റെയില്‍വേയില്‍ ഇ-ടിക്കറ്റിംഗ്‌ വരുന്നു

Tuesday 5 July 2011 8:37 pm IST

ന്യൂദല്‍ഹി: ഇ-ടിക്കറ്റിങ്ങ്‌ സേവനങ്ങള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ തയ്യാറാകുന്നു. ട്രാവല്‍ ഏജന്റുമാര്‍ക്ക്‌ ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയില്ല.
ഐആര്‍സിടിസിയുടെ ഇ ടിക്കറ്റിംഗ്‌ സേവനങ്ങള്‍ പോലെ ട്രാവല്‍ ഏജന്റുമാര്‍ക്കും മറ്റു വാണിജ്യ സംഘടനകള്‍ക്കും ഇതില്‍ ഭാഗഭാക്കാകാന്‍ കഴിയില്ല. കമ്പ്യൂട്ടറില്‍ വ്യക്തിഗത ഉപഭോക്താക്കള്‍ക്ക്‌ മാത്രമേ ബുക്കിംഗ്‌ അനുവദിക്കൂ.
വ്യക്തിഗത ഉപഭോക്താക്കള്‍ ഇ പദ്ധതിപ്രകാരം തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌.
ഒരു വ്യക്തിക്ക്‌ ഒരു മാസം 8 തവണമാത്രമേ ഈ സൗകര്യം ലഭ്യമാവൂ. സ്ലീപ്പറിന്‌ 5 രൂപയും മറ്റ്‌ എല്ലാ ക്ലാസുകള്‍ക്കും 10രൂപയുമാകും ഫീസ്‌ വസൂലാക്കുന്നത്‌. ഐആര്‍സിടിസി സ്ലീപ്പറിന്‌ പകരം 10 ഉം മറ്റു ക്ലാസുകള്‍ക്ക്‌ 20രൂപയുമാണ്‌ ചാര്‍ജ്‌ ചെയ്യുന്നത്‌. ഡബ്ല്യുഡബ്ല്യുഡബ്ല്യു.ഇന്ത്യന്‍റെയില്‍വേസ്‌.ഗവ.ഇന്‍ എന്ന വെബ്‌ സൈറ്റിലൂടെ പുതിയ സേവനം ലഭ്യമാകും. പണമിടപാടുകളെ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമായാല്‍ ഉദ്ഘാടനം പ്രഖ്യാപിക്കും. ഉച്ചക്ക്‌ 12.30 മുതല്‍ രാത്രി 11.30 വരെ ഈ സേവനം ലഭ്യമാകും.