നിയമജ്ഞന്‍

Saturday 9 July 2016 8:40 pm IST

അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തെ ആട്ടിത്തെളിച്ച് ബിവറേജസ് ക്യൂവിലും ലോട്ടറിവില്‍പനശാലയ്ക്കുമുന്നിലും എത്തിച്ച പാര്‍ട്ടിയുടെ നേതാവ് തോമസ് ഐസക്ക് ഒഴിഞ്ഞ ഖജനാവ് തുറന്നിട്ട് മാലോകരെ വെള്ളക്കടലാസ് കാണിച്ചതിന്റെ പിറ്റേന്നാളാണ് പിണറായി വിജയന്റെ സൗജന്യ നിയമോപദേശകനും പ്രഖ്യാപിത വിഎസ് വിരുദ്ധനുമായ എം.കെ. ദാമോദരന്‍ ലോട്ടറി മാര്‍ട്ടിനുവേണ്ടി കോടതി കയറിയത്. ജീവിക്കാന്‍ നാലുകാശുണ്ടാക്കാനുള്ള വക്കീലിന്റെ ജന്മാവകാശമാണ് അതെന്ന വാദമുഖവുമായി മാര്‍ക്‌സിസ്റ്റ് മാധ്യമങ്ങളും സര്‍ക്കാര്‍വിലാസം കുഴലൂത്തുകാരും രംഗത്തെത്തിയിട്ടുണ്ട്. കൊടിപിടിച്ചു നടുവൊടിഞ്ഞുപോയ പാര്‍ട്ടിയുടെ സ്വന്തം തൊഴിലാളികള്‍ അധ്വാനിച്ചുണ്ടാക്കിയ പണത്തിന്റെ വലിയൊരു ഓഹരിയുമായി കടന്നുകളഞ്ഞ തട്ടിപ്പുകാരനാണ് ലോട്ടറി മാര്‍ട്ടിന്‍. മ്യാന്‍മറില്‍ ഉണ്ടായിരുന്ന ജോലി കയ്യിലിരുപ്പുകൊണ്ട് പോയപ്പോള്‍ കുലത്തൊഴില്‍ പാവപ്പെട്ടവന്റെ നെഞ്ചത്താകട്ടെ എന്നുകരുതി ലോട്ടറി കച്ചവടം തുടങ്ങിയതാണ് മാര്‍ട്ടിന്‍. തട്ടിപ്പ് ആജന്മസ്വഭാവമായതുകാരണം കേസിന് ഒരു പഞ്ഞവുമില്ല. സ്വന്തം മകന്റെയും കുടുംബക്കാരുടെയും അഴിമതിയൊഴിച്ച് മറ്റെന്ത് അഴിമതിയായാലും കേള്‍ക്കുന്ന മാത്രയില്‍ അടിമുടി വിറകൊള്ളുന്ന സാക്ഷാല്‍ വിഎസിന്റെ അരിയിട്ടുവാഴ്ചക്കാലത്താണ് സാന്തിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി മാര്‍ട്ടിന്‍ കേരളത്തില്‍ തന്റെ കൃഷിയിറക്കിയത്. ഇപ്പോള്‍ വെള്ളക്കടലാസ് പൊക്കിക്കാണിച്ച തോമസ് ഐസക്കിന്റെ താടിവെച്ച മുഖം തന്നെയായിരുന്നു അന്നും വെള്ളിത്തിരയില്‍. എട്ടും പത്തുമല്ല എണ്‍പതിനായിരം കോടിരൂപ ഈ പട്ടിണിപ്പാവങ്ങളുടെ സ്വന്തം നാട്ടില്‍നിന്ന് മാര്‍ട്ടിന്‍ അടിച്ചുമാറ്റിക്കൊണ്ടുപോയിട്ടും ഐസക്കച്ചായന്‍ ജൂബ്ബയുടെ കൈയും തെറുത്തുകയറ്റി അങ്ങേര്‍ക്കായി വാദിച്ചുതിമിര്‍ക്കുകയായിരുന്നു. റിച്ചാര്‍ഡ് ഫ്രാങ്കിയുടെയും മറ്റും സൂത്രപ്പണികള്‍കൊണ്ട് പടച്ചുണ്ടാക്കിയ കേരളമോഡല്‍ വികസനത്തിന്റെ അടിത്തട്ട് ആസൂത്രണങ്ങളിലൊന്നായിരുന്നു കുയിലും മയിലും മാനും സിക്കിമും ഭൂട്ടാനുമെല്ലാമായി അരങ്ങിലെത്തിയ ഒറ്റയക്ക, ഇരട്ടയക്ക ലോട്ടറികള്‍. ഓസിനുകിട്ടിയാല്‍ ആസിഡും കോളയാക്കിക്കുടിക്കുന്ന ശരാശരി മലയാളിയുടെ അത്യാര്‍ത്തിയെ ചൂഷണം ചെയ്യുകയായിരുന്നു പിണറായി വിജയന്റെ പാര്‍ട്ടിയും തോമസ് ഐസക്കിന്റെ കേരളമോഡലും. പാവപ്പെട്ടവന്റെ കൂരകളില്‍ ലോട്ടറിയിലൂടെ വികസനം കൊണ്ടുവരാനുള്ള പരിശ്രമം എന്നാണ് സ്വകാര്യലോട്ടറി മാഫിയകള്‍ക്ക് അഴിഞ്ഞാടാനുള്ള ഇടമായി കേരളത്തിന്റെ പൊതുഇടങ്ങളെ മാറ്റിത്തീര്‍ത്തതിന് അന്ന് അവര്‍ പറഞ്ഞ ന്യായീകരണം. ആ ന്യായവാദത്തിന് കുഴലൂതാനാണ് പിണറായി വിജയന് നിയമോപദേശം കൊടുക്കാനുള്ള സൗജന്യപ്പണി ഏറ്റെടുത്ത ദാമോദരന്‍ ഇപ്പോള്‍ കോടതി കയറിയത്. കത്തിക്കുത്തും കൊലപാതകവുമടക്കമുള്ള ലൊട്ടുലൊടുക്ക് പണികള്‍ മുതല്‍ ലാവ്ലിന്‍ പോലെയുള്ള കോടികളുടെ വമ്പന്‍ കുംഭകോണങ്ങള്‍വരെ തലയില്‍ ചുമന്നാണ് സഖാവ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. ആ ഇരിപ്പൊന്നുറയ്ക്കണമെങ്കില്‍ ദാമോദരനെപ്പോലെയൊരാള്‍ ഒപ്പം വേണമെന്നത് അദ്ദേഹത്തിന് അറിയാം. ഇപ്പോഴത്തെ ഫിഡല്‍ കാസ്‌ട്രോയും മുന്‍ മുഖ്യമന്ത്രിയുമായ അച്യുതാനന്ദനെ നേര്‍ക്കുനേര്‍നിന്ന് വെല്ലുവിളിച്ചതാണ് ദാമോദര്‍ജിയില്‍ പിണറായി വിജയന്‍ കണ്ട ഏറ്റവും വലിയ മഹത്വം. ഭരണപരിഷ്‌കാരകമ്മറ്റി ചെയര്‍മാനെന്നും മറ്റും പറഞ്ഞ് തന്റെ കസേരയ്ക്ക് പാരയായിത്തന്നെയാണ് കാസ്‌ട്രോയുടെ നില്‍പും കിടപ്പുമെന്നും പിണറായിക്ക് ധാരണയുണ്ട്. കണ്ണുതെറ്റിയാല്‍ പണി ഏതുവഴിക്ക് വരുമെന്ന് അറിയില്ല. അതുകൊണ്ടാണ് സൂര്യനെല്ലി കുര്യന്റെ വക്കാലത്തേറ്റെടുത്ത് വിഎസിനെ ചൊടിപ്പിച്ച ദാമോദര്‍ജിയെത്തേടി വിജയന്‍ ചെന്നത്. അഡ്വക്കേറ്റ് ജനറല്‍ ആക്കാനായിരുന്നു ഉദ്ദേശ്യം. നിയമോപദേഷ്ടാവായി ഇരിക്കുന്നതിലാണ് കേമത്തം കൂടുതലെന്നും അതാണ് പണമുണ്ടാക്കാന്‍ എളുപ്പവഴിയെന്നും അറിയുന്നതുകൊണ്ടാവുമല്ലോ ദാമോദര്‍ജി ആ വഴിക്ക് തിരിഞ്ഞതും മാസമൊന്നുകഴിയും മുമ്പ് ലോട്ടറി മാര്‍ട്ടിന്റെ വക്കീലായതും. ഇ.കെ. നായനാരെ മുന്നില്‍നിര്‍ത്തി സഖാവ് പി. ശശി കേരളം ഭരിക്കുന്ന കാലത്ത് ദാമോദരന്‍ സഖാവ് അഡ്വക്കേറ്റ് ജനറലായിരുന്നു. അറുപതുകളിലും എഴുപതുകളിലുമൊക്കെ നക്‌സലുകളുടെ വക്കാലത്തുമായി നടന്നിരുന്ന അതേ ദാമോദരന്‍ വക്കീല്‍ പിന്നീട് പി.ജെ. കുര്യന്റെയും കുഞ്ഞാലിക്കുട്ടിയുടെയുമൊക്കെ വക്കീലായി രംഗം അടക്കിവാഴുന്നതും കേരളം കണ്ടതാണ്. ഇമ്മാതിരി വളയാനും വഴങ്ങാനും എളുപ്പത്തില്‍ സാധിക്കുന്ന ഒരുതരം ആദര്‍ശാത്മക നട്ടെല്ല് സ്വന്തമായുള്ളതാണ് വക്കീലിന്റെ നിയമോപദേശങ്ങളോട് പിണറായി സഖാവിന് പ്രേമം തോന്നാന്‍ കാരണമായതെന്ന് കരുതാനാണ് ന്യായം കൂടുതലും കാണുന്നത്. എന്തായാലും നിയമം സൗജന്യമായി ഉപദേശിക്കുന്ന ദാമോദര്‍ജിയുടെ ഇടപെടലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശരീരഭാഷയിലടക്കം പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ഭരണത്തിലേറിയ അന്നുമുതല്‍ മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ അരങ്ങേറിയ മാര്‍ക്‌സിസ്റ്റ് അക്രമത്തെ വെള്ളപൂശാന്‍ പതിറ്റാണ്ടുകള്‍ മുമ്പുള്ള സംഘര്‍ഷങ്ങളുടെ ചരിത്രമത്രയും ഒറ്റയിരുപ്പില്‍ പറഞ്ഞുതീര്‍ത്ത പിണറായി വിജയന്‍ കുട്ടിമാക്കൂലിലെ ദളിത് പീഡനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല, അറിഞ്ഞില്ല, നോക്കട്ടെ, കാണട്ടെ, പഠിക്കട്ടെ എന്നൊക്കെ ഉമ്മന്‍ചാണ്ടിയന്‍ ഉഡായിപ്പുകള്‍ നിരത്തി ഒഴിഞ്ഞുമാറിയത് അതിന്റെ ലക്ഷണമായിരുന്നു. വിനീതനായ കുഞ്ഞാപ്പയ്ക്കുവേണ്ടിയായിരുന്നു ദാമോദര്‍ജിയുടെ അടുത്ത കളി. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന എം.കെ. ദാമോദരനാണ് കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതെന്ന് ആരോപിച്ചത് ഇന്നത്തെ ഫിഡല്‍ കാസ്‌ട്രോയാണ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഈ തൊണ്ണൂറ്റിരണ്ടാം വയസിലും കോടതി കയറുന്ന വിഎസിനോട് പോയി പണിനോക്കാന്‍ പറയാനാണ് ദാമോദരന്‍ പിണറായിയെ ഉപദേശിച്ചത്. അങ്ങനെയാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തത്. വിനീതനായ കുഞ്ഞാപ്പയും പിണറായിയും തമ്മിലെന്ത് എന്ന് ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് ലോട്ടറി മാര്‍ട്ടിന് വേണ്ടി ദാമോദരന്‍ വക്കാലത്തെടുക്കുന്നത്. ഇത് ധാര്‍മ്മികതയാണോ എന്ന് പിണറായിയോട് ചോദിക്കുന്നവനെവേണം തല്ലാന്‍. ലോട്ടറിയുടെ പേരില്‍ അടിച്ചുമാറ്റിയ എണ്‍പതിനായിരം കോടിയില്‍ രണ്ടുകോടി ദേശാഭിമാനിക്ക് നല്‍കിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ പാര്‍ട്ടിയോടുള്ള കൂറ് കാട്ടിയത്. കുത്തിത്തിരിപ്പുകാര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ.പി. ജയരാജനെ മാറ്റിയാണ് അണികളെ പാര്‍ട്ടി പറ്റിച്ചത്. മാര്‍ട്ടിന്റെ കാശ് വാങ്ങിയതിന് ദേശാഭിമാനിയില്‍നിന്ന് പുറത്തായ ജയരാജന്‍ ഇപ്പോള്‍ മന്ത്രിക്കസേരയിലിരിപ്പാണ്. ഇതിനെയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് തത്വത്തില്‍ പറയുന്നത്. കേരളത്തില്‍ നിന്ന് എണ്‍പതിനായിരം കോടി, സിക്കിമില്‍നിന്ന് നാലായിരത്തഞ്ഞൂറ് കോടി.... കേരളത്തില്‍ മാത്രം മുപ്പത്തിരണ്ട് കേസ്, ഏഴെണ്ണത്തില്‍ സിബിഐ കുറ്റപത്രം.... അന്നന്നത്തെ അരിവാങ്ങാനുള്ള കാശുണ്ടാക്കാനാണ് പാവം ദാമോദരന്‍ മാര്‍ട്ടിന്റെ കേസെടുത്തതെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി.... ആനമയിലൊട്ടകവും ആടുതേക്ക്മാഞ്ചിയവും സിക്കിംഭൂട്ടാന്‍ലോട്ടറിയുമൊക്കെപ്പോലെ ഇനിയും തട്ടിപ്പുകളേറ്റുവാങ്ങാന്‍ മലയാളിയുടെ ജീവിതം ബാക്കി....