പരിയാരം മെഡിക്കല്‍ കോളേജ് എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളിക്കെതിരെ പ്രക്ഷോഭ സമിതി സമരത്തിലേക്ക്

Thursday 7 July 2016 10:27 pm IST

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അവ്യക്തത നീക്കി കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭ സമിതി ശക്തമായ സമരത്തിനൊരുങ്ങുന്നു. കോളേജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒത്തുകളിക്കുയാണെന്നാണ് പ്രക്ഷോഭസമിതി ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. മെഡിക്കല്‍ കോളേജ് സമയബന്ധിതമായി ഏറ്റെടുക്കുമെന്ന് നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ചുകൊണ്ട് ഏറ്റെടുക്കല്‍ വൈകിപ്പിക്കുന്നത് കോടതിയലക്ഷ്യമാണെന്ന് പ്രക്ഷോഭ സമിതിക്കാര്‍ പറയുന്നു. 2014 ഫെബ്രുവരി ഇരുപത്തിനാലിനാണ് യുഡിഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോടതിയില്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഒരു കേസ് നിലവിലുണ്ടെന്നും ഏറ്റെടുക്കലിന് ഇത് തടസ്സമാണെന്നുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡോ.അജിത് നല്‍കിയ പരാതിയാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 2016 ഏപ്രില്‍ 6 ന് പരാതിയില്‍ തീര്‍പ്പായിരുന്നു. തുടര്‍ന്ന് അന്തിമതീരുമാനം ഉടനെ സ്വീകരിക്കുമെന്ന് സര്‍ക്കര്‍ കോടതിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് പ്രസ്താവന ഇറക്കിയെങ്കിലും കേവലം പ്രഖ്യാപനം വന്നെങ്കിലും പ്രയോഗികമായ നടപടികളുണ്ടായില്ല. കോളേജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം അറിയിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭസമിതി 2015 ഡിസംബറില്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാല്‍ രണ്ട് മാസമായിട്ടും കത്തിന് മറുപടി ലഭിക്കാത്തതിനാല്‍ 2016 ഫെബ്രുവരിയില്‍ സമിതി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ നിലപാടറിയിക്കണമെന്ന് കോടതി ചീഫ്‌സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് മാസമായിട്ടും ഇക്കാര്യത്തില്‍ മറുപടി നല്‍കാത്തതിനാല്‍ പ്രക്ഷോഭ സമിതി കോടതിയലക്ഷ്യം ഫയല്‍ ചെയ്തു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും കൂടുതല്‍ സമയം ആവശ്യപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത് കോളേജ് ഏറ്റെടുക്കുന്നതില്‍ നിയമപരവും, സാമ്പത്തികവുമായ പ്രശ്‌നങ്ങളുണ്ടെന്നും കൂടുതല്‍ സമയം വേണമെന്നുമാണ്. സര്‍ക്കാര്‍ സ്ഥലത്ത് സഹകരണ മേഖലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് നിലനിര്‍ത്തുന്നത് തന്നെ ഏറെ സാങ്കതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. സാങ്കേതികമായി പൊതുസ്വത്ത് കൊള്ളയടിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നേരത്തെ മെഡിക്കല്‍ കോളേജിന് 125 ഏക്കര്‍ സ്ഥലം നല്‍കിയിരുന്നു. എന്നാല്‍ സ്വകാര്യ ആവശ്യത്തിന് സ്ഥലം ഉപയോഗിക്കരുതെന്ന നിബന്ധനയോടെയാണ് സാമുവല്‍ ആറോണ്‍ ഈ സ്ഥലം സര്‍ക്കാരിന് നല്‍കിയത്. ഇത് ചൂണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി വിധി വന്നതിനാല്‍ ആശുപത്രി നില്‍ക്കുന്ന സ്ഥലത്തിന് പരിയാരം മെഡിക്കല്‍ കോളേജ് സൊസൈറ്റിയില്‍ നിന്ന് പഞ്ചായത്ത് ഇപ്പോള്‍ നികുതി സ്വീകരിക്കുന്നില്ല. അതു കൊണ്ട് തന്നെ സാങ്കേതികമായി ഇപ്പോള്‍ മെഡിക്കല്‍ കോളേജിന് സ്ഥലമില്ല. മെഡിക്കല്‍ കോളേജിലെ എംബിബിഎസിന്റെ പുതിയ അഡ്മിഷന്‍ പോലും ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.