മോദി ഉത്തരവിട്ടു; തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കൃത്യസമയത്ത്

Saturday 9 July 2016 8:18 pm IST

ന്യൂദല്‍ഹി: ലക്ഷക്കണക്കിന് ഗ്രാമീണ സ്ത്രീകളുടെ പട്ടിണി മാറ്റാന്‍ വേണ്ടി തുടങ്ങിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് വന്‍ തോതില്‍ സ്ത്രീകള്‍ കൊഴിഞ്ഞു പോയിരുന്നു. പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് അകന്നതും ഇവര്‍ക്ക് കൃത്യസമയത്ത് കൂലി ലഭിക്കാത്തതുമായിരുന്നു ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് കൂലി കിട്ടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൃത്യസമയത്ത് വേതനം നല്‍കാത്തത് രാജ്യത്തെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയെ താളം തെറ്റിക്കുമെന്ന് മനസിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇത് അനുവദിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് വേതനം കിട്ടാന്‍ തുടങ്ങിയത്. എങ്കിലും കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് മാസമായി പണി പൂര്‍ത്തിയാക്കി പതിനഞ്ച് ദിവസത്തിനകം 62.21 ശതമാനം തൊഴിലാളികള്‍ക്കും വേതനം നല്‍കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കൂലി കൃത്യസമയത്ത് കിട്ടാത്തതിനെ സുപ്രീംകോടതിയും വിമര്‍ശിച്ചിരുന്നു. വരള്‍ച്ച സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എം. ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 27.76 കോടി പേരാണ് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഗുണഭോക്താക്കള്‍ക്കുളള പണം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തന്നെ നിക്ഷേപിക്കാനുളള സംവിധാനം ഇപ്പോഴുണ്ടാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഗ്രാമ വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംവിധാനം ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.