ഗാന്ധിജി യാത്ര ചെയ്ത വഴിയെ മോദി

Sunday 10 July 2016 12:13 am IST

ഗാന്ധിജി സഞ്ചരിച്ച പെന്റിച്ച്-പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ് തീവണ്ടിയാത്രയുടെ
ഓര്‍മ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തീവണ്ടിയില്‍ യാത്ര ചെയ്യുന്നു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലേക്കുള്ള ഓരോ യാത്രയും തീര്‍ത്ഥയാത്രയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ചരിത്രപ്രസിദ്ധമായ തീവണ്ടിയാത്ര ചെയ്ത വഴിയെ യാത്ര ചെയ്തും നെല്‍സണ്‍ മണ്ടേലയുടെ പ്രിയ വേഷമായ ബാറ്റിക് സില്‍ക്ക് മാഡിബ ഷര്‍ട്ട് ധരിച്ച് പൊതുപരിപാടിയില്‍ പ്രസംഗിച്ചും മോദി തരംഗമായി.

മഹാത്മാഗാന്ധി വര്‍ണ്ണവിവേചനത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ പെന്റിച്ച്- പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ് തീവണ്ടിയാത്ര അരമണിക്കൂറില്‍ പൂര്‍ത്തിയാക്കിയ മോദി, ഇവിടെയാണ് ഒരു മനുഷ്യന്‍ തന്റെ യാത്ര അവസാനിപ്പിച്ച് മഹാത്മാവിലേക്കുള്ള യാത്ര ആരംഭിച്ചതെന്ന് അനുസ്മരിച്ചു. 1893 ജനുവരി ഏഴിന് ഒന്നാം ക്ലാസ് ടിക്കറ്റുമായി യാത്ര ചെയ്ത ഗാന്ധിജിയെ വെള്ളക്കാര്‍ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടത് പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ്ഗിലാണ്. ഗാന്ധിജിയുടെ അഹിംസാ സമര ജീവിതത്തിന്റെ തുടക്കമേകിയ സംഭവമായിരുന്നു അത്. ചരിത്ര സ്മരണകളിരമ്പുന്ന പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ്ഗില്‍ 126 വര്‍ഷങ്ങള്‍ക്ക് ശേഷം ഗാന്ധിജിയുടെ നാട്ടില്‍ നിന്നുള്ള പ്രധാനമന്ത്രിയെത്തിയതും സവിശേഷമായി.

സ്വാസുലുനാറ്റര്‍ പ്രവിശ്യാ മേധാവിക്കൊപ്പം എത്തിയ മോദി സത്യഗ്രഹത്തിന്റെ ജന്മസ്ഥലം എന്ന പേരിലുള്ള ഗാന്ധി സ്മാരകം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി.
റെയില്‍വേ സ്റ്റേഷനില്‍ ഗാന്ധിജിയുടെ ജീവചരിത്രം സംബന്ധിച്ച പ്രദര്‍ശനവും മോദി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡര്‍ബനില്‍ ഗാന്ധിജി സ്ഥാപിച്ച ഫീനിക്‌സ് സെറ്റില്‍മെന്റായ സര്‍വോദയത്തിലും മോദി സന്ദര്‍ശനം നടത്തി. മഹാത്മാഗാന്ധിയുടെ ചെറുമകള്‍ ഇളാ ഗാന്ധിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇവിടെ വൃക്ഷത്തൈകളും മോദി നട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.