പ്രതീക്ഷ കെടുത്തുന്ന ബജറ്റ്

Saturday 9 July 2016 8:51 pm IST

ബജറ്റുവഴി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള വാഹന നികുതി വര്‍ദ്ധനയും ചരക്കുകൂലി വര്‍ദ്ധനയും സാധാരണക്കാരെ കൂടുതല്‍ കഷ്ടപ്പാടിലാക്കുമെന്നുറപ്പാണ്. വിലക്കയറ്റംകൊണ്ട് ജീവിതം ദുസ്സഹമായ കേരളത്തില്‍ അധികഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചത് ശരിയല്ല. ടൂറിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നേട്ടമുണ്ടാക്കുമെന്ന് പ്രഖ്യാപിക്കുന്ന കേരള സര്‍ക്കാര്‍ തന്നെയാണ് ടൂറിസ്റ്റ് യാത്രക്കാരുടെമേല്‍ കൂടുതല്‍ നികുതി അടിച്ചേല്‍പ്പിച്ചുകൊണ്ട് അധിക ചിലവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ബജറ്റ് മാനദണ്ഡമാകുമ്പോള്‍ പല സര്‍ക്കാര്‍ നടപടികളും അപ്രായോഗികവും പരസ്പരവിരുദ്ധവുമാണെന്ന് കാണാവുന്നതാണ്. കേരളജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കി അഞ്ച് കൊല്ലത്തേക്ക് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ വേണ്ടത്ര ലക്ഷ്യപ്രാപ്തിയോ പ്രതീക്ഷയോ നല്‍കുന്ന ബജറ്റല്ല നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ചിട്ടുള്ളത്. കേരളംപോലെയുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത വാചാടോപങ്ങള്‍ ബജറ്റായി ധനമന്ത്രി മുന്നോട്ടുവെച്ചിരിക്കയാണ്. വരവ് ചിലവ് കണക്കുകളും അതിനുള്ളില്‍ കുറെ ക്ഷേമനിര്‍ദ്ദേശങ്ങളും അക്കങ്ങളിലൂടെ അവതരിപ്പിക്കുക മാത്രമല്ല ബജറ്റുവഴി ചെയ്യേണ്ടത്. അഞ്ച് കൊല്ലം നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളുടെ ഊന്നലും രൂപരേഖകളും ജനങ്ങള്‍ക്കു മുമ്പില്‍ സൂചിപ്പിക്കാനെങ്കിലും ധനമന്ത്രിക്കു കഴിയേണ്ടതുണ്ട്. പക്ഷേ കേരളത്തിലതുണ്ടായില്ല. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ ഈ വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ ഗ്രാമീണ കാര്‍ഷിക മേഖലകളുടെ വികസനത്തിന് ഊന്നല്‍ നല്‍കുകയും ഭരണഘടന വിഭാവന ചെയ്തിട്ടുള്ള ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തില്‍ പൗരന് ലഭിക്കേണ്ട മിനിമം ക്ഷേമം അവര്‍ക്ക് ലഭിക്കാന്‍ വേണ്ട നടപടികളുമുണ്ടായിരുന്നു. ഇത്തരമൊരു അടിസ്ഥാന കാഴ്ചപ്പാടും ഊന്നല്‍ നല്‍കലും തോമസ് ഐസക്കിന്റെ ബജറ്റില്‍ ദൃശ്യമല്ല. കേന്ദ്രസര്‍ക്കാര്‍ ഭവന നിര്‍മ്മാണം, ശുചിത്വം, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, മിനിമം ആരോഗ്യമുറപ്പിക്കല്‍, കുടിവെള്ള ലഭ്യത, വൈദ്യുതീകരണം തുടങ്ങി അടിസ്ഥാനക്ഷേമം സമയബന്ധിതമായി ബജറ്റുവഴി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കേരളം നേരിടുന്ന ഗുരുതരമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കുനേരെ സംസ്ഥാന ബജറ്റ് നിഷേധാത്മകമായ സമീപനമോ കുറ്റകരമായ മൗനമോ ആണ് പാലിച്ചിട്ടുള്ളത്. കേരളത്തില്‍ വേണ്ടത്ര തൊഴില്‍ സാദ്ധ്യതകള്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും സര്‍ക്കാര്‍ നിയമനങ്ങള്‍ അട്ടിമറിക്കുന്നുവെന്നുമൊക്കെ ആക്ഷേപം ഉന്നയിച്ചവരാണ് സിപിഎമ്മും അവരുടെ അനുബന്ധ സംഘടനകളും. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെതന്നെ വിവിധ സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവിന്റെ കണക്കുകള്‍ ശേഖരിച്ച് സര്‍ക്കാരിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു. ഇത് തൊഴില്‍രഹിതരായ യുവാക്കള്‍ക്കുംമറ്റും വന്‍ പ്രതീക്ഷയാണ് നല്‍കിയത്. എന്നാല്‍ ധനകാര്യമന്ത്രി ബജറ്റിലൂടെ അടുത്ത രണ്ട് വര്‍ഷക്കാലത്തേക്ക് ഒരു പുതിയ തസ്തികയും സൃഷ്ടിക്കേണ്ടതില്ലെന്ന കര്‍ശന തീരുമാനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പതിനായിരക്കണക്കിന് അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരോട് കാട്ടുന്ന കടുത്ത അനീതിയാണിത്. എത്രയോ ലക്ഷങ്ങള്‍ തൊഴില്‍ തേടിയലയുന്ന കേരളത്തില്‍ അവരുടെ സങ്കല്‍പ്പങ്ങളും പ്രതീക്ഷകളുമാണ് ഇതുവഴി തകര്‍ന്നടിയുന്നത്. നിയമനം മരവിപ്പിച്ച നടപടി കടുത്ത ജനദ്രോഹം തന്നെയാണ്. ബജറ്റുവഴി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള വാഹനനികുതി വര്‍ദ്ധനയും ചരക്കുകൂലി വര്‍ദ്ധനയും സാധാരണക്കാരെ കൂടുതല്‍ കഷ്ടപ്പാടിലാക്കുമെന്നുറപ്പാണ്. വിലക്കയറ്റംകൊണ്ട് ജീവിതം ദുസ്സഹമായ കേരളത്തില്‍ അധികഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചത് ശരിയല്ല. ടൂറിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നേട്ടമുണ്ടാക്കുമെന്ന് പ്രഖ്യാപിക്കുന്ന കേരള സര്‍ക്കാര്‍ തന്നെയാണ് ടൂറിസ്റ്റ് യാത്രക്കാരുടെമേല്‍ കൂടുതല്‍ നികുതി അടിച്ചേല്‍പ്പിച്ചുകൊണ്ട് അധിക ചിലവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ബജറ്റ് മാനദണ്ഡമാകുമ്പോള്‍ പല സര്‍ക്കാര്‍ നടപടികളും അപ്രായോഗികവും പരസ്പരവിരുദ്ധവുമാണെന്ന് കാണാവുന്നതാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍കൊണ്ട് ഒരു ഭരണകൂടത്തിന് എത്രനാള്‍ മുന്നോട്ടുപോകാനാകുമെന്ന ചോദ്യവും ഇടതുപക്ഷ ബജറ്റ് ഉയര്‍ത്തുന്നുണ്ട്. മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വന്‍ ആഹ്വാനമാണ് ധനമന്ത്രി നടത്തിയിട്ടുള്ളത്. റവന്യൂകമ്മി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം വഴിമുട്ടുമെന്ന മുന്നറിയിപ്പ് നല്‍കാനും ധനമന്ത്രി മുന്നിട്ടിറങ്ങിയിരിക്കുന്നു. നൂല്‍പാലത്തിലൂടെയുള്ള നടത്തമാണ് ഇതെന്ന് ജനങ്ങളെ ജാഗ്രതപ്പെടുത്തുന്ന ബജറ്റ് പ്രസംഗത്തില്‍ റവന്യൂകമ്മി കണ്ട് ഭയപ്പെടാതെ മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും ഭംഗന്ത്യരേണ മന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നു. മൂലധന സമാഹരണത്തിനായി ലോകമെമ്പാടുമുള്ള ഭാരത വംശജരേയും മറ്റ് പ്രമുഖരേയും തട്ടിയുണര്‍ത്താന്‍ അന്താരാഷ്ട്ര തലത്തില്‍ കഠിനാദ്ധ്വാനം ചെയ്യുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ മൂലധനം ഗതിമാറ്റി ഭാരതത്തിലേക്ക് കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് പ്രധാനമായും തുരങ്കം വെയ്ക്കുന്നത് ചൈനയാണെന്നത് സ്പഷ്ടമാണ്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഭാരത പ്രധാനമന്ത്രിയുടെയും സഹപ്രവര്‍ത്തകരുടെയും മൂലധന നിക്ഷേപത്തിനായുള്ള ശ്രമങ്ങളുടെപേരില്‍ എതിര്‍ക്കുകയും ജനമനസ്സുകളില്‍ തെറ്റിദ്ധാരണപരത്തുകയും ചെയ്യുന്ന കക്ഷിയാണ് സിപിഎം. പക്ഷേ കേരളത്തില്‍ സിപിഎമ്മുകാരനായ ധനമന്ത്രി മൂലധന സമാഹരണത്തിനായി എവിടെയും മുട്ടാന്‍ തയ്യാറാണ്. പക്ഷേ ആരും വാതില്‍ തുറക്കുന്നില്ല! മൂലധന നിക്ഷേപത്തിന്റെ അഭാവവും ധനകമ്മിയുടെ നിയന്ത്രണമില്ലാത്ത അവസ്ഥയുമാണ് ഗുരുതരമായ സാമ്പത്തിക വ്യഥകളുടെ പിന്നാമ്പുറങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളിലൊന്നെന്ന് ബജറ്റാവശ്യാര്‍ത്ഥം മന്ത്രി സമ്മതിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ധനമന്ത്രിക്ക് തന്റെ ആത്മാര്‍ത്ഥത തെളിയിക്കാനാവുന്നുമില്ല. ഇതാണ് വര്‍ത്തമാന ദുരന്തം. മൂന്‍കാല ബജറ്റുകളില്‍ കമ്മി 10,000 കോടിയില്‍ താഴെയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ബജറ്റില്‍ 13,066 കോടിയായി വര്‍ദ്ധിച്ചിരിക്കുന്നു. കേരളത്തിന്റെ കടബാദ്ധ്യത 1,55,000 കോടിയായതില്‍ ഈയടുത്തിടെ ഇറക്കിയ ധവളപത്രത്തില്‍ വിലപിച്ച ധനമന്ത്രി തന്നെയാണ് ഇടത് സര്‍ക്കാരിന്റെ കീഴില്‍ കമ്മി 13,066 കോടിയായി ഉയര്‍ത്തുന്നത്. 12,000 കോടി രൂപാ സമാഹരിച്ച് വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രിയുടെ ബജറ്റ് പ്രസ്താവനയില്‍ പറയുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നംപോലെ അര്‍ത്ഥശൂന്യമാണ്. യഥാര്‍ത്ഥത്തില്‍ ഉല്‍പാദനച്ചിലവ് ഉയര്‍ന്നതോതിലുള്ള കേരളത്തില്‍ അത് കുറയ്ക്കാന്‍ ശ്രമിക്കയല്ലേ വേണ്ടത്? അതിനായി എന്ത് നടപടിയാണ് ബജറ്റിലുള്ളത്? സ്വപ്‌നലോകത്ത് വാക്കുകളും അക്കങ്ങളുംകൊണ്ട് ജനങ്ങളുടെ കൈയടിവാങ്ങാനും പ്രത്യാശ സൃഷ്ടിക്കാനും കഴിഞ്ഞെന്നുവന്നേക്കാം. അരി, ഗോതമ്പ്, മൈദ, ആട്ട, റവ, വെളിച്ചെണ്ണ, അലക്ക് സോപ്പ് എന്നിവയുടെ വില ഗണ്യമായി വര്‍ദ്ധിക്കാന്‍ ബജറ്റ് ഇടയാക്കുമെന്ന് ബജറ്റ് പഠിച്ച വിദഗ്ദന്മാര്‍ പറയുന്നു. ഇത് ജനവിരുദ്ധമല്ലേ? രജിസ്‌ട്രേഷന്‍ നിരക്കില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വന്‍ വര്‍ദ്ധന കുടുംബ ജീവിതത്തോട് ബന്ധപ്പെട്ട സ്വത്തിടപാടുകള്‍ക്കുള്ള ചെലവ് വര്‍ദ്ധിപ്പിക്കും. 3.51 ശതമാനം ധനകമ്മിയും 1.98 ശതമാനം റവന്യു കമ്മിയും ഒരു രോഗഗ്രസ്ത സമ്പദ്ഘടനയെ തന്നെയാണ് വിളിച്ചോതുന്നത്. ഒരു വ്യാഴവട്ടക്കാലം മുന്‍പ് 'ഫിസ്‌ക്കല്‍ മാനേജ്‌മെന്റ് നിയന്ത്രണ നിയമം' കൊണ്ട് വന്ന ഭാരതത്തില്‍ ഓരോ കൊല്ലവും റവന്യൂ കമ്മിയും ധനകമ്മിയും കുറച്ചുകൊണ്ടുവന്ന് സന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് നിശ്ചയിച്ചിരുന്നതാണ്. പക്ഷേ ഇത് കേരളം ലംഘിക്കുന്നു. ഇക്കാര്യത്തില്‍ ലക്ഷ്യത്തിന്റെ നേരെ എതിര്‍ദിശയിലേക്കാണ് കേരളം പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ഈ ബജറ്റ് തെളിയിക്കുന്നു. ഒരു ഭരണകൂടത്തിന് അനിവാര്യമായും വേണ്ട ആത്മാര്‍ത്ഥത കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് ഇല്ലെന്നുള്ളതാണ് ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനോട് ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങള്‍ ബോധപൂര്‍വ്വം തുറന്നുപറയാത്തതില്‍നിന്നും അനുമാനിക്കേണ്ടത്. അഞ്ച് വര്‍ഷംകൊണ്ട് കേരളത്തിലെ പാര്‍പ്പിടപ്രശ്‌നത്തിന് പൂര്‍ണ്ണ പരിഹാരം ഉണ്ടാകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ശൗചാലയ സൗകര്യം വ്യാപകമാക്കാനും പുതുതായി സ്ഥാപിക്കാനും ശുചിത്വം ഉറപ്പുവരുത്താനും വന്‍ പദ്ധതികളാണ് ബജറ്റുവഴി പ്രഖ്യാപിച്ചിട്ടുള്ളത്. സാമൂഹ്യസുരക്ഷയ്ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നതിനും ബജറ്റ് മുന്‍ഗണന നല്‍കുമെന്ന് പറയുന്നു. സ്വാശ്രയ പദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തില്‍ നാലുവരിപ്പാതകളുടെ വ്യാപനവും വന്‍ നേട്ടമായി ബജറ്റ് കാട്ടുന്നുണ്ട്. ഇതൊക്കെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമായി ലഭിക്കുന്ന തുകകൊണ്ടാണ് നടത്തുന്നതെന്ന സത്യം ബജറ്റില്‍ ബോധപൂര്‍വ്വം തമസ്‌കരിച്ചിരിക്കുന്നു. കേരളത്തിന്റെ പദ്ധതി വിഹിതം 90,000 കോടിയായി നിശ്ചിത കൊല്ലങ്ങള്‍കൊണ്ട് ലഭിക്കാന്‍ പോകുന്നത് ഇപ്പോഴത്തേതിന്റെ മൂന്നിരട്ടിയാണ്. കേരളം സാമ്പത്തിക പ്രതിസന്ധികൊണ്ട് നട്ടംതിരിയുന്ന അന്തരീക്ഷത്തില്‍ 4000 കോടി അധികമായി കേരളത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയെന്ന കാര്യവും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ബജറ്റില്‍ ഈ സഹകരണ സമീപനം ചൂണ്ടിക്കാട്ടാതെപോയത് ശരിയായില്ല. പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തിയ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധത ഒരു നിലയ്ക്കും ന്യായീകരിക്കതക്കതല്ല. 15 വര്‍ഷത്തിലേറെ പഴക്കമുളള്ള സ്വകാര്യ വാഹനങ്ങള്‍ക്കും 10 വര്‍ഷത്തിലേറെ പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഹരിതനികുതി ഏര്‍പ്പെടുത്താന്‍ പോകുന്നത്. അതിസമ്പന്നരും വന്‍കിടക്കാരുമായ ആളുകള്‍ പുതിയ വാഹനമെടുത്താല്‍ ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ അത് കൈമാറ്റം ചെയ്യുമെന്നുറപ്പാണ്. സാധാരണക്കാരും ചെറുകിട ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങളുമൊക്കെയാണ് പഴയവാഹനങ്ങള്‍ വാങ്ങി ഓടിക്കുന്നത്. അവരുടെമേല്‍ ഹരിത നികുതി ഏര്‍പ്പെടുത്തുകയും അതിസമ്പന്നന്മാരെയും മറ്റും അതില്‍നിന്നും ഒഴിവാക്കുകയുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. പത്ത് കൊല്ലം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ക്കുമേല്‍ നിരോധനം കൊണ്ടുവന്ന ഹരിത ട്രൈബ്യൂണല്‍ വിധി ജനവിരുദ്ധമെന്ന് കണ്ട് ജനങ്ങള്‍ പ്രതിഷേധിച്ച നാടാണ് കേരളം. ഹരിത ബഞ്ചിന്റെ തെറ്റായ വിധിയെ അംഗീകരിച്ച് കേരള ഭരണകൂടം നീങ്ങുന്നത് ദൗര്‍ഭാഗ്യകരമാണ്. കേരളത്തില്‍ റവന്യൂ വരുമാനമായി കാട്ടിയിട്ടുള്ളത് 84,616 കോടി രൂപയോളമാണ്. ഇത്രയുമോ അതിനടുത്തോ പണം പ്രവാസികളുടേതായി കേരളത്തിലേക്ക് പ്രതിവര്‍ഷം ഒഴുകിയെത്തുന്നുണ്ടെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. പക്ഷേ കേരള ബജറ്റില്‍ പ്രവാസികളെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്നു. കേരളത്തില്‍ ഏറ്റവുമധികം മൂലധന നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക് ബജറ്റില്‍ ഒന്നുമില്ല. യഥാര്‍ത്ഥത്തില്‍ ആവശ്യം വരുമ്പോള്‍ കറവപ്പശുവും അതുകഴിഞ്ഞാല്‍ കറിവേപ്പിലയുമാണ് പ്രവാസികളെന്ന് ബജറ്റ് തെളിയിച്ചിരിക്കുന്നു. ജനപ്രിയ ബജറ്റ് എന്ന് കൊട്ടിഘോഷിക്കുന്ന ഇപ്പോഴത്തെ കേരള ബജറ്റ് ജനങ്ങള്‍ക്ക് വേണ്ടത്ര ഗുണകരമെന്ന് ആര്‍ക്കും പറയാനാവില്ല. ചെറുകിടക്കാരെ പിഴിയുകയും വന്‍കിടക്കാരെ ഒഴിവാക്കുകയും ചെയ്യുന്ന രീതിയിലുള്ള നികുതി നിര്‍ദ്ദേശങ്ങള്‍ നമ്മുടെ നാടിന് ദോഷകരമാണ്. കന്നിബഡ്ജറ്റില്‍ ദീര്‍ഘകാല ആസൂത്രണത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രകടമല്ലാത്ത ഒരു ഭരണകൂടത്തില്‍നിന്നും ഭാവിയിലും വളരെയൊന്നും പ്രതീക്ഷിക്കുന്നതിലര്‍ത്ഥമില്ല. psspillai@yahoo.in

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.