അനധികൃത കെട്ടിട നിര്‍മ്മാണം വ്യാപകം തൊടുപുഴ നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം

Tuesday 5 July 2016 9:39 pm IST

തൊടുപുഴ: തൊടുപുഴ നഗരത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍പ്പറത്തി വന്‍തോതില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടും നഗരസഭാ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അനധികൃതകെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് നടപടി കൈക്കൊണ്ട ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയും നിലനില്‍ക്കുകയാണ്. അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ ലക്ഷക്കണക്കിന് രൂപയാണ് നഗരസഭയ്ക്ക് നഷ്ടം വരുന്നത്. നഗരത്തിലെ ഒരു ഇടത് പക്ഷ കൗണ്‍സിലര്‍ ഒരു നിലകെട്ടിടം നിര്‍മ്മിക്കുന്നതിന്റെ അനുമതിയുടെ മറപിടിച്ച് രണ്ട് നില കെട്ടിടം നിര്‍മ്മിച്ചിരിക്കുകയാണ്. അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തുകയും കെട്ടിടത്തിനെതിരെ നടപടി കൈക്കൊള്ളരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ ഒരു പ്രധാന വസ്ത്രവ്യാപാരി രണ്ട് നില കെട്ടിടത്തിന്റെ മറവില്‍ നാല് നില കെട്ടിടമാണ് പണിതിരിക്കുന്നത്. ഫയര്‍ സംവിധാനവും പാര്‍ക്കിങ് സംവിധാനവും ഇല്ലാതെയാണ് നാല് നിലയില്‍ തുണിക്കട പ്രവര്‍ത്തിക്കുന്നത്. നഗരസഭാ കാര്യാലയത്തിന്റെ തൊട്ടടുത്തും അനധികൃത നിര്‍മ്മാണം നടന്നിട്ടുണ്ട്. ഇതിനെതിരെയും നടപടിയില്ല. 21 സ്ഥാപനങ്ങള്‍ക്ക് അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം അനധികൃത നിര്‍മ്മാണം ക്രമവല്‍ക്കരിക്കുകയോ പൊളിച്ച് നീക്കുകയോ ചെയ്യണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നടപടിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും രംഗത്തുവന്നിരിക്കുകയാണ്. മുന്നണികള്‍ അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ മത്സരിക്കുകയാണ്. നഗരത്തിലെ എല്ലാ അനധികൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് നഗരസഭയില്‍ എട്ട് അംഗങ്ങളുള്ള ബിജെപിയുടെ നിലപാട്. ഈ ആവശ്യം ഉന്നയിച്ച് വരുംദിവസങ്ങളില്‍ പാര്‍ട്ടി സമരം സംഘടിപ്പിക്കുമെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ് രാജന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.