നടുക്കണ്ടത്ത് വീട് കുത്തിത്തുറന്ന് 3 ലക്ഷം കവര്‍ന്നു

Thursday 7 July 2016 9:10 pm IST

തൊടുപുഴ:  തൊടുപുഴ നടുക്കണ്ടത്ത് വീട് കുത്തിത്തുറന്ന് മൂന്ന് ലക്ഷം രൂപ കവര്‍ന്നു. ഇല്ലികുന്നുംപുറത്ത് ജമിനി ടൂറിസ്റ്റ് ഹോം  ഉടമ ജോസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോസും കുടുംബവും കഴിഞ്ഞ ഒന്നാം തിയതി വീട് പൂട്ടിയിട്ട് ചിറ്റൂരില്‍ ധ്യാനം കൂടാന്‍ പോയതായിരുന്നു. ആറാം തിയതി വൈകിട്ട് ഇവര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ആറിയുന്നത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. തൊടുപുഴ സി.ഐ ഷാജു കരിങ്കുന്നം എസ്.ഐ ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ ഒരു ഭാഗത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.പിന്നീട് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു. വീടിനുള്ളില്‍ വച്ച് മോഷ്ടാക്കള്‍ മദ്യപിച്ചിരുന്നു. മദ്യക്കുപ്പികള്‍ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. മദ്യക്കുപ്പിയില്‍ നിന്നും അലമാരയില്‍ നിന്നും വിരലയാളം ലഭിച്ചിട്ടുണ്ടെന്ന് കരിങ്കുന്നം എസ്.ഐ അറിയിച്ചു. ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ജോസും കുടുംബവും വീട്ടിലില്ലെന്ന് അറിയാവുന്നവരാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. ഇത് സംബന്ധിച്ചാണ് അന്വേഷണം മുന്നേറുന്നത്. ജോസിന്റെ വീടിന് സമീപത്ത് മറ്റ് വീടുകള്‍ ഇല്ലാത്തത് മോഷ്ടാക്കള്‍ക്ക് സൗകര്യമായി. റോഡിന് എതിര്‍ വശത്ത് മാത്രമാണ് ഒരു വീട് ഉള്ളത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന കാമറയും കവര്‍ന്നു. തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടുക്കണ്ടത്തിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബൈക്ക് വച്ചിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബൈക്ക് സാറ്റാര്‍ട്ടാകാത്തതിനാല്‍ വഴിവക്കില്‍ തന്നെ വയ്ക്കുകയായിരുന്നു. ഇപ്പോള്‍ ബൈക്ക് കാണാതായിരിക്കുകയാണ്. മോഷണ സംഘത്തിന് ബൈക്കുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.