സാമ്പത്തിക തിരിമറി; കേന്ദ്രീയ വിദ്യാലയത്തില്‍ സിബിഐ റെയ്ഡ്

Tuesday 5 July 2016 11:27 pm IST

കൊച്ചി: കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തില്‍ കഴിഞ്ഞ ദിവസം നടന്ന സിബിഐ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ നിരവധി രേഖകള്‍ സിബിഐ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി സൂചന. വന്‍ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ലഭിച്ച പരാതിയിലാണ് സിബിഐ സംഘം സ്‌കൂള്‍ റെയ്ഡ് ചെയ്തത്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന പരീക്ഷകളുടെ കേന്ദ്രമായ സ്‌കൂളില്‍ ഇതിനായി താത്കാലികമായി നിയോഗിക്കുന്ന എക്‌സാമിനര്‍മാരുടെ പരാതിയിലാണ് ഇപ്പോള്‍ സിബിഐ റെയ്ഡ് നടന്നതെന്നറിയുന്നു. ദീര്‍ഘനാളായി സ്‌കൂളില്‍ നടക്കുന്ന സാമ്പത്തിക തിരിമറികളെക്കുറിച്ച് ഉന്നതര്‍ക്ക് പലവട്ടം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. സ്‌കൂള്‍ അധികൃതരുടെ ഉന്നതങ്ങളിലെ ബന്ധമായിരുന്നു അന്വേഷണങ്ങളെല്ലാം അട്ടിമറിക്കാന്‍ കാരണമെന്ന് ആക്ഷേപം. രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനം എല്ലാ പരാതികളും അട്ടിമറിക്കാന്‍ അധികൃതര്‍ സമര്‍ത്ഥമായി വിനിയോഗിക്കുകയായിരുന്നു. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ രണ്ടായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വിവിധ ഇനങ്ങളില്‍ ചെലവഴിക്കേണ്ട പണം തിരിമറി ചെയ്തുവരികയാണെന്ന ആക്ഷേപം ദീര്‍ഘകാലമായി നിലനില്‍ക്കുന്നു. സ്‌കൂള്‍ മെയിന്റനന്‍സ് ഫണ്ട്, വിദ്യാര്‍ത്ഥികളുടെ ഫീസ് എന്നിവയാണ് വിദ്യാലയത്തിന്റെ സാമ്പത്തിക സ്രോതസ്സ്. ഇതില്‍ കൃത്രിമം നടന്നതായാണ് ആക്ഷേപം. അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കുന്ന കരാറുകാരനില്‍ നിന്ന് പണമായും മറ്റ് സേവനങ്ങളായും 'കമ്മീഷന്‍' പറ്റിയതായും പരാതിയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സ്‌കൂളില്‍ നടന്ന എല്ലാ കരാര്‍ പണികളും നിര്‍മാണ പ്രക്രിയകളും സമഗ്രമായി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സിബിഐയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. യഥാര്‍ത്ഥ ചെലവിനെക്കാള്‍ കൂടിയ തുക കാണിച്ച് പണം വകമാറ്റുക, ചെയ്യാത്ത ജോലികള്‍ ചെയ്തതായി കാണിച്ച് പണം തട്ടുക എന്നിവയും സ്‌കൂളില്‍ നടന്നുവന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ചാല്‍ ഉത്തരേന്ത്യയിലേക്ക് സ്ഥലം മാറ്റപ്പെടാം എന്ന ഭീതിയില്‍ എല്ലാവരും ഇതിനെതിരെ കണ്ണടച്ചു. വിദ്യാര്‍ത്ഥികളെ ക്യാമ്പുകള്‍ക്കും മറ്റ് ശാസ്ത്രമേളകള്‍ക്കും കൊണ്ടുപോകുന്നതിനായുള്ള തനത് ഫണ്ടുകള്‍ നല്‍കാതെ ബന്ധപ്പെട്ട അധ്യാപകരെക്കൊണ്ട് ഇതിനുള്ള ചെലവ് വഹിപ്പിക്കുകയും ഇവിടത്തെ രീതി. ഈ ഫണ്ടുകള്‍ വഴിമാറ്റി ചെലവിടുകയും വ്യാജ വൗച്ചറുകള്‍ വഴി തട്ടുകയും ചെയ്യുന്നതായും പരാതി. കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ അധ്യക്ഷനായുള്ള സ്‌കൂള്‍ പശ്ചിമകൊച്ചിയിലെ ഉന്നത നിലവാരമുള്ള വിദ്യാലയങ്ങളില്‍ ഒന്നാണ്. കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തിന്റെ കീഴില്‍ കേന്ദ്രീയ വിദ്യാലയ സംഘലിന്റെ നിയന്ത്രണത്തിലാണ് വിദ്യാലയം. നല്ല നിലയില്‍ പ്രവര്‍ത്തിക്കേണ്ട ഒരു വിദ്യാലയം അഴിമതിയുടെ അരങ്ങായി മാറുന്നതില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് വന്‍ പ്രതിഷേധമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.