പാലാ-ഉഴവൂര്‍-കൂത്താട്ടുകുളം റൂട്ടില്‍ ബസുകള്‍ ട്രിപ്പ് മുടക്കുന്നു

Sunday 10 July 2016 10:07 pm IST

ഉഴവൂര്‍: കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍ നിന്ന് ഉഴവൂര്‍ വഴി സര്‍വീസ് നടത്തുന്ന തൃശൂര്‍, പാലക്കാട് ബസുകള്‍ സ്ഥിരമായി മുടങ്ങുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഈ ബസുകള്‍ ഇല്ലാതായത് യാത്രക്കാരെ വെട്ടിലാക്കി. ബസ് കാത്ത് നില്‍ക്കുന്നവര്‍ വിവരം തിരക്കി കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് വിളിച്ചാല്‍ ബസില്ലെന്ന് പറഞ്ഞശേഷം ഫോണ്‍ ഡിസ്‌കണക്ട് ചെയ്യുന്നതിനാല്‍ വിവരമറിയാനാകാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാര്‍. രാവിലെ 6ന് ഉഴവൂര്‍ വഴി തൃശൂര്‍ക്ക് സര്‍വീസ് നടത്തുന്ന ബസ് ഉച്ചകഴിഞ്ഞ് 2ന് വീണ്ടും സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞത്തെ ട്രിപ്പുകള്‍ പലദിവസങ്ങളിലും ഇല്ലാതാകുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. വൈകിട്ട് 4.30ന് പാലായില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന പാലക്കാട് ബസ് എല്ലാദിവസവും എത്താറില്ല. ബസ് ട്രിപ്പ് മുടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഈ റൂട്ടിലൂടെ സര്‍വീസ് നടത്തിയിരുന്ന കെ.ആര്‍ നാരായണ്‍ബസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നാടിന് കെഎസ്ആര്‍ടിസി സമ്മാനമായി നല്‍കിയ മൂവാറ്റുപുഴ-തിരുവനന്തപുരം ബസ് സര്‍വീസ് നിലച്ചിട്ട് ഏറെ നാളായി. ഉഴവൂര്‍, പെരുന്താനം, കുറിച്ചിത്താനം, പൂവത്തുങ്കല്‍ പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തിയിരുന്ന ബസ് രാഷ്ട്രപതി സ്ഥാനത്തുനിന്നും കെ. ആര്‍. നാരായണന്‍ മാറിയശേഷവും സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ പിന്നീട് മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് ഈ സര്‍വീസ് നിര്‍ത്തലാക്കുകയായിരുന്നു. കൂത്താട്ടുകുളത്ത് കെഎസ്ആര്‍ടിസി സബ് ഡിപ്പോയായി ഉയര്‍ത്തിയശേഷവും ഉഴവൂര്‍ പ്രദേശത്തേക്ക് കൂത്താട്ടുകുളം ഡിപ്പോയില്‍നിന്ന് സര്‍വീസുകള്‍ കുറവാണ്. കെ.ആര്‍ നാരായണന്റെ അനുസ്മരണാര്‍ത്ഥമുള്ള ബസെങ്കിലും തുടങ്ങി നാടിന്റെ യാത്രാക്ലേശം പരിഹരിക്കണമെന്നാണ് ആവശ്യം ശക്തമായിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.