ജനവാസമേഖലയില്‍ കാട്ടാനകള്‍ തമ്പടിക്കുന്നു; നാട്ടുകാര്‍ ഭീതിയില്‍

Friday 8 July 2016 10:18 am IST

കരുവാരകുണ്ട്: ഇരിങ്ങാട്ടിരി പനഞ്ചോല, കുമ്മിളി പ്രദേശത്ത് തുടര്‍ച്ചയായി കാട്ടാനയിറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. വീടുകളോട് ചേര്‍ന്നാണ് കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നത്. നിരവധി ആളുകളുടെ റബ്ബര്‍, തെങ്ങ്, കവുങ്ങ്, വാഴ എന്നീ കൃഷികള്‍ കാട്ടാന നശിപ്പിച്ചു. ചേലേങ്ങര കുഞ്ഞമ്മദ്, ചേലേങ്ങര മുഹമ്മദ്, സി.കെ.സലാം, മോയിക്കല്‍ ബാപ്പു, കെ.സി.കുഞ്ഞാണിപ്പ, കുരിക്കള്‍ ബാപ്പു തുടങ്ങി നിരവധി പേരുടെ വിവിധ കാര്‍ഷിക വിളകളാണ് ആനകള്‍ നശിപ്പിച്ചത്. ആനക്കൂട്ടത്തെ കണ്ട് ഭീതിയിലായ സമീപവാസികള്‍ ബഹളം വെച്ചും പാട്ടകൊട്ടിയും ആനക്കൂട്ടത്തെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ആനകള്‍ ചിന്നം വിളിച്ച് നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടുക്കുകയാണ്. വീടിന് പുറത്തിറങ്ങാന്‍പോലും ആളുകള്‍ ഭയക്കുകയാണ്. ഇതിനുമുമ്പും ആനക്കൂട്ടം ഈ പ്രദേശങ്ങളിലെ വളപ്പുകളിലും കൃഷിയിടങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. രാവിലെ ജോലിക്കായി പോകുന്ന തൊഴിലാളികളും ആനക്കൂട്ടം ഇറങ്ങിയതോടെ ഭീതിയിലാണ്. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗങ്ങളായ വി.ഷെബീറലി, പി.ശശീന്ദ്രന്‍ എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.