയോഗിച്ചിരുന്നു. റോഡും കുടിവെള്ള പൈപ്പുലൈനും ഇല്ലാത്ത പ്രദേശത്തെ നൂറുകണക്കിന് വീട്ടുകാരുടെ ഏകമാര്‍ഗം അടഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇടത്തോടുകളില്‍ പോളയും പുല്ലും നിറഞ്ഞ് ഗതാഗതം തടസപ്പെടുകയും ജലക്ഷാമം രൂക്ഷമാകുകയും ചെയ്തിട്ടും ത്രിതല പഞ്ചായത്തുകള്‍ നടപടിയെടുക്കുന്നില്ല. കര്‍ഷകര്‍ക്കോ ജനങ്ങള്‍ക്കോ പോള ശല്യമായാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി പോള നീക്കം ചെയ്യാമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, കുട്ടനാട്ടിലെ ഒട്ടുമിക്ക പഞ്ചായത്തുകളും നീര്‍ച്ചാലുകളിലെ പോളവാരല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്താറില്ല. പഞ്ചായത്തിന്റെ കെടുകാര്യസ്ഥത മൂലം കുട്ടനാട്ടിലെ ഇടത്തോടുകള്‍ പോളയും എക്കലും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട് നികന്നുതുടങ്ങി. ആസ്തി വര്‍ദ്ധിത പദ്ധതിയില്‍പ്പെടുത്തി നദികളിലെ പോളവാരല്‍ സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ആറുമീറ്റര്‍ വീതി വരെയുള്ള നീര്‍ച്ചാലുകളിലെ പോള നീക്കംചെയ്യല്‍ ബാധകമായിരുന്നില്ല. കുട്ടനാട്ടിലെ നീര്‍ച്ചാലുകളില്‍ അധികവും കാര്‍ഷിക ആവശ്യങ്ങള്‍ക്കും പമ്പിങ്ങ് സൗകര്യത്തിനുമാണ് ഉപയോഗിച്ചിരുന്നത്. ആറുമീറ്ററില്‍ കൂടുതലുള്ള തോടുകളില്‍ നീരൊഴുക്കില്‍പെട്ട് പോളകള്‍ സ്വയമേ നീങ്ങുമെന്നും നീര്‍ച്ചാലുകളിലെ പോളകള്‍ കെട്ടിക്കിടന്ന് ഗതാഗതവും ജലക്ഷാമവും വര്‍ദ്ധിക്കുമെന്നും കണ്ടാണ് ഇടത്തോടുകളെ നിരോധനത്തില്‍പെടുത്താതിരുന്നത്. പുഞ്ചകൃഷി സീസണ്‍ തുടങ്ങുമ്പോള്‍ പാടത്തെ വെള്ളം പമ്പുചെയ്ത് വറ്റിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.