ഡൊണാള്‍ഡ് ട്രംപ് എന്തുകൊണ്ട് ജയിക്കണം?

Thursday 7 July 2016 8:36 pm IST

വരുന്ന നവംബര്‍ മാസത്തില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണും തമ്മിലായിരിക്കും മത്സരമെന്ന് ഏതാണ്ടുറപ്പായിരിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ പ്രൈമറി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മുഴുവന്‍ വരുന്നതിന് മുന്‍പു തന്നെ പാര്‍ട്ടി ദേശീയ സമിതി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം പാര്‍ട്ടി മെമ്പര്‍ഷിപ്പെടുത്ത ന്യൂയോര്‍ക്കുകാരനായ ട്രംപ് ശതകോടീശ്വരനായ വ്യവസായി മാത്രമായിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാനുള്ള മത്സരത്തിനിടയില്‍ പാര്‍ട്ടിയിലെ തഴക്കവും പഴക്കവും ചെന്ന 16 ഓളം നേതാക്കളെയാണ് ട്രംപ് വെട്ടിവീഴ്ത്തിയത്. 2016 ഫെബ്രുവരിയില്‍ അയോവ സംസ്ഥാനത്ത് നിന്നാരംഭിച്ച് 2016 ജൂണ്‍ 15 ന് വാഷിംഗ്ടണ്‍ സംസ്ഥാനത്തവസാനിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിര്‍ണയ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ വേണ്ട 2388 പേരുടെ പിന്തുണക്ക് പകരം 2800 പേരുടെ പിന്തുണ നേടാന്‍ ഹിലാരി ക്ലിന്റന് കഴിഞ്ഞു. രണ്ടാംസ്ഥാനക്കാരനായ ബേണി സാന്‍ഡേഴ്‌സണ്‍ 1832 പേരുടെ പിന്തുണയേ നേടിയിട്ടുള്ളൂവെങ്കിലും ജൂലായ് അവസാനം നടക്കുന്ന സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണയില്‍ കണ്ണുംനട്ട് മത്സരത്തില്‍നിന്ന് പിന്മാറിയിട്ടില്ല. ജൂലായ് അവസാനം നടക്കുന്ന പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനില്‍ പ്രഖ്യാപനം നടക്കും. നിലവിലുള്ള പ്രസിഡന്റ് ഒബാമയുടെ പിന്തുണയാര്‍ജിക്കാന്‍ കഴിഞ്ഞതിനാല്‍ ഹിലരി തന്നെയാവും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയെന്നുറപ്പിക്കാം. ഒബാമയില്‍നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലാത്ത നയം പിന്തുടരാന്‍ മാത്രം കഴിയുന്ന ഹിലാരി അമേരിക്കന്‍ പ്രസിഡന്റാവുന്നതുകൊണ്ട് അമേരിക്കന്‍ നയത്തില്‍ കാതലായ യാതൊരു മാറ്റവും പ്രതീക്ഷിക്കാവതല്ല. പാക്കിസ്ഥാന്‍ ലോകഭീകര പ്രവര്‍ത്തനത്തിന്റെ പ്രഭവകേന്ദ്രമാണെന്നറിഞ്ഞിട്ടും ചില ഉപദേശങ്ങള്‍ നല്‍കാന്‍ മാത്രമേ ഒബാമ ഭരണകൂടം തയ്യാറാവുന്നുള്ളൂ. ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനത്തിന് തടയിടാന്‍ പാക്കിസ്ഥാനെ മൃദുവായി ഉപദേശിക്കുമ്പോള്‍ പോലും പാക്കിസ്ഥാനുള്ള സൈനിക സാമ്പത്തിക സഹായം നിര്‍ത്താന്‍ അമേരിക്കന്‍ ഭരണകൂടം തയ്യാറല്ല. കശ്മീരില്‍ നിരന്തരം നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനത്തിനുപുറമെ മുംബൈ ആക്രമണത്തിലും പത്താന്‍കോട്ട് ഭാരത സൈനികത്താവളാക്രമണത്തിലുമൊക്കെ പാക്കിസ്ഥാന്റെ നേതൃത്വവും പിന്തുണയും ബോധ്യപ്പെട്ടിട്ടും കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാക്കിസ്ഥാന് എഫ് 16 യുദ്ധവിമാനങ്ങളും വൈപ്പര്‍ ഹെലികോപ്റ്ററുകളും നല്‍കാന്‍ ഒബാമ ഭരണകൂടം തീരുമാനിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. പാക്കിസ്ഥാന്‍ എഫ് 16 യുദ്ധവിമാനങ്ങള്‍ നല്‍കരുതെന്ന ഭാരതത്തിന്റെ കടുത്ത അഭ്യര്‍ത്ഥന മാനിക്കാതെയാണ് ഒബാമ ഭരണകൂടം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ ചൈനയുടെ പിടിയില്‍ അകപ്പെടുന്നത് തടയാനാണ് അമേരിക്കയുടെ ഈ അതിസാഹസമെങ്കിലും ഭാരതം പാക്കിസ്ഥാന്റെ അയല്‍രാഷ്ട്രമാണെന്ന യാഥാര്‍ത്ഥ്യം അമേരിക്ക മറന്നുപോവുകയാണ്. ഭീകരവാദത്തെ നേരിടാനാണെന്ന വ്യാജേന പാക്കിസ്ഥാന് കൊടുക്കുന്ന ആയുധങ്ങളത്രയും പാക്കിസ്ഥാന്‍ ഭാരതത്തിന് നേരെയാവും പ്രയോഗിക്കുകയെന്ന് കഴിഞ്ഞകാല ചരിത്രത്തില്‍നിന്നും അമേരിക്കക്കറിയാത്തതല്ല. ആണവ ശക്തിയായി വളര്‍ന്നുവരുന്ന ഉത്തരകൊറിയയെ സഹായിക്കുന്നത് പാക്കിസ്ഥാനാണെന്നറിഞ്ഞിട്ടും അമേരിക്ക അതൊക്കെ മറക്കുകയാണ്. ചൈനയുടെ ലോകമേധാവിത്വത്തിനുള്ള ശ്രമത്തേയും അമേരിക്കന്‍ ഭരണകൂടം വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. ചൈന, പാക്കിസ്ഥാന്‍, ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്നു കാണാന്‍ ഇതുവരെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെയാണ് വിവാദനായകനായ ഡൊണാള്‍ഡ് ട്രംപ് വ്യത്യസ്തനാവുന്നത്. മുസ്ലിങ്ങളുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയണമെന്നും മെക്‌സിക്കോവില്‍ക്കൂടിയുള്ള കടന്നുകയറ്റം ചെറുക്കാന്‍ അമേരിക്കയെ മെക്‌സിക്കോയുമായി വേര്‍തിരിക്കുന്ന ഭാഗത്ത് മതില്‍ നിര്‍മിക്കണമെന്നും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയിലേക്ക് കടന്നുവരുന്ന മുസ്ലിം കുടിയേറ്റക്കാരില്‍ ഭീകരവാദികളുണ്ടെന്നതാണ് ഇങ്ങനെ പറയാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. സമീപകാല ചരിത്രത്തില്‍ അമേരിക്ക നേരിട്ട ഭീകരാക്രണങ്ങളാണ് അത്തരമൊരു പ്രഖ്യാപനം നടത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്ന യാഥാര്‍ത്ഥ്യം ട്രംപിന്റെ വിമര്‍ശകര്‍ കാണുന്നില്ല. 2001 സെപ്തംബര്‍ 11 ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന വിമാനാക്രമത്തില്‍ 2967 പേരാണ് മരണമടഞ്ഞത്. ട്രംപിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ട്രംപ് ആശങ്കപ്പെടുന്ന ഭീകരവാദം യാഥാര്‍ത്ഥ്യമാണ്. ഒര്‍ലാന്‍ഡ് നിശാക്ലബില്‍ 50 പേരുടെ മരണത്തിനിടയാക്കിയ ജൂണ്‍ 13 ലെ വെടിവെപ്പ് നടത്തിയത് അഫ്ഗാനിസ്ഥാനില്‍നിന്നും കുടിയേറിയ മുസ്ലിം ദമ്പതികളുടെ മകനായ സാദിഖ് മതിനെന്ന ചെറുപ്പക്കാരനാണ്. അടുത്തിടെ ഫ്രാന്‍സിലും ജര്‍മനിയിലും ബല്‍ജിയത്തിലും നടന്ന ഭീകരാക്രമണങ്ങള്‍ ട്രംപിന്റെ ആശങ്ക അസ്ഥാനത്തല്ലെന്നാണ് കാണിക്കുന്നത്. ലോകത്താകെ പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനിലും ഇറാക്കിലുമൊക്കെ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങള്‍ ലോകത്തെ മുസ്ലിങ്ങളില്‍ അമേരിക്കക്കെതിരായ പകയുണ്ടാക്കിയിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. ഭീകരാക്രമണങ്ങളെ ഇസ്ലാം മതവുമായി കൂട്ടികെട്ടരുതെന്ന വാദം വെറും പൊള്ളയാണെന്നാണ് ലോക യാഥാര്‍ത്ഥ്യം. ലോകത്ത ഏതെങ്കിലും ഒരു സമൂഹത്തിനെതിരെയോ രാജ്യത്തിനെതിരേയൊ മാത്രമല്ല മുസ്ലിം ഭീകരവാദം ലക്ഷ്യമിടുന്നത്. കമ്മ്യൂണിസം നിലനില്‍ക്കുന്നെന്ന് പറയുന്ന ചൈനയിലും മുസ്ലിം രാജാക്കന്മാര്‍ ഭരിക്കുന്ന, ശരിയത്ത് പ്രകാരം ഭരണം നടക്കുന്ന സൗദി അറേബ്യയിലും മുസ്ലിം ഭീകരവാദം യാഥാര്‍ത്ഥ്യമാണ്. ലോകത്താകെ ഇസ്ലാമിക ഭരണത്തിന്‍ കീഴിലാക്കുകയെന്ന ഭീകരവാദികളുടെ സ്വപ്‌നം ഓരോ യാഥാസ്ഥിതിക മുസ്ലിമിന്റെ മനസ്സിലുമുള്ള സ്വപ്‌നമാണ്. ഭാരതത്തില്‍നിന്നും ബ്രിട്ടനില്‍ നിന്നുമൊക്കെ ഐഎസ്, അല്‍ഖ്വയ്ദ മുതലായ ഭീകരവാദ സംഘടനകളിലേക്ക് മുസ്ലിം യുവാക്കള്‍ കടന്നുചെല്ലുന്നത് ഇതുകൊണ്ടാണ്. ലോകം മുസ്ലിം ഭീകരവാദത്തെ ശരിയായ രീതിയിലല്ല വിലയിരുത്തുന്നതെന്നാണ് ക്രമാനുഗതമായ അതിന്റെ വളര്‍ച്ച കാണിക്കുന്നത്. ലോകത്താകെ നടക്കുന്ന മദ്രസാ പഠനമാണ് മുസ്ലിമിനെ ഇതര ജനവിഭാഗങ്ങളില്‍നിന്നും വ്യത്യസ്തരാക്കുന്നത്. തങ്ങളല്ലാതെ മറ്റാരും യഥാര്‍ത്ഥ വിശ്വാസികളോ ദൈവകാരുണ്യത്തിനവകാശികളോ അല്ലെന്ന 'തിരിച്ചറിവ്' ഓരോ മുസ്ലിമിനും നല്‍കുന്നത് മദ്രസ വിദ്യാഭ്യാസമാണ്. ഈ വസ്തുത മനസ്സിലാക്കാതെയാണ് ലോകം മുസ്ലിം ഭീകരവാദത്തെ സമീപിക്കുന്നത്. ഇതിനൊരു മാറ്റം ട്രംപില്‍നിന്നും പ്രതീക്ഷിക്കാം. ഇസ്ലാമിക ഭീകരവാദത്തിനെതിരെ മാത്രമല്ല ചൈനീസ് മേധാവിത്വ ശ്രമത്തിനെതിരെയും ട്രംപിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അധികാരത്തില്‍ വന്നാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം വരെ തീരുവ ചുമത്തുമെന്നാണ് ട്രംപ് പറയുന്നത്. ചൈന അമേരിക്കക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ചൈനയേയും ജപ്പാനെയും മെക്‌സിക്കോയേയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഹിലാരിക്ക് കരുത്തില്ലെന്നാണ് ട്രംപ് പറയുന്നത്. ചൈന ഭാരതത്തിനെതിരെ നടത്തുന്ന കൈയേറ്റ ശ്രമങ്ങള്‍ നമുക്കറിവുള്ളതാണ്. എന്‍എസ്ജി (ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പ്)യിലേക്കുള്ള ഭാരതത്തിന്റെ പ്രവേശനം തടഞ്ഞത് ചൈനയാണ്. 38 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ ഒമ്പത് പേരെക്കൂടി തങ്ങളോടൊപ്പം ചേര്‍ത്ത് ഭാരതത്തിനെതിരെ സംസാരിപ്പിച്ചത് ചൈനയാണ്. എന്‍പിടി(നോണ്‍ പ്രോലിഫറേഷന്‍ ട്രീറ്റി)യില്‍ ഒപ്പിടാത്തവര്‍ക്ക് എന്‍എസ്ജി പ്രവേശനം നല്‍കരുതെന്ന് വാദിക്കുന്ന ചൈനയും പാക്കിസ്ഥാനും ആണവ ഉപകരണങ്ങളും സാങ്കേതിക വിദ്യയും കൈമാറ്റം ചെയ്യുന്നതില്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ എന്‍ടിപി പ്രകാരം യാതൊരു നടപടിയുമെടുക്കാന്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് കഴിയുന്നില്ലയെന്നതൊരു വസ്തുതയാണ്. അമേരിക്കന്‍ നേതൃത്വത്തിന്റെ കഴിവില്ലായ്മയാണിവിടെ പ്രകടമാവുന്നത്. ഇതിനൊരു മാറ്റം വരാന്‍ ട്രംപിനെ പോലൊരാള്‍ അമേരിക്കന്‍ പ്രസിഡന്റായേ പറ്റൂ. ചൈന, പാക്കിസ്ഥാന്‍, ഉത്തരകൊറിയ എന്നീ മൂന്ന് രാഷ്ട്രങ്ങളും ജനാധിപത്യത്തിലും സമാധാനത്തിലും വിശ്വാസമില്ലാത്തവരാണ്. ഇവരുടെ വളര്‍ച്ചയും നിയമലംഘനവും തടയാന്‍ കരുത്തനായൊരു നേതാവ് അമേരിക്കന്‍ പ്രസിഡന്റാവേണ്ടത് അത്യാവശ്യമാണ്. ഡൊണാള്‍ഡ് ട്രംപ് നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് അമേരിക്കക്കും ലോകത്തിനും അത്യാവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.