ചേര്‍ത്തല: കുടുംബി യുവജനസംഘം സംസ്ഥാന സമ്മേളനം 17 ന് ചേര്‍ത്തലയില്‍ നടക്കും. ബ്രാഹ്മണ സമൂഹമഠം ഹാളില്‍ നടക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ ടി.എസ്.ശരത്കുമാര്, എം. മനോജ് എന്നിവര്‍ പറഞ്ഞു. മറ്റ് സമുദായങ്ങള്‍ മാറി വരുന്ന സര്‍ക്കാരുകളെ സ്വാധീനിച്ച് സംവരണ ആനുകൂല്യങ്ങളടക്കം നേടിയപ്പോള്‍ കുടുംബി സമുദായത്തിന് ലഭിച്ചത് ഒരുശതമാനം പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള സംവരണം മാത്രമാണെന്ന് അവര്‍ പറഞ്ഞു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന സമുദായത്തില്‍ പെട്ട അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ തൊഴിലിനായി അലയുകയാണ്.
ഏഴുലക്ഷത്തോളം വരുന്ന സമുദായ അംഗങ്ങളില്‍ നാമമാത്രമായ ആളുകള്‍ക്കാണ് സര്‍ക്കാര്‍ ഉദ്യോഗമുള്ളത്. സമുദായത്തിന് ഒരുശതമാനം തൊഴില്‍ സംവരണം അടിയന്തരമായി നടപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
രാവിലെ പത്തിന് ചേരുന്ന സമ്മേളനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന് വിദ്യാഭ്യസ അവാര്‍ഡ് വിതരണം നടത്തും. ടി.എസ്. ശരത്കുമാര് അധ്യക്ഷത വഹിക്കും.
കുടുംബി സേവാസംഘം സംസ്ഥാന പ്രസിഡന്റ് കെ.വി. ഭാസ്കരന് മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. രാമചന്ദ്രന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. മെഡിക്കല്‍, എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയ സമുദായ അംഗങ്ങളെ ചടങ്ങില്‍ അവാര്‍ഡ് നല്കി ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: