കണ്ണൂര്‍: നല്ല ഭക്ഷണവും നല്ല ആരോഗ്യവും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന് പൊലിവ് പദ്ധതി നടപ്പാക്കുന്നു. കാര്‍ഷികാരോഗ്യ സംസ്ക്കാരം വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നല്ല ജീവിത ശൈലി, നല്ല ആരോഗ്യം, ശുചിത്വമുള്ള പരിസരം, ശുദ്ധജലം, ഉറവിട മാലിന്യ സംസ്ക്കരണം എന്നീ പഞ്ചശീലങ്ങള്‍ അടിസ്ഥാനമാക്കിയ പ്രവര്‍ത്തനം കുടുംബശ്രീ വനിതകളുടെ കൂട്ടായ്മയില്‍ വ്യാപകമാക്കും. മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലും കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയില്‍ പച്ചക്കറി ഉത്പാദനം നടത്തി ഓണത്തെ വരവേല്‍ക്കും. ജില്ലയില്‍ ഇരുപതിനായിരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ് ഉള്ളത്. ഇതുവഴി 350 ഏക്കറില്‍ കുറയാതെ കൃഷി നടത്താന്‍ കഴിയുമെന്ന് ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ കെ.ഒ.സ്വപ്ന പറഞ്ഞു. 10ന് നിലമൊരുക്കി കൃഷിക്ക് തുടക്കമിടും. ആവശ്യമായ ആഹാര പദാര്‍ത്ഥങ്ങള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുക, അയല്‍ക്കൂട്ടങ്ങളെ പരിസര ശുചിത്വ സന്നദ്ധ പ്രവര്‍ത്തകരായി മാറ്റുക, മെച്ചപ്പെട്ട ജീവിത ശൈലിയിലേക്ക് കൈപിടിച്ചുയര്‍ത്തുക, ജല സ്രോതസ്സുകള്‍ സംരക്ഷിക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: