തട്ടിക്കൊണ്ടുപോയി കവര്‍ച്ച: പ്രതികള്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും പിഴയും

Friday 8 July 2016 10:22 pm IST

പാലാ: ഏറ്റുമാനൂര്‍ മംഗലത്ത് മറ്റത്തില്‍ രവീന്ദ്രന്‍പിള്ളയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളായ കൊല്ലം പുത്തൂര്‍ പുഷ്പമംഗലത്ത് ദില്‍ജിത്ത് (23), കോട്ടയം അയ്മനം അരങ്ങത്തുമാലി ഗീത (33), കോട്ടയം പെരുമ്പായിക്കാട് പുല്ലരിക്കുന്ന് പുത്തന്‍പറമ്പില്‍ ഇന്ദു (38), കൊല്ലം പുത്തൂര്‍ കൊഴുവന്‍പാറ പടിഞ്ഞറ്റതില്‍ മംഗലത്ത് ജ്യോതിഷ് (22) എന്നിവരെ അഞ്ചു വര്‍ഷം വീതം കഠിനതടവിനും അയ്യായിരം രൂപ വീതം പിഴയും ശിക്ഷിച്ച് പാലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി. സുരേഷ്‌കുമാര്‍ വിധി പ്രസ്താവിച്ചു. 2014 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറവിലങ്ങാട്ട് ആധാരമെഴുത്തുകാരനായ മംഗലത്ത് രവീന്ദ്രന്‍പിള്ളയെ പ്രതികളായ ഗീതയും ഇന്ദുവും കൂടി സമീപിച്ച് പൂത്തോട്ടയില്‍ ഒരു ആധാരം എഴുതാനുണ്ടെന്നും വസ്തു ഉടമ സുഖമില്ലാതെ കിടപ്പിലാണെന്നും വസ്തു ഉടമയുടെ വീടുവരെ ചെല്ലണം എന്നാവശ്യപ്പെട്ടും കാറില്‍ കയറ്റിക്കൊണ്ടു പോകുകയും വഴിയില്‍വച്ച് മറ്റുപ്രതികളുംകൂടി കാറില്‍ കയറുകയും രവീന്ദ്രന്‍പിള്ളയെ കാറിനുള്ളില്‍വച്ച് മര്‍ദ്ദിക്കുകയും സ്വര്‍ണമാലയും പണവും മൊബൈല്‍ഫോണും വാച്ചും ഉള്‍പ്പെടെ 1,84,000 രൂപയുടെ വസ്തുക്കള്‍ പിടിച്ചുപറിച്ചശേഷം രവീന്ദ്രന്‍പിള്ളയെ രാത്രിയില്‍ കോട്ടയത്ത് ഉപേക്ഷിച്ചു പ്രതികള്‍ രക്ഷപ്പെട്ടു എന്നായിരുന്നു കേസ്. കേസിലെ അഞ്ചാം പ്രതി കോഴിക്കോട് സ്വദേശി സോയലിനെ പിടികൂടാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ സിഐയായിരുന്ന ജോയി മാത്യുവാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ. ലാല്‍ പുളിക്കകണ്ടം കോടതിയില്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.