ആന ഇടഞ്ഞോടി; മൂന്ന് വാഹനങ്ങള്‍ തകര്‍ത്തു

Thursday 7 July 2016 9:48 pm IST

വാഴൂര്‍: കൊടുങ്ങൂരിനു സമീപം തേക്കാനത്ത് ആന ഇടഞ്ഞു. മണിക്കൂറുകളോളം നാടിനെ പരിഭ്രാന്തിയിലാക്കിയ ആന ഓട്ടത്തിനിടയില്‍ മൂന്ന് വാഹനങ്ങള്‍ തകര്‍ത്തു. രണ്ട് ഓട്ടോറിക്ഷയും സ്‌കൂട്ടറുമാണ് കൊമ്പന്‍ തകര്‍ത്തത്. വ്യാഴാഴ്ച രാവിലെ എഴരയോടെ ഇടഞ്ഞ ആനയെ ഉച്ചയ്ക്ക് ഒന്നരയോടെ മയക്കുവെടി വച്ചു തളച്ചു. വാഴൂര്‍ കല്ലൂര്‍ത്താഴെ രാജേന്ദ്രന്റെ സുന്ദര്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇടഞ്ഞോടിയ ആന പുറത്തിരുന്ന പാപ്പാന്‍ സജിയെ കുടഞ്ഞു താഴെയിട്ടു. നിസാര പരിക്കേറ്റ പാപ്പാനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന ആദ്യം തേക്കാനത്ത് ഓട്ടോ കുത്തിമറിച്ചിട്ടതിനു ശേഷം ഉടമസ്ഥന്റെ പുരയിടത്തില്‍ മണിക്കൂറുകളോളം നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ ആനയെ തളയ്ക്കുവാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇവിടെ നിന്നും ഇറങ്ങിയോടിയ ആന വാഴൂര്‍ എസ്‌വിആര്‍ എന്‍എസ്എസ് കോളജ് പരിസരത്ത് എത്തി. ഈ ഓട്ടത്തിനിടെ മറ്റൊരു ഓട്ടോറിക്ഷയും സ്‌കൂട്ടറും ആന കുത്തിമറിച്ചു. ഇതു രണ്ടാം തവണയാണ് സുന്ദര്‍ നാട്ടില്‍ പരിഭ്രാന്തി പരത്തുന്നത്. പള്ളിക്കത്തോട് പോലീസും മയക്കുവെടി വിദഗ്ധരും സ്ഥലത്തെത്തി. ആനയെ വെടിവെച്ചുവെങ്കിലും അര മണിക്കൂറിനു ശേഷമാണ് ആനയെ തളക്കാനായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.