രാജ്യം സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു

Sunday 10 July 2016 7:43 pm IST

ഭരതന്‍ ശ്രീരാമന്റെ പാദം വന്ദിച്ചുകൊണ്ട് പറഞ്ഞു. ഹേ മഹാരാജാവേ ഈ രാജ്യം അങ്ങ് എന്റെ അമ്മയെ ബഹുമാനിച്ചുകൊണ്ട് എനിക്കു നല്‍കി. ഇതുവരെ അങ്ങേക്കുവേണ്ടി ഞാനിതു കാത്തുരക്ഷിച്ചു. മഹത്തായ ഈ രാജ്യത്തിന്റെ വലിയ ഭാരം താങ്ങാന്‍ എനിക്കു ശക്തിയില്ല. ഞാനീ രാജ്യം അങ്ങേക്കു തിരിച്ചേല്‍പ്പിക്കുന്നു. ഇപ്പോഴാണ് എന്റെ ജന്മം സഫലമായത്. അങ്ങയുടെ ഭണ്ഡാരവും ധാന്യപ്പുരയും നഗരവും സേനയും അങ്ങയുടെ കാരുണ്യത്താല്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇനി അങ്ങ് അങ്ങയുടെ രാജ്യത്തെയും ഞങ്ങളെയും ഈ ഭുവനത്തെയും പരിപാലിക്കണം. അങ്ങല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരാശ്രയമില്ല.'' ശ്രീരാമന്‍ സന്തുഷ്ടനായി 'അങ്ങനെ തന്നെ' യെന്നു പറഞ്ഞു. രാമന്‍ അമ്മമാരെയും വിമാനത്തില്‍ കയറ്റി നന്ദിഗ്രാമത്തില്‍ ചെന്നിറങ്ങി. പിന്നെ വിമാനത്തോട് കുബേരന്റെ അടുത്തേക്കു മടങ്ങിപ്പോകാനും താന്‍ വിചാരിക്കുന്ന സമയത്തുവരണമെന്നും പറഞ്ഞുവിട്ടു. വിമാനം അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥനു തിരിച്ചു കിട്ടി. നന്ദിഗ്രാമത്തില്‍ വന്ന വസിഷ്ഠനും വാമദേവാദി മുനികളും അങ്ങ് രാജ്യഭാരം ഏറ്റെടുത്ത് ഭൂതലത്തെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. ''മാനസേഖേദമുണ്ടാകരുതാര്‍ക്കുമേ ഞാനയോദ്ധ്യാധിപനായി വസിക്കാമല്ലോ'' യെന്ന് ഭഗവാന്‍ ശ്രീരാമന്‍ സമ്മതിച്ചു. അതിനുള്ളതെല്ലാം ഒരുക്കാനും കല്‍പിച്ചു. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.