ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

Friday 8 July 2016 10:42 am IST

      ഉദുമ: ജില്ലാ പഞ്ചായത്ത് ഭരണം തന്നെ നിര്‍ണ്ണായകമാക്കുന്ന ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. പാര്‍ട്ടിക്ക് ഉള്ളില്‍ യാതൊരു സ്വാധീനവുമില്ലാത്ത പാദുര്‍ കുഞ്ഞാമുവിന്റെ മകന്‍ പി.കെ.എം ഷാനവാസിനെ മത്സരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് ഉദുമ ഗ്രാമ പഞ്ചായത്തിലെ രണ്ട് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ രാജിവെച്ചു. ഇതോടെ 28 വര്‍ഷത്തിന് ശേഷം യുഡിഎഫിന് ലഭിച്ച ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടേക്കും. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന പാദൂര്‍ കുഞ്ഞാമുവിന്റെ മകന്‍ ഷാനവാസിനെ ഉദുമ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് മെമ്പര്‍മാര്‍ രാജി വെച്ചത്. നിലവില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ടായ ലക്ഷ്മി ബാലന്‍, ഷംഭു ബേക്കല്‍ എന്നിവരാണ് രാജി വെച്ചത്. സിപിഎമ്മിന്റെ ഒരുക്കു കോട്ടയെന്ന് അവകാശപ്പെടുന്ന ബേക്കല്‍ വാര്‍ഡില്‍ നിന്നും അട്ടിമറി വിജയം നേടി 28 വര്‍ഷത്തോളം എല്‍ഡിഎഫിന്റെ കുത്തകയായ ഉദുമ ഗ്രാമ പഞ്ചായത്തിനെ യുഡിഎഫിന്റെ ഭരണത്തിലേക്കെത്തിക്കാന്‍ നിര്‍ണ്ണായകമായത് ശംഭുവിന്റെ വിജയമായിരുന്നു. അതേ സമയം ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ്സില്‍ ശക്തമായ പ്രതിഷേധം നില നില്‍ക്കുന്നതായും കൂടുതല്‍ രാജികള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നുമാണ് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്സ് അംഗങ്ങളുടെ രാജി ജില്ലാ പഞ്ചായത്ത് ഭരണത്തിന്റെ കൂടെ ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണം കൂടി ആശങ്കയിലാക്കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.