ബംഗാള്‍ കോണ്‍ഗ്രസിന് മമതയുടെ പ്രഹരം

Sunday 10 July 2016 9:49 pm IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ കോൺഗ്രസിന് മുഖ്യമന്ത്രി മമത ബാനർജിയുടെ ഓർക്കാപ്പുറത്തുള്ള പ്രഹരം. നിയമസഭയിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയർമാൻ (പിഎസി) നിയമനത്തിലാണ് പാർട്ടിയെ മമത കുരുക്കിയത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് മനസ് ഭുനിയയെ സ്പീക്കർ ബിമൻ ബാനർജി പിഎസി ചെയർമാനായി നിയമിച്ചു. പാർട്ടിയുടെ എതിർപ്പ് അവഗണിച്ച് ഭുനിയ പദവി ഏറ്റെടുത്തു. മുന്നണി ധാരണ പ്രകാരം പിഎസി ചെയർമാൻ സ്ഥാനം സിപിഎമ്മിന് നൽകാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതൃ സ്ഥാനം കോൺഗ്രസിനാണ്. അതിനാൽ പിഎസി ചെയർമാൻ പദവി സിപിഎമ്മിനു നൽകുന്നുവെന്നാണ് കോൺഗ്രസ് സംസ്ഥാന ഘടകം വിശദീകരിച്ചത്. ഇതനുസരിച്ച് പ്രതിപക്ഷ നേതാവ് അബ്ദുൾ മന്നൻ സ്പീക്കർക്ക് കത്തും നൽകി. എന്നാൽ, മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശം സ്വീകരിച്ച സ്പീക്കർ ഭുനിയയെ നിയോഗിച്ചു. വെള്ളിയാഴ്ച നിയമന ഉത്തരവ് ലഭിച്ച ഭുനിയ, ഇതൊരു വെല്ലുവിളിയെന്നും പ്രതീക്ഷയ്‌ക്കൊത്തു പ്രവർത്തിക്കാൻ ശ്രമിക്കുമെന്നുമാണ് പ്രതികരിച്ചത്. സംഭവത്തെത്തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു. എന്നാൽ, ഭുനിയയ്‌ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ വ്യക്തതയുണ്ടായില്ല. അതേസമയം, പിഎസി യോഗം ബഹിഷ്‌കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി സൂചന. ഭൂനിയയെ പുറത്താക്കി തൃണമൂൽ കോൺഗ്രസിന് ആയുധം നൽകുന്നതിനോട് ഒരുവിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. എന്നാൽ, നടപടി വേണമെന്ന് ഇവരും ആവശ്യപ്പെടുന്നു. പാർട്ടി വിടുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് ഭുനിയയോട് അടുപ്പമുള്ളവർ വ്യക്തമാക്കുന്നത്. സംഭവത്തിൽ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചിട്ടില്ല. ഭുനിയയുടെ വഞ്ചന ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുമെന്ന് മുതിർന്ന നേതാവ് പറഞ്ഞു. ജ്യോതിബസുവിന്റെ കാലം മുതൽ നിയമസഭയിലുണ്ട് മനസ് ഭുനിയ. മുതിർന്ന നേതാവായ ഇദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, നറുക്ക് വീണത് അബ്ദുൾ മന്നന്. കിട്ടിയ അവസരം മുതലാക്കി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു ഭുനിയ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.