താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകാതെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി

Friday 8 July 2016 10:04 am IST

പെരിന്തല്‍മണ്ണ; ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കാന്‍ തുക കണ്ടെത്താനാവാതെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതായപ്പോള്‍ ടോക്കണ്‍ ഫീസ് വര്‍ദ്ധിപ്പിച്ച് പിടിച്ചുനില്‍ക്കാനുള്ള ശ്രമവും ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി ശ്രമിച്ചു. എന്നാല്‍ ഇത് രോഗികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. മുമ്പ് രണ്ട് രൂപയായിരുന്ന ടോക്കണ്‍ ഫീസാണ് ഒറ്റയടിക്ക് അഞ്ച് രൂപയായി ഉയര്‍്ത്തിയത്. എന്നാല്‍ ഈ വര്‍ധനവ് കൊണ്ടും പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് മാനേജ്‌മെന്റ് കമ്മറ്റി പറയുന്നത്. അതേസമയം അപ്രതീക്ഷിതമായുണ്ടായ ഈ വര്‍ധനവ് ചികിത്സ തേടിയെത്തുന്ന ആയിരക്കണക്കിന് രോഗികളെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ഇടപെട്ടില്ലെങ്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനവും രോഗികളുടെ അവസ്ഥയും ഒരുപോലെ അവതാളത്തിലാകും. 68 താല്‍ക്കാലിക ജീവനക്കാരാണ് നിലവില്‍ ജില്ലാ ആശുപത്രിയിലുള്ളത്. സെക്യൂരിറ്റി മുതല്‍ സ്റ്റാഫ് നേഴ്‌സ് വരെ ഇതിലുള്‍പ്പെടും. ഇത്രയും പേര്‍ക്കും ശമ്പളം കൊടുക്കേണ്ട ബാദ്ധ്യത മാനേജ്‌മെന്റ് കമ്മറ്റിക്കാണ്. ടോക്കണ്‍ ഫീസും കാന്റീന്‍ നീതിസ്റ്റോര്‍ വാടകയുമാണ് അധികമായി ലഭിക്കുന്ന വരുമാനം. ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനത്തിന്റെ പകുതി മാത്രമേ ശമ്പള ഇനത്തില്‍ നല്‍കാന്‍ പാടുള്ളുയെന്ന നിബന്ധന വേറെയും. കാരണം ബാക്കി തുക നിത്യ ചെലവുകള്‍ക്ക് പോലും തികയാറില്ല. ഇത് കാരണം താല്ക്കാലിക ജീവനക്കാര്‍ക്ക് ഒരു രൂപ പോലും ശമ്പള ഇനത്തില്‍ വര്‍ധിപ്പിക്കാനും സാധിക്കുന്നില്ല. ജീവനക്കാരുടെ കുറവ് നികത്താന്‍ മാറിമാറി വരുന്ന ഇടതുവലത് സര്‍ക്കാരുകള്‍ ശ്രമിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. സംസ്ഥാന ബഡ്ജറ്റില്‍ നല്ലൊരു ശതമാനം ആരോഗ്യമേഖലക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മുറവിളി തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ ഇരുമുന്നണി സര്‍ക്കാരുകളും ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തിയിട്ടില്ല. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിന് സര്‍ക്കാര്‍ ആശുപത്രികളെ കരുവാക്കാന്‍ ഇരുകൂട്ടരും മത്സരിക്കാറുമുണ്ട്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രഥമ കായകല്‍പ് അവാര്‍ഡില്‍ രണ്ടാം സ്ഥാനം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി നേടിയിരുന്നു. 20 ലക്ഷം രൂപ സമ്മാനത്തുകയും ലഭിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു വിധ പ്രോത്സാഹനവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല. അതേസമയം മറ്റു ജില്ലാ ആശുപത്രികളേക്കാള്‍ കുറഞ്ഞ തുകയാണ് പെരിന്തല്‍മണ്ണയില്‍ ഈടാക്കുന്നതെന്ന വാദവും നിലനില്‍ക്കുന്നു. തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രികളില്‍ ടോക്കണ് ഫീസായി 10 രൂപയും ഗേറ്റ് പാസായി അഞ്ച് രൂപയുമാണ് ഈടാക്കുന്നത്. പാര്‍ക്കിംഗ് ഫീസ് വേറെയും. എന്നാല്‍ പെരിന്തല്‍മണ്ണയില്‍ ഇവ യഥാക്രമം അഞ്ച് രൂപയും മൂന്ന് രൂപയുമാണ് കൂടാതെ പാര്‍ക്കിംഗ് ഫീസില്ല. 18 വയസില്‍ താഴെയുള്ളവര്‍ക്കും എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കും ടോക്കണ്‍ ഫീസില്ല. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ പിന്തുണ ഇല്ലാത്തതിനാല്‍ കാര്യങ്ങളെങ്ങുമെത്താതെ പോകുന്നു. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ജീവനക്കാരെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.