മാരകരോഗങ്ങള്‍ മടങ്ങിവരുമ്പോള്‍

Thursday 7 July 2016 8:42 pm IST

ആരോഗ്യ കേരളം ഇന്ന് അനാരോഗ്യ കേരളമായത് ശുചിത്വത്തിന് കേള്‍വികേട്ട മലയാളികള്‍ ശുചിത്വമില്ലായ്മയുടെ പ്രയോക്താക്കളായി മാറിയതോടെയാണ്. കേരളത്തില്‍ വരുന്ന വിദേശ സഞ്ചാരികള്‍ പോലും പ്രകീര്‍ത്തിച്ചിരുന്നത് മലയാളിയുടെ രണ്ടുനേരമുള്ള സ്‌നാനവും വൃത്തിയുള്ള വസ്ത്രധാരണവും വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതുമൊക്കെയായിരുന്നു. അതെല്ലാം ഇന്ന് പഴങ്കഥ. ഇന്ന് കേരളം മാലിന്യ കൂമ്പാരമാവുകയും കൊതുകുകളുടെ പ്രജനന കേന്ദ്രമായിത്തീരുകയും ചെയ്തതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് നമുക്ക് ഒഴിഞ്ഞുമാറാനാകില്ല. മാലിന്യങ്ങള്‍-കക്കൂസ് മാലിന്യം ഉള്‍പ്പെടെ പുഴകളില്‍ പോലും തള്ളുന്ന അധമസംസ്‌കാരമാണ് ഇന്ന് മലയാളികള്‍ കാഴ്ചവെക്കുന്നത്. റോഡ് വക്കിലും കനാലുകളിലും ഓടകളിലുമെല്ലാം മാലിന്യം നിക്ഷേപിക്കുമ്പോള്‍ ഒഴുക്ക് തടഞ്ഞ്, വെള്ളം കെട്ടിക്കിടന്ന് അവിടെ കൊതുകുകള്‍ വളരുമെന്നും രോഗങ്ങള്‍ വ്യാപിക്കുമെന്നും അഭ്യസ്തവിദ്യരെന്നുദ്‌ഘോഷിക്കുന്ന മലയാളിയ്ക്കറിയാതിരിക്കുമോ? ശാരീരിക ശുചിത്വംപോലെതന്നെ അത്യന്താപേക്ഷിതമാണ് പരിസരശുചിത്വവും. ഇന്ന് കേരളം ഡെങ്കിപ്പനിയുടെയും ഡിഫ്തീരിയയുടെയും വിഹാരരംഗമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 100 ഡിഫ്തീരിയ കേസുകളാണ് കണ്ടുപിടിക്കപ്പെട്ടത്. കോഴിക്കോട് ജില്ലയില്‍ വ്യാപകമാകുന്ന ഡിഫ്തീരിയ നിയന്ത്രിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അടിയന്തര യോഗം ചേര്‍ന്ന് ജില്ലയില്‍ വ്യാപക ബോധവല്‍ക്കരണം നടത്താനും സൗജന്യമായി പ്രതിരോധ മരുന്ന് വിതരണത്തിനും സംവിധാനങ്ങള്‍ ഒരുക്കാനും തീരുമാനമെടുത്തിരിക്കുകയാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പക്ഷെ ഇന്ന് കേരളത്തില്‍ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നതിനെതിരെയും എതിര്‍പ്പ് ഉയരുന്നുണ്ടത്രെ. ഡിഫ്തീരിയയ്ക്ക് രോഗ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാതിരുന്നതിനാലാണ് രോഗം ഈ രീതിയില്‍ വ്യാപിക്കുന്നത്. ജലത്തില്‍ കൂടിയുള്ള രോഗങ്ങളും ഇവിടെ പടരുന്നുണ്ട്. ഇതിന്റെ പ്രധാന കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത് ശുചിത്വമില്ലായ്മയാണ്. ചിക്കന്‍ഗുനിയ, ഡെങ്കി, മലേറിയ മുതലായ രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകള്‍ പെരുകുന്നത് മാലിന്യ കൂമ്പാരങ്ങളിലാണ്. കോഴിക്കോട് ഇപ്പോള്‍ ഡിഫ്തീരിയ വ്യാപകമാകുന്നതിന്റെ കാരണങ്ങള്‍ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഒരു ഇഎന്‍ടി സ്‌പെഷ്യലിസ്റ്റുള്‍പ്പെടെ 23 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ തേടി. കോഴിക്കോട്ടുനിന്നും സമീപ ജില്ലകളില്‍നിന്നും ഡിഫ്തീരിയ ബാധിച്ചവരില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ചുമ, പനി എന്നിവ ബാധിച്ചാല്‍ തൊണ്ടയില്‍ കാണുന്ന വെളുത്ത പാടാണ് ഡിഫ്തീരിയയുടെ രോഗലക്ഷണം. ഈ രോഗം പടരാതിരിക്കാനുള്ള ഏകമാര്‍ഗം പ്രതിരോധ കുത്തിവെപ്പാണ്. രോഗിയുടെ വീടിന് സമീപത്തെ 100 വീട്ടുകാരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിക്കുന്നു. ഡെങ്കി വളരെ ഗുരുതരമായ ട്രോപ്പിക്കല്‍ രോഗമാണ്, മലേറിയ പോലെ. ലോകത്ത് ഡിഫ്തീരിയ, ഡെങ്കി മുതലായ രോഗങ്ങള്‍ പടരുന്ന ഏഴു രാജ്യങ്ങളിലൊന്നാണ് ഭാരതം. ഡിഫ്തീരിയയും ഡെങ്കിയും ഇവിടെ വ്യാപകമാക്കുന്നത് കൊതുകുകളാണെന്നറിഞ്ഞിട്ടും ഇതിനെതിരെ എന്തുകൊണ്ട് രോഗപ്രതിരോധ കുത്തിവയ്പ്പ് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല? നേരത്തെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ പിന്നെയും ഈ കുത്തിവെപ്പ് എടുക്കേണ്ടത് ഡിഫ്തീരിയയും ഡെങ്കിയും തടയാന്‍ ആവശ്യമാണ്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മുഴുവന്‍പേര്‍ക്കും പ്രതിരോധ മരുന്ന് നല്‍കാനുള്ള നീക്കമാണ്. ഡെങ്കിപ്പനി പോലെ കേരളത്തില്‍നിന്നും അപ്രത്യക്ഷമായ രോഗങ്ങള്‍ പോലും ഇപ്പോള്‍ ഇവിടെ പുനര്‍ജനിക്കുന്നത് ജനങ്ങളുടെ പരിസരശുചിത്വത്തെപ്പറ്റിയുള്ള അവബോധമില്ലായ്മയോ അവഗണനയോ മൂലമാണ് എന്ന് നാം തിരിച്ചറിയേണ്ട ഘട്ടം ആഗതമായിരിക്കുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഈ ഡിഫ്തീരിയയും ഡെങ്കിപ്പനിയും. നേരത്തെ കോതമംഗലത്ത് നിന്ന് മലമ്പനി റിപ്പോര്‍ട്ട് ചെയ്തതും ഇതേ അവഗണന മൂലമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ അഭിരമിച്ച്, സ്വന്തം കുടുംബ ബാധ്യതകള്‍ പോലും മറന്ന് സ്വയം സൃഷ്ടിച്ചെടുത്ത മായിക ലോകത്ത് വിഹരിക്കുന്നവരായി ഇന്ന് മലയാളി മാറിയപ്പോള്‍ അപ്രത്യക്ഷമായിയെന്ന് കരുതിയിരുന്ന മാരകമായ രോഗങ്ങള്‍ പുനര്‍ജനിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.