കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിപ്രകാരം മരങ്ങള്‍ നടുന്നത് സമതുലപ്പെടുത്തുന്നതിന് മാത്രമാകരുത് : പ്രകൃതി സംരക്ഷണ സമിതി

Saturday 9 July 2016 9:05 pm IST

വൈത്തിരി : ബജറ്റില്‍ പ്രഖ്യാപിച്ച കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പദ്ധതി ജില്ലയിലെ ജനങ്ങളുടെ ആളോഹരി കാര്‍ബണ്‍ നിര്‍ഗമനം കണക്കാക്കി സമതുലപ്പെടുത്തുന്നതിനാവശ്യമായ മരങ്ങള്‍ നട്ടുവളര്‍ത്തുന്നതു മാത്രമായി പരിമിതപ്പെടുത്തരുതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജില്ലയില്‍ തുടരുന്ന കരിങ്കല്‍, മണല്‍ ഖനനം, നെല്‍വയല്‍ നികത്തല്‍, കുന്നിടിക്കല്‍, ബഹുനില കെട്ടിട നിര്‍മാണം എന്നിവ നിയന്ത്രിക്കുന്നതിനും തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ എത്തിയ വയനാടന്‍ പരിസ്ഥിതിയുടെ സമഗ്ര പുനരുജ്ജീവനത്തിനും ഉതകുന്ന വിധത്തിലായിരിക്കണം പദ്ധതി നിര്‍വഹണം. കാപ്പിക്കുപുറമേ സുഗന്ധവിളകള്‍, തനത് നെല്ലിനങ്ങള്‍, പഴവര്‍ഗങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, വിഷരാസ മുക്ത പച്ചക്കറികള്‍ എന്നിവയ്ക്ക് ഭൗമസൂചികാപദവി ലഭ്യമാക്കി വിപണനം ചെയ്യാന്‍ പദ്ധതി ഉപയോഗപ്പെടുത്തണം. ഇന്ത്യയില്‍ എറ്റവും കൂടുതല്‍ മനുഷ്യവന്യജീവി സംഘര്‍ഷമുള്ള പ്രദേശമാണ് വയനാട്. എന്നിരിക്കെ വന്യജീവി പ്രതിരോധത്തിനുള്ള 100 കോടി രൂപയുടെ ബജറ്റ് വിഹിതം നഷ്ടപരിഹാരം നല്‍കാനും കമ്പിവേലി, കിടങ്ങ്, മതില്‍ എന്നിവ നിര്‍മിക്കാനും മാത്രമായി വിനിയോഗിക്കരുത്. കര്‍ഷകര്‍, വിദഗ്ധര്‍, ജനപ്രതിനിധികള്‍, വനം ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ കൂടിയാലോചിച്ച് വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി പ്രാവര്‍ത്തികമാക്കണം. ബജറ്റില്‍ നീക്കിവെച്ച തുകയുടെ സിംഹഭാഗവും കാടിനകത്തുള്ള കുടുംബങ്ങളെ പുറത്തുകൊണ്ടുവന്ന് പുനരധിവസിപ്പിക്കുന്നതിനു പ്രയോജനപ്പെടുത്തണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കാട് കൈയേറിയവരടക്കം ഭൂരഹിതരായ ആദിവാസികളെ അവര്‍ താമസിച്ചിരുന്ന പ്രദേശത്തിനടുത്ത് ഭൂമി വിലയ്ക്കുവാങ്ങി പുനരധിവസിപ്പിക്കാന്‍ ബജറ്റ് വിഹിതം ഉപയോഗപ്പെടുത്തണം. വന്‍കിട തോട്ടം ഉടമകളുടെ അനധികൃത കൈവശത്തിലുള്ള ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെ ന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷനായിരുന്നു. സെക്രട്ടറി തോമസ് അമ്പലവയല്‍, ബാബു മൈലമ്പാടി, എം.ഗംഗാധരന്‍, സണ്ണി മരക്കടവ്, പി.സുരോഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.