മലബാര്‍ സിമന്റ്സ്: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു

Saturday 9 July 2016 5:05 pm IST

കൊച്ചി: മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട അഴിമതിക്കേസ് വിജിലന്‍സ് അന്വേഷിക്കും. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തെത്തുടര്‍ന്നാണ് നടപടി. രണ്ടേമുക്കാല്‍ക്കോടി രൂപയുടെ കേസില്‍ എംഡി കെ. പദ്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഒരാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കമ്പനിയുടെ നിയമോപദേഷ്ടാവ് പ്രകാശ് ജോസഫിനെതിരെ മാത്രമാണ് അന്വേഷണമെന്നും പ്രമുഖ വ്യവസായി വി.എം രാധാകൃഷ്ണന്‍ (ചാക്ക് രാധാകൃഷ്ണന്‍) ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയെന്നും ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകന്‍ ജോയ് കൈതാരം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് കെമാല്‍പാഷയാണ് ഉത്തരവിട്ടത്. മുന്‍ വിജി. ഡയറക്ടറെയും വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെയും വിമര്‍ശിച്ച ജസ്റ്റീസ് കെമാല്‍പാഷ, ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ ജൂലൈ 18ന് നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും പറഞ്ഞിരുന്നു. മുന്‍ വ്യവസായ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എളമരം കരീം അടക്കമുള്ള എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. വ്യവസായി രാധാകൃഷ്ണനുമായി ബന്ധമുള്ളവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ കേസെടുക്കാതെ മുഖ്യമന്ത്രിയടക്കം വി.എം. രാധാകൃഷ്ണനു മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണെന്നും വിജിലന്‍സ് അന്വേഷണം വെറും പ്രഹസനമായി മാറിയെന്നും വിജിലന്‍സിന്റെ നിലവിലെ അന്വേഷണം സാധാരണക്കാര്‍ക്കു നിയമവ്യവസ്ഥയിലുള്ള വിശ്വാസ്യത ഇല്ലാതാക്കുകയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.