കളമശേരി: വൈറ്റ് ടോപ്പിംഗ് റോഡ് നിര്‍മാണം നടക്കുന്ന എച്ച്എംടി റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇരു വാഹനങ്ങളിലുണ്ടായിരുന്ന ആറുയാത്രക്കാര്‍ക്ക് പരിക്കേറ്റു. എല്ലാവരും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇന്‍ഡിക്ക കാറില്‍ യാത്ര ചെയ്ത ആലുവ കോമ്പാറ കുടിയിക്കല് വീട്ടില്‍ ജിബേഷ് (31) അരുണ്‍ (21) തുടങ്ങിയവരെ ആലുവ രാജഗിരി മെഡിക്കല്‍ കോളേജിലും ഹോണ്ട കാറില്‍ യാത്ര ചെയ്ത പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി കോമ്പക്കാര് വീട്ടില്‍ സുഹൈല്‍ (33) നീതു (27) സന (6) നബില്‍ (1) തുടങ്ങിയവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നബില്‍ ന് പരുക്ക് ഗുരുതരമാണന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടിയെ തുടര്‍ന്ന് ഇരു കാറുകളും തകര്‍ന്നു.
എച്ച്എംടി കമ്പനിക്കും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും ഇടയിലായിരുന്നു അപകടം. വരാപ്പുഴയില്‍ നിന്ന് കോമ്പാറയ്ക്ക് വരികയായിരുന്ന ഇന്‍ഡിക്ക കാറും തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന ഹോണ്ടാ സിറ്റിയും തമ്മിലാണ് ഇടിച്ചത്. കഴിഞ്ഞ മാസം രണ്ട് ടിപ്പര്‍ ലോറികള്‍ ഇതേ റോഡില്‍ കൂട്ടിയിടിച്ചിരുന്നു. വൈറ്റ് ടോപ്പിംഗ് റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണം കാരണമാണ് അപകടങ്ങള്‍ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. വൈറ്റ് ടോപ്പിംഗ് റോഡും സി പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡും കൂടിച്ചേരുന്ന മേഖലയിലും അപകടങ്ങള്‍ നിത്യസംഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: