പോലീസ് സേനയ്ക്കകത്ത് പ്രതിഷേധം ശക്തം

Tuesday 5 July 2016 11:45 pm IST

കണ്ണൂര്‍: ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ചുമതല വഹിച്ച എസ്‌ഐമാരുള്‍പ്പെടെയുളള പോലീസ് ഉദ്യോഗസ്ഥരെ ദൂര സ്ഥലങ്ങളിലേക്ക് മാറ്റുന്ന ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ പോലീസ് സേനയ്ക്കകത്ത് പ്രതിഷേധം ശക്തം. കണ്ണൂരിലുള്ളവരെ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം റേഞ്ചുകളിലേക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലം മാറ്റിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇല്ലാത്ത രീതിയിലാണ് സ്ഥലം മാറ്റം എന്നാണ് പരാതി. സ്ഥലം മാറ്റിയവര്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായ ഉദ്യോഗസ്ഥരാണെന്നുളളതാണ് ഇത്രയും ദൂരേക്ക് ഇവരെ മാറ്റാന്‍ വഴിയൊരുക്കിയത്. കഴിഞ്ഞ 5 വര്‍ഷക്കാലം സിപിഎം പ്രവര്‍ത്തകരെ അക്രമക്കേസുകളില്‍ ഉള്‍പ്പെടെ അറസ്റ്റു ചെയ്യുകയും ജയിലിലടക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരേയാണ് സ്ഥലം മാറ്റിയതെന്നാണ് ആരോപണം. അധ്യയന വര്‍ഷം ആരംഭിച്ച് ഒരു മാസം മാത്രം പിന്നിടുമ്പോള്‍ നടത്തിയ സ്ഥലം മാറ്റം പോലീസ് ഉദ്യോഗസ്ഥരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. മക്കളുടെ പഠന സംബന്ധമായി നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുമെന്നതിനാല്‍ മാറ്റം ലഭിച്ച സ്ഥലങ്ങളിലേക്ക് പെട്ടെന്ന് കുടുംബ സമേതം പോവാന്‍ സാധിക്കാത്ത സ്ഥിതിയാലാണ് മിക്ക ഉദ്യോഗസ്ഥരും. കണ്ണൂര്‍ ട്രാഫിക് എസ്‌ഐ കെ.സുധാകരനെയും കതിരൂര്‍ എസ്‌ഐ സുരേന്ദ്രന്‍ കല്യാടനെയും തിരുവനന്തപുരം റേഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. തലശേരി എസ്‌ഐ ഷാജു, കൊളവല്ലൂര്‍ എസ്‌ഐ ഇ.കെ ഷിജു എന്നിവരെ എറണാകുളം റേഞ്ചിലേക്കും കണ്ണൂര്‍ ടൗണ്‍ എസ്.ഐ സിബീഷ്, ആറളം എസ്‌ഐ കെ.എസ് സുശാന്ത്, തലശേരി എസ്‌ഐ സി.കെ കൃഷ്ണകുമാര്‍, കണ്ണൂര്‍ ടൗണ്‍ അഡീഷണല്‍ എസ്‌ഐ ഉണ്ണികൃഷ്ണന്‍ എന്നിവരെ തൃശൂര്‍ റേഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 54 ഓളം എസ്‌ഐ മാരുള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. തലശേരി കുട്ടിമാക്കൂലില്‍ ദളിത് യുവതികളെ പരസ്യമായി ആക്ഷേപിച്ചതിന്റെ പേരില്‍ സിപിഎമ്മിന്റെ എംഎല്‍എക്കും വനിതാ നേതാവിനുമെതിരെ കേസെടുത്തതുള്‍പ്പെടെയുളള സംഭവങ്ങളാണ് തലശേരി എസ്‌ഐയെ മാറ്റാന്‍ കാരണമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ കെ.കെ.ശൈലജ വിജയിച്ചതിനെ തുടര്‍ന്ന് ആഹ്‌ളാദ പ്രകടനം നടത്തിയവര്‍ മിനിലോറിയില്‍ മടങ്ങുമ്പോള്‍ അവരെ കൊളവല്ലൂര്‍ എസ്‌ഐ ഇ.കെ.ഷിജു ഇറക്കിവിട്ടതാണ് ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തില്‍ കലാശിച്ചതെന്നാണ് സൂചന. അധികം ആളുകളെ കുത്തിനിറച്ച് മിനിലോറിയില്‍ കൊണ്ടുപോകുന്നതിനെ എസ്.ഐ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ രണ്ടു പേരെ അറസ്റ്റും ചെയ്തിരുന്നു. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എ സരളയുടെ കാര്‍ തടഞ്ഞ് പിഴയീടാക്കിയതും മാധ്യമപ്രവര്‍ത്തകരെ അന്യായമായി തടഞ്ഞുവെച്ച സംഭവവുമാണ് കണ്ണൂര്‍ ട്രാഫിക് എസ്.ഐയായ സുധാകരന് വിനയായത്. മയ്യില്‍ എസ്‌ഐയായിരിക്കെ സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരിലാണ് കതിരൂര്‍ എസ്‌ഐ സുരേന്ദ്രന്‍ കല്യാടനെ തിരുവനന്തപുരം റെയിഞ്ചിലേക്ക് സ്ഥലം മാറ്റിയത്. ഭരണമാറ്റത്തിന് പിന്നാലെ പോലീസിന്റെ തലപ്പത്ത് വ്യാപകമായ അഴിച്ചുപണി നടത്തിയിരുന്നു. അതിന് പിറകെയാണ് വ്യാപകമായ സ്ഥലംമാറ്റം. വരും ദിവസങ്ങളില്‍ സിപിഎമ്മിന് അനഭിമതരായ കൂടുതല്‍ എസ്‌ഐമാരേയും സിഐ,ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥരേയും സിവില്‍ പോലീസ് ഓഫീസര്‍മാരേയും സ്ഥലമാറ്റുമെന്നാണ് സൂചന. ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ സേനയ്ക്കകത്ത് പ്രതിഷേധം ശക്തമാണെങ്കിലും ഭയം കാരണം പല ഉദ്യോഗസ്ഥരും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവാത്ത സ്ഥിതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.