ഓണം പൊലിപ്പിക്കാന്‍ പച്ചക്കറികളുമായി കുടുംബശ്രീ

Friday 8 July 2016 9:15 pm IST

കൊച്ചി: ഓണത്തിന് വിഷമില്ലാത്ത, ശുദ്ധമായ പച്ചക്കറി നല്‍കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. പൊലിവ് എന്ന പേരില്‍ പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് കുടുംബശ്രീ ഒരുങ്ങുന്നത്. ശുദ്ധജലം, മാലിന്യസംസ്‌കരണം, വൃത്തിയുള്ള പരിസരം, നല്ല ആരോഗ്യം എന്നിവയാണ് അടിസ്ഥാനമാക്കുന്നതെന്നു കുടുംബശ്രീ ജില്ല കോഓര്‍ഡിനേറ്റര്‍ ടാനി തോമസ് അറിയിച്ചു. ജില്ലയിലെ 101 കുടുംബശ്രീ സിഡി എസുകളിലൂടെ പദ്ധതി നടപ്പാക്കും. 21,125 അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് കുറഞ്ഞത് മൂന്നുസെന്റിലൂടെ മൊത്തം 633 ഏക്കറില്‍ പച്ചക്കറി കൃഷി നടപ്പിലാക്കും. 1900 ടണ്‍ പച്ചക്കറിയാണ് ഉത്പാദനലക്ഷ്യം. ഓണത്തിന് പച്ചക്കറികള്‍ക്കായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി ഒഴിവാക്കാന്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ കഴിയും. വിത്തിടുന്ന നാള്‍ മുതല്‍ കുടുംബശ്രീയുടെ 19-ാം വാര്‍ഷികാഘോഷ പരിപാടികളും ആരംഭിക്കും. അയല്‍ക്കൂട്ടം, എഡിഎസ്, സിഡിഎസ്, ജില്ല, സംസ്ഥാനതല വാര്‍ഷികങ്ങളും വിപണന മേളകളും ഓണച്ചന്തകളും വിവിധയിനം മത്‌സര പരിപാടികളും മൂന്നുമാസക്കാലയളവില്‍ ഉണ്ടാകും. പരിപാടിക്കു മുന്നോടിയായി ജില്ലാതലത്തില്‍ ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍, സഹായക സംവിധാനങ്ങള്‍, ജില്ല മിഷന്‍ ടീം എന്നിവരുടെ യോഗം ചേര്‍ന്ന് പദ്ധതി തയാറാക്കിയിരുന്നു. രണ്ടുസെന്റില്‍ അയല്‍ക്കൂട്ടവും ഒരു സെന്റില്‍ ബാലസഭയും വയോജന അയല്‍ക്കൂട്ടവും ചേര്‍ന്ന് കൃഷി ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്. കുട്ടികളില്‍ കൃഷിയുടെയും കാര്‍ഷികവൃത്തിയുടെയും നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ബാലസഭയെ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. 9,10 തീയതികളില്‍ നിലമൊരുക്കലും വിത്തിടലും നടത്തും. വെണ്ട, തക്കാളി, വഴുതന, ചുരയ്ക്ക, മുളക്, ചേന, ചേമ്പ്, പയര്‍, മത്തന്‍, പാവല്‍, പടവലം, ഒരു കറിവേപ്പ്, രണ്ട് ഫലവൃക്ഷത്തൈകള്‍, പപ്പായ, വാഴ എന്നിവയാണ് കൃഷി ചെയ്യുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.