ആക്കുളംവിനോദ സഞ്ചാര കേന്ദ്രം നവീകരണം: ലക്ഷങ്ങള്‍ അട്ടിമറിച്ചത് ആസൂത്രിതമായി

Friday 8 July 2016 10:25 pm IST

പേട്ട: ആക്കുളം വിനോദ സഞ്ചാര കേന്ദ്രത്തിലെ നവീകരണ പദ്ധതിയില്‍ ലക്ഷങ്ങള്‍ അട്ടിമറിച്ചത് ആസൂത്രിതമായി. കോടികള്‍ അനുവദിച്ച പദ്ധതിയില്‍ നവീകരണ സ്വഭാവം വ്യക്തമായി പ്രതിപാദിച്ചിരുന്നില്ലയെന്നതാണ് പ്രധാന വസ്തുത. ബോട്ട് ക്ലബ്ബ്, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയുളളവയുടെ പേരില്‍ തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇവിടെ എന്ത് നവീകരണം നടപ്പിലാക്കണമെന്നത് വിനോദ സഞ്ചാര വകുപ്പ് ഡിറ്റിപിസിയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പതിനേഴോളം വര്‍ക്കുകളാണ് കരാറില്‍ ഉള്‍ക്കൊളളിച്ചിരുന്നത്. ഇതില്‍ ടിക്കറ്റ് കൗണ്ടര്‍ ഒഴികെയുളള ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. എന്നാല്‍ എസ്റ്റിമേറ്റ് പ്രകാരമുളള തുക പൂര്‍ണ്ണമായും ചെലവിട്ടതായിട്ടാണ് നിര്‍മ്മിതിയുടെ വിവരം. ബോട്ട് ക്ലബ്ബ് ഓഫീസ് കെട്ടിടം, ടോയിലറ്റുകള്‍, ചുറ്റുപ്രദേശങ്ങള്‍ എന്നിവയുടെ നവീകരണത്തിനായി 20.91094 ലക്ഷമാണ് എസ്റ്റിമേറ്റ് പ്രകാരമുളള തുകയായി വിനോദ സഞ്ചാര വകുപ്പിന്റെ വിവരം അതേസമയം നിര്‍മ്മിതി ഇക്കാര്യത്തില്‍ 20 ലക്ഷമെന്ന കണക്കാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ബോട്ട് ക്ലബ്ബില്‍ പെയ്ന്റ് പൂശുന്നതിന് മാത്രമായി 22.37280 ലക്ഷമാണ് ചെലവിട്ടിരിക്കുന്നത്. ടോയിലറ്റിലെ തകര്‍ന്ന ക്ലോസറ്റുകള്‍ മാറ്റുവാനോ ഇലക്ട്രിക് പ്ലംബിംഗ് വര്‍ക്കുകള്‍ നടത്തുവാനോ അധികൃതര്‍ തയ്യാറായിട്ടില്ല. നവീകരണം പൂര്‍ത്തീകരിച്ചുവെന്നാണ് നിര്‍മ്മിതിയുടെ നിലപാട്. അന്‍പതോളം ബോട്ടുകളും പതിമൂന്ന് ജീവനക്കാരുമായിട്ടാണ് ബോട്ട് ക്ലബ്ബിന്റെ പ്രവര്‍ത്തന തുടക്കം. നവീകരണം തുടങ്ങിയതോടെ ബോട്ടുകളും ജീവനക്കാരും അപ്രത്യക്ഷമായി. തകര്‍ന്ന രണ്ട് ബോട്ടുകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. കുട്ടികളുടെ പാര്‍ക്കിന് 29 ലക്ഷമാണ് എസ്റ്റിമേറ്റില്‍ കാണിച്ചിരിക്കുന്നത്. കൂടാതെ പാര്‍ക്കിലെ ചുറ്റ് മതില്‍ നവീകരണത്തിന് 5.40917 ലക്ഷവും ടോയിലറ്റുകളുടെ നിര്‍മ്മാണത്തിന് 3.76717 ലക്ഷവും പുന്തോട്ടം സജ്ജീകരിക്കുന്നതിന് 6.51600 ലക്ഷവും വിശ്രമസങ്കേതങ്ങള്‍ക്കായുളള കോണ്‍ക്രീറ്റ് കുടിലുകള്‍ക്ക് 5.51047 ലക്ഷവും പ്രത്യേകം വകമാറ്റിയിരുന്നു. എന്നാല്‍ കുട്ടികളുടെ പാര്‍ക്കും അനുബന്ധ നവീകരണങ്ങള്‍ക്കായി ചെലവിട്ടിരിക്കുന്നത് 37.76846 ലക്ഷമാണെന്നുളളതാണ് വസ്തുത. പുതിയ കളിക്കോപ്പുകള്‍ സ്ഥാപിച്ചിട്ടില്ല. പകരം പാര്‍ക്കിലെ പഴയ കളിക്കോപ്പുകള്‍ പെയ്ന്റ് പൂശിയും രണ്ട് കോണ്‍ക്രീറ്റ് കുടിലുകള്‍ നിര്‍മ്മിച്ചും നവീകരണത്തിന് സമാപ്തി കുറിക്കുകയായിരുന്നു. പുതിയ കളിക്കോപ്പുകള്‍ സ്ഥാപിക്കാന്‍ എസ്റ്റിമേറ്റില്‍ തുക വരുത്തിയിട്ടില്ലയെന്നാണ് വിനോദ സഞ്ചാര വകുപ്പ് പറയുന്നത്. എന്നാല്‍ കുട്ടികളുടെ പാര്‍ക്ക് നവീകരണം കൊണ്ട് വിനോദ സഞ്ചാര വകുപ്പിന്റെ ഉദ്ദേശം അവ്യക്തമാണ്. കുട്ടികളുടെ പാര്‍ക്ക് എന്ന പേരില്‍ 29 ലക്ഷം അനുവദിച്ചതെന്തിനെന്ന കാര്യം അധികൃതരില്‍ ഒതുങ്ങുകയാണ്. അഗ്രികള്‍ചറല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ വികസന കോര്‍പ്പറേഷന്റെ കീഴിലുളള ഗാര്‍ഡന്‍ സിറ്റി ഗ്രൂപ്പ് ഇന്‍ക് എന്ന സ്ഥാപനത്തിന് 5.35400 ലക്ഷത്തിന് സബ് കരാര്‍ കൊടുത്ത പൂന്തോട്ടം പോലും വേണ്ട വിധത്തില്‍ സാധ്യമാക്കിയിട്ടില്ലയെന്ന വസ്തുതയാണുളളത്. 1996 കളില്‍ സ്ഥാപിച്ച നീന്തല്‍ കുളത്തിന്റെ നവീകരണത്തിന് 16.51239 ലക്ഷവും ഇതുമായി ബന്ധപ്പെട്ട ഓഫീസ് കെട്ടിടം, ടോയിലറ്റുകള്‍ എന്നിവയുടെ നവീകരണത്തിന് 2.87235 ലക്ഷവും ഇവിടേയ്ക്കുളള വെളളം ശുദ്ധീകരണ പ്ലാന്റിന് 11.74975 ലക്ഷവുമാണ് വകമാറ്റിയത്. പഴകിയ ടൈല്‍സുകള്‍ മാറ്റി പുതിയവ സ്ഥാപിച്ച് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിന് അനിവാര്യമായ സജ്ജീകരണങ്ങളൊരുക്കുകയെന്നതായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതിയില്‍ മേല്‍നോട്ടം വഹിച്ച ഡിറ്റിപിസി രഹസ്യ അജണ്ടയൊരുക്കി പഴകിയ ടൈല്‍സുകള്‍ നീക്കം ചെയ്യാതെ നീന്തല്‍ കുളത്തിന് സമീപത്ത് പാകിയിരുന്ന ടൈല്‍സുകള്‍ സോപ്പ് പൊടി ഉപയോഗിച്ച് കഴുകി നവീകരണം പ്രഹസനമാക്കുകയായിരുന്നു. നീന്തല്‍കുളത്തിന്റെ ഉള്‍ഭാഗത്ത് യാതൊരുവിധ വൃത്തിയാക്കലും നടത്തിയിട്ടില്ല. ഇതിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ലയെന്നാണ് നിര്‍മ്മിതിയും വിനോദ സഞ്ചാര വകുപ്പും വെളിപ്പെടുത്തിയിരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിനായി കുളത്തിലേയ്ക്ക് വഴുതുയിറങ്ങാനുളള വസ്തുവകകള്‍ വരെ നീക്കം ചെയ്തുവെങ്കിലും അധികൃതര്‍ നവീകരണം പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്നെങ്കിലും ഇവ പുനസ്ഥാപിച്ചിട്ടില്ല. അതേസമയം നവീകരണം ആവശ്യമില്ലാത്ത നീന്തല്‍ കുളത്തിന് സമീത്തെ ഓഫീസ് കെട്ടിടത്തിന്റെയും ടോയലറ്റിന്റേയും പേരില്‍ ഫണ്ട് അനുവദിച്ചതില്‍ ദുരൂഹതയുണ്ട്. ഈ തുക ചെലവിട്ടതായിട്ടാണ് വിവരം. വെളളം ശുദ്ധീകരണ പ്ലാന്റില്‍ നിലവിലുണ്ടായിരുന്ന ഇരുമ്പില്‍ നിര്‍മ്മിതമായ കൂറ്റന്‍ ശുദ്ധീകരണ ടാങ്കാണ് തകരാറിന്റെ മറവില്‍ നീക്കം ചെയ്തത്. പകരം രണ്ട് ചെറിയ ഫൈബര്‍ ടാങ്ക് സ്ഥാപിക്കാനാണ് എസ്റ്റിമേറ്റ് പ്രകാരമുളള തുക ചെവഴിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലുണ്ടായിരുന്ന ടാങ്ക് തകരാറിലല്ലായിരുന്നുവെന്നാണ് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നത്. കൃതൃമ വെളളച്ചാട്ടത്തിനോട് ചേര്‍ന്ന കുളത്തിന്റെ നവീകരണത്തിന് വേണ്ടി 6.23873 ലക്ഷമാണ് അനുവദിച്ചത്. പതിനഞ്ച് അടിയോളം നീളത്തില്‍ ഇരുമ്പ് പൈപ്പിലുളള കൈവരി 4.43039 ലക്ഷം ചെലവിട്ട് നിര്‍മ്മിച്ച് അധികൃതര്‍ കയ്യൊഴിഞ്ഞു. കുളം ഇന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ്. വിനോദ സഞ്ചാര കേന്ദ്രത്തിന് മുന്നിലെ പാര്‍ക്കിംഗ് ഏരിയക്ക് ഒരു ലക്ഷം അനുവദിച്ചുവെങ്കിലും നവീകരണം നടന്നതായി വിവരമില്ല. ഇലക്ട്രിക് പ്ലംബിംഗ് ജോലികള്‍ക്ക് അനുവദിച്ച 2.89500 ലക്ഷവും ചെലവിട്ടുവെങ്കിലും പണികള്‍ നടന്നിട്ടില്ലയെന്നതാണ് വസ്തുത. പാര്‍ക്കിന് മുന്നിലുളള ലഘുഭക്ഷണശാലയുടെ നവീകരണത്തിന് 5.17500 ലക്ഷമാണ് കരാര്‍ അനുസ്സരിച്ച് വകയിരുത്തിയിരുന്നത്. എന്നാല്‍ ഒരു ജോലികളും നടത്താതെ 5.85684 ലക്ഷം ചെലവിട്ടതായിട്ടാണ് നിര്‍മ്മിതി വിവരം നല്‍കിയിരിക്കുന്നത്. മാത്രവുമല്ല ദേശീയ ഗെയിംസ് വില്ലയില്‍ നിന്നുളള മുളകളാണ് ഇവിടുത്തെ ലഘുഭക്ഷണശാല കെട്ടിടത്തിനുളളില്‍ കൂട്ടിയിട്ടിരിക്കുന്നത്. അതേസമയം ഇവിടുത്തെ ജീവനക്കാര്‍ വസ്ത്രം മാറാനും വിശ്രമിക്കാനുമായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിച്ചു മാറ്റിയിട്ട് പകരം ഷീറ്റ് പാകി സ്ത്രീ ജീവനക്കാര്‍ക്ക് വസ്ത്രം മാറാനുളള സുരക്ഷിതത്വം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഈ കെട്ടിടത്തിന്റെ നവീകരണം കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലയെന്നതാണ് വസ്തുത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.