കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത നേടാന്‍ കുടുംബശ്രീയുടെ പൊലിവ് പദ്ധതി

Tuesday 5 July 2016 10:57 pm IST

തിരുവനന്തപുരം: ഭക്ഷ്യസ്വാശ്രയത്വം നേടുക, കൃഷിയോടൊപ്പം പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്‌ക്കാരം വളര്‍ത്തുക എന്നിവ ലക്ഷ്യമാക്കി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ സംഘക്കൃഷി നടത്തും. വര്‍ഷം മുഴുവന്‍ സംസ്ഥാനത്തിനാവശ്യമായ പച്ചക്കറി ലഭ്യമാക്കാനാണ് ശ്രമം. അധികമായി ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റഴിക്കും. കൃഷിയോടൊപ്പം ശുദ്ധജലം, മാലിന്യസംസ്‌ക്കരണം, പരിസരശുചിത്വം, നല്ല ജീവിതശൈലി, നല്ല ആരോഗ്യം എന്നിവ അടിസ്ഥാനമാക്കി പഞ്ചശീല കാര്‍ഷിക ആരോഗ്യസംസ്‌ക്കാരം വളര്‍ത്തുക എന്നതാണ് 'പൊലിവ്' എന്ന പേരിലുള്ള പദ്ധതി വഴി ലക്ഷ്യമാക്കുന്നതെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഈ മാസം 9 ന് ഉച്ചയ്ക്ക് 2ന് മലപ്പുറത്ത് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഉദ്പാദിപ്പിക്കുന്നതിനായി കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകള്‍ നിലവില്‍ ഒരു ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയില്‍ കൃഷി നടത്തുന്നുണ്ട്. ഇതു കൂടാതെ ഓരോ അയല്‍ക്കൂട്ടവും രണ്ടു സെന്റ് സ്ഥലത്തും ബാലസഭകള്‍ ഒരു സെന്റ് സ്ഥലത്തും വീതം ചീര, പയര്‍, വഴുതന, മുളക്, വെണ്ട തുടങ്ങിയവ കൃഷി ചെയ്യും. പൂര്‍ണമായും ജൈവക്കൃഷി മാതൃകയിലാകും കൃഷി ചെയ്യുക. ഓണത്തിനു മുന്നോടിയായാണ് പദ്ധതി ആരംഭിക്കുന്നതെങ്കിലും ഇത് ഒരു തുടര്‍പദ്ധതിയായി നടപ്പാക്കും. ഇപ്രാവശ്യം ഓണത്തോടനുബന്ധിച്ച് രണ്ടര ലക്ഷം ടണ്‍ പച്ചക്കറി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റ് ഉദ്പന്നങ്ങളും അതത് പ്രദേശത്തുതന്നെ വിപണനം നടത്തും. മെച്ചപ്പെട്ട വിപണനത്തിനും വരുമാനലഭ്യതയ്ക്കും ഹോര്‍ട്ടികോര്‍പ്, ആത്മ, അര്‍ബന്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സംഘമൈത്രി എന്നിവയുമായി ഫലപ്രദമായ ഏകോപനവും ഉറപ്പാക്കും. കൃഷിയോടൊപ്പം ഫലപ്രദമായ മാലിന്യസംസ്‌കരണം, പ്രാദേശിക ജലസ്രോതസുകളെ സംരക്ഷിച്ച് ഉപയോഗപ്രദമാക്കല്‍ എന്നിവയും ലക്ഷ്യമിടുന്നു. ഇതിനായി വിവിധ വകുപ്പുകളുടെയും സാമൂഹ്യ-പാരിസ്ഥിതിക സംഘനകളുടെയും സഹകരണവും സജീവ പങ്കാളിത്തവും ഉറപ്പാക്കും. പ്‌ളാസ്റ്റിക് വിമുക്ത പരിസ്ഥിതി ഒരുക്കുന്നതിനായി തുണിസഞ്ചി, പേപ്പര്‍ ബാഗ് എന്നിവ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയുള്ള പാരിസ്ഥിതിക-ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൃഷിയോടൊപ്പം നടപ്പാക്കുക. ഇതിന്റെ ഭാഗമായി മണ്ണ്, ജലസ്രോതസുകള്‍, പരിസ്ഥിതി എന്നിവ സംരക്ഷിച്ചുകൊണ്ടുള്ള ഒരു ജൈവകാര്‍ഷിക സാക്ഷരതാ പരിശീലന കളരിയായി അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കും. അയല്‍ക്കൂട്ടതലത്തില്‍ ഫലവൃക്ഷത്തൈ നടീല്‍, കൃഷിയുമായി ബന്ധപ്പെട്ട് വിഷയാധിഷ്ഠിത ചര്‍ച്ചകള്‍, കര്‍മപദ്ധതി രൂപീകരണം എന്നിവയും നടത്തും. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വിപണി വിപുലീകരിക്കുന്നതിനും അയല്‍ക്കൂട്ട-വാര്‍ഡുതല വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടെ കാര്‍ഷികമേളയും കാര്‍ഷികോത്സവവും സംഘടിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.