ബാലവേല: റെയ്ഡിനും കര്‍ശന നടപടിക്കും നിര്‍ദ്ദേശം

Tuesday 5 July 2016 11:48 pm IST

കണ്ണൂര്‍: ജില്ലയിലെ ബാലവേല അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ക്ക് ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിലവില്‍ ആരെങ്കിലും 14 വയസിന് താഴെയുളള കുട്ടികളെ വീടുകളിലും മറ്റും ജോലിക്ക് നിര്‍ത്തിയിട്ടുണ്ടെങ്കില്‍ 10 ദിവസത്തിനകം രക്ഷിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കണം. 15 മുതല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെയും പൊലീസിന്റെയും സംയുക്ത സംഘം ശക്തമായ റെയ്ഡുകള്‍ ആരംഭിക്കും. ഇത്തരം കേസുകളില്‍ ഉടമസ്ഥര്‍ക്കെതിരെ ബാലവേല നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കും. എവിടെയെങ്കിലും ബാലവേല ശ്രദ്ധയില്‍പെട്ടാല്‍ ചൈല്‍ഡ് ലൈനിന്റെ നമ്പറായ 1098 (ടോള്‍ഫ്രീ) പോലീസിന്റെ ക്രൈം സ്റ്റോപ്പര്‍ നമ്പര്‍ 1090 എന്നിവയില്‍ വിളിച്ച് അറിയിക്കാവുന്നതാണ്. ബാലവേല നടക്കുന്ന വീടിന്റെ കൃത്യമായ മേല്‍വിലാസം അറിയിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദിന്‍ എന്നിവര്‍ അറിയിച്ചു. ജില്ലയില്‍ ബാലവേല കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടികള്‍. ജൂണില്‍ ഇത്തരം 15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഏജന്റുമാര്‍ വഴിയും രക്ഷിതാക്കള്‍ വഴിയും കുട്ടികളെ വീട്ടുജോലിക്കായി എത്തിക്കുന്നതായാണ് കണ്ടെത്തിയിട്ടുളളത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ കര്‍ശന നിയമ നടപടി സ്വീകരിച്ചതായി എസ്പി അറിയിച്ചു. ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ചിട്ടുളള ഈ കുട്ടികളെ അതത് ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി വഴി രക്ഷിതാക്കള്‍ക്ക് കൈമാറാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ എത്തിക്കുന്ന ഏജന്റുമാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ബാലവേല സംബന്ധിച്ച് ജില്ലയിലെ പൊലീസ് സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണ, പരിശീലന പരിപാടികളും സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ടി.എ .മാത്യു, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി എം.പി.ജയരാജ്, ജില്ലാ ലേബര്‍ ഓഫീസര്‍(ജനറല്‍) കെ .എം.അജയ കുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ബേബി കാസ്‌ട്രോ, ഡിവൈഎസ്പി പി. സുകുമാരന്‍ തുടങ്ങിയവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.