മുസ്ലിം രാഷ്ട്രീയത്തിന് തിരിച്ചടിയേറ്റതായി ലീഗ് പ്രവര്‍ത്തക സമിതി

Saturday 9 July 2016 10:35 pm IST

കോഴിക്കോട്: തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയേക്കാള്‍ മുസ്ലിംരാഷ്ട്രീയത്തിന് തന്നെ തിരിച്ചടിയേറ്റതായി മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന മുസ്ലിംലീഗ്‌സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേറ്റ തിരിച്ചടിയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാനസമിതി മൂന്ന് കമ്മിറ്റികളെ നിയോഗിച്ചിരുന്നു. സംസ്ഥാന ട്രഷറര്‍ പി.കെ.കെ. ബാവയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് ആരംഭിച്ചത്. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ അഡ്വ. യു.എ. ലത്തീഫ്, അഡ്വ. റഹ്മത്തുള്ള, കെ.എന്‍.എ. ഖാദര്‍ ഗുരുവായൂര്‍, താനൂര്‍ മണ്ഡലങ്ങളിലെ പരാജയത്തെകുറിച്ച് പഠിക്കാന്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളെയുമായിരുന്നു നിയോഗിച്ചത്. മുസ്ലിംലീഗിന് സീറ്റുകള്‍ നിലനിര്‍ത്താനയെങ്കിലും കനത്തതോതില്‍ വോട്ട്‌ചോര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് സംഘടനാപരമായി ദുര്‍ബലരായിരിക്കുകയാണ്. കോണ്‍ഗ്രസ് തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ യുഡിഎഫ് സംവിധാനത്തെക്കുറിച്ചും പുനരാലോചന നടത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ പ്രചാരണക്കൊടുങ്കാറ്റിനെ തടഞ്ഞുനിര്‍ത്താന്‍ കോണ്‍ഗ്രസിനായില്ല. രാഹുല്‍ഗാന്ധിയടക്കമുള്ളവര്‍ പ്രചാരണ രംഗത്ത് നിന്ന് ഒഴിഞ്ഞുനിന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുണ്ടായ അനൈക്യം നിയമസഭാ തെരെഞ്ഞെടുപ്പിലും തുടര്‍ന്നു. പലസ്ഥലങ്ങളിലും കോണ്‍ഗ്രസ് സിപിഎമ്മുമായി പരസ്പരബാന്ധവത്തിലായിരുന്നു. ന്യൂനപക്ഷ വര്‍ഗീയതയെ ഫലപ്രദമായി മുതലെടുത്തുകൊണ്ട് സിപിഎം നേട്ടംകൊയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് തുടരുന്നു. അകത്തുനിന്നും പുറത്തുനിന്നും മുസ്ലിംലീഗിനെപരാജയപ്പെടുത്താന്‍ ശ്രമം ഉണ്ടായി. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തിരിച്ചടി തുടങ്ങി. എന്നാല്‍ ഇത് പരിഹരിക്കാന്‍ നേതൃത്വത്തിന്കഴിഞ്ഞില്ല. ഇ. അഹമ്മദടക്കമുള്ള ജനപ്രതിനിധികളുടെ മോശം പ്രകടനവും പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.