ജില്ലയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു

Friday 8 July 2016 11:25 pm IST

കണ്ണൂര്‍: ജില്ലയില്‍ പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള പെരിങ്ങത്തൂരില്‍ 7 വയസ്സു പ്രായമായ കുട്ടിക്ക് ഡിഫ്ത്തീരിയരോഗം (തൊണ്ടമുള്ള്) സ്ഥിരീകരിച്ചു. ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവെപ്പുകള്‍ എടുക്കാത്ത ആണ്‍കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയില്‍ ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.—പി.എം.—ജോതിയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കൊറൈന്‍ ബാക്ടീരിയം ഡിഫ്ത്തീരിയെ' എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ഈ രോഗം ബാധിച്ചാല്‍ മരണം വരെ സം'വിക്കാവുന്നതാണ്. പ്രതിരോധ കുത്തിവെപ്പിന്റെ തോത് കുറഞ്ഞ മേഖലകളിലാണ് സാധാരണയായി ഈ രോഗം കാണപ്പെടാറുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇതിനകം ഡിഫ്ത്തീരിയ കേസുകള്‍ സ്ഥിരീകരിക്കപ്പെടുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പിലൂടെ ഈ മാരക രോഗം പൂര്‍ണ്ണമായും തടയാവുന്നതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവെപ്പുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ഫീല്‍ഡ്തലത്തിലും നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ കുത്തിവെപ്പുകള്‍ നടത്തിവരുന്നുമുണ്ട്. രക്ഷിതാക്കള്‍ തെറ്റിദ്ധാരണകള്‍ക്കും തെറ്റായ പ്രചരണങ്ങള്‍ക്കും വശംവദരാകാതെ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവെപ്പുകള്‍ നല്‍കാന്‍ തയ്യാറാകണമെന്നും ഈ മാരക രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. പി.കെ.ബേബി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.