അനധികൃത വിദേശമദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ് സ്പിരിറ്റ് രാജാവ് ദഫെദാര്‍ അനിലും കൂട്ടാളികളും അറസ്റ്റില്‍ പ്രതികളില്‍ നിന്നും 60,000 രൂപയും 30 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

Sunday 10 July 2016 10:28 pm IST

പിടിയിലായ പ്രതികള്‍. വലത്തെയറ്റത്ത് അനില്‍. അനധികൃത വിദേശമദ്യനിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന സാമഗ്രികള്‍, അറസ്റ്റ് വിവരമറിഞ്ഞ് വീടിന് മുന്നില്‍ തട്ടിച്ചുകൂടിയ നാട്ടുകാര്‍

ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ വെളയനാട് പള്ളിക്കുമുമ്പില്‍ ഇരുനില വീടുവാടകക്കെടുത്ത് വര്‍ക്ക് ഷോപ്പ് നടത്തുന്നതിന്റെ മറവില്‍ നടന്നുവന്നിരുന്ന വ്യാജഡിസ്റ്റലറി പോലീസ് റെയ്ഡ് ചെയ്ത് പ്രതികളെയും നിര്‍മ്മാണത്തിലിരുന്ന സ്പിരിറ്റും വ്യാജവിദേശമദ്യവും പിടിച്ചെടുത്തു. സ്പിരിറ്റ് രാജാവെന്നറിയപ്പെടുന്ന ദഫെദാര്‍ അനില്‍ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ ചിറ്റേഴ്ത്ത് കുമാരന്‍ മകന്‍ അനില്‍ (39), സംഘാംഗങ്ങളായ വെള്ളാങ്കല്ലൂര്‍ സ്വദേശിയായ ചാലിശ്ശേരി ബിനോയ് (37), കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം കപ്പിത്താന്‍ പറമ്പില്‍ രാജേഷ് (38), അമ്പലപ്പുഴ സ്വദേശി നിക്കോളാസ് സൗമ്യഭവനത്തില്‍ തോമസ്സുകുട്ടി(26), വെള്ളാഞ്ചിറ കാഞ്ഞിരത്തിങ്കല്‍ സെലസ്റ്റിന്‍(23), എലിഞ്ഞിപ്ര സ്വദേശി വെട്ടിയാടന്‍ തോമസ്(56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 3000 ലിറ്റര്‍ സ്പിരിറ്റും 1000 ബോട്ടിലോളം അനധികൃതമയി നിര്‍മ്മിച്ച വിദേശമദ്യവും, ഇതു നിര്‍മ്മിക്കാനുള്ള വെളയനാടുള്ള അനധികൃത മിനി ഡിസ്റ്റലറിയുമാണ് പോലീസ് പിടികൂടിയത്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ ജില്ല ക്രൈബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് ബാബു, എസ്‌ഐമാരായ എം.പി.മുഹമ്മദ് റാഫി, എം.ജെ.ജിജോ, മാധവന്‍കുട്ടി, പത്മരാജന്‍, എഎസ്‌ഐമാരായ പി.സി.സുനില്‍, അനില്‍.ടി.ഡി, സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരായ വി.ജി.സ്റ്റീഫന്‍, സി.ആര്‍.പ്രദീപ്, പി.ജയക്ൃഷ്ണന്‍, ജോബ് ചക്കാലക്കല്‍, സൂരജ് വി ദേവ്, ലിജു ഇയ്യാനി, ഹബീബ്, രാകേഷ്, സുദേവ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്..
ബാറുകള്‍ നിരോധിച്ചിട്ടും ജില്ലയില്‍ മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിച്ചുവരുന്നതായി ജില്ല പോലീസ് മേധാവി ആര്‍.നിശാന്തിനി ഐപിഎസ് നിരീഷിച്ചുവന്നതിനെ തുടര്‍ന്ന് ജില്ലാ ക്രൈബ്രാഞ്ച് ദിവസങ്ങളോളം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്പിരിറ്റ് സഹിതം പ്രതികളെ പിടികൂടിയത്. ബാറുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് സമാന്തരമായി വ്യാജഡിസ്റ്റിലറി ആരംഭിച്ച് വ്യാജവിദേശമദ്യം നിര്‍മ്മിച്ച് സംസ്ഥാനത്തുടനീളം വിതരണം നടത്തി വരികയായിരുന്നു പ്രതികള്‍. അതിരപ്പിള്ളി, തൃശ്ശൂര്‍, പാലക്കാട് തുടങ്ങീ സ്ഥലങ്ങളിലേക്ക് സ്ഥിരമായി ലോഡുകള്‍ പോകുന്നതായി പോലീസ് പറഞ്ഞു. 4 മാസങ്ങളോളമായി ഇവര്‍ വിദേശമദ്യം നിര്‍മ്മിച്ചുകൊണ്ടരിക്കുകയായിരുന്നു. കോടികളുടെ മദ്യം നിര്‍മ്മിച്ചു വിതരണം നടത്തിയിട്ടുണ്ടെന്നറിയുന്നു.
വര്‍ക്ക് ഷോപ്പില്‍ കാറുകളുടെ റിപ്പയിറിംഗ് നടത്തിവരുന്നതുകൊണ്ട് നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നില്ല. ദഫൈതര്‍ അനിലിന് കേരളത്തിലുടനീളം വിതരണ സ്പിരിറ്റ് കേസുകള്‍ നിലവിലുണ്ട്. മറ്റ് പ്രതികള്‍ക്കും പിടിച്ചുപറി, അടിപിടി മുതലായ കേസുകള്‍ നിലവിലുണ്ട്. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള സ്റ്റിക്കറുകളും ബോട്ടിലുകളും സീലുകളുമാണ് മദ്യകുപ്പിബോട്ടിലിംഗ് ചെയ്യുന്നതിനായി ഇവര്‍ ഉപയോഗിച്ചു വരുന്നതിനാല്‍ തന്നെ ഇതു വ്യാജമദ്യമാണോയെന്ന് പ്രയാസമാണ്. വെള്ളം പമ്പുചെയ്യുന്ന മോട്ടോര്‍ ഓണ്‍ചെയ്താല്‍ വിവിധ മദ്യനിര്‍മ്മാണ പദാര്‍ത്ഥങ്ങള്‍ നിറച്ച ടാങ്കുകളിലൂടെ വെള്ളം മികസായി മറുവശത്ത് വിദേശമദ്യമായി വരുന്ന രീതിയിലാണ് പ്ലാന്റ് നിര്‍മ്മിച്ചിട്ടുള്ളത്. സ്പിരിറ്റ് കടത്തുന്നതിനും മദ്യകുപ്പികള്‍ വിതരണം ചെയ്യുന്നതിനുമായി ഇവര്‍ നിരവധി കാറുകള്‍ വാങ്ങിസൂക്ഷിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് പത്തോളം ആഡംബരകാറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മാക്‌ഡെവെല്‍സ്, ഇംപീരിയന്‍സ്, ഹണീബി, മാഷന്‍ഹൗസ് എന്നീ കമ്പനികളുടെ വ്യാജവിദേശമദ്യമാണ് ഇവിടെനിന്നും നിര്‍മ്മിച്ച് വിതരണം നടത്തിവന്നിരുന്നത്. ഇത്തരം വ്യാജനിര്‍മ്മിത മദ്യം കഴിക്കുന്നതുമൂലം ജനങ്ങളുടെ കാഴ്ച ശക്തിപോലും അപകടത്തിലാകാന്‍ സാധ്യതയുണ്ട്. ദാഫൈദര്‍ എന്ന മലയാള സിനിമയില്‍ ഇപ്പോള്‍ സര്‍ക്കില്‍ ഇന്‍സ്‌പെക്ടെറുടെ വേഷം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സംഘത്തലവനായ അനില്‍. സംഘാംഗമായ രാജേഷും ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാസെറ്റുകളിലും മറ്റും ഇവര്‍ വ്യാജമദ്യം വിതരണം നടത്തിവരുന്നതായി ജില്ല ക്രൈബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു. പ്രതികളില്‍ നിന്നും 60000 രൂപയും മുപ്പതോളം മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

സിനിമാഭിനയത്തോടൊപ്പം വിദേശമദ്യനിര്‍മ്മാണവും

ഇരിങ്ങാലക്കുട : ഇന്നലെ അറസ്റ്റിലായ സ്പിരിറ്റ് രാജാവായി അറിയപ്പെടുന്ന ദഫൈദര്‍ അനില്‍ സിനിമാഭിനയത്തിലും സീരിയല്‍ അഭിനയത്തിലും കമ്പക്കാരനാണ്. സംഘാംഗമായ രാജേഷും കഥ പറയുമ്പോള്‍ തുടങ്ങിയ പല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവര്‍ സിനിമാ ലൊക്കേഷനുകളിലും മദ്യം വിതരണം നടത്താറുണ്ട്. സിനിമാനട•ാരായതുകൊണ്ട് ഇവര്‍ നാട്ടുകാരുടെ മുമ്പില്‍ സംശയാതീതരായാണ് നടന്നിരുന്നത്. ഈ പ്രതിഛായയുടെ മറവിലാണ് വന്‍വിദേശമദ്യനിര്‍മ്മാണം നടത്തിയിരുന്നത്. ആഡംബരകാറുകളിലുള്ള സഞ്ചാരം, ആഡംബരജീവിതവും നയിച്ചിരുന്നവരായിരുന്നു ഇവര്‍. മദ്യം ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തിച്ചുനല്‍കിയിരുന്നു. ബാറുകള്‍ പൂട്ടിയതിനാല്‍ മദ്യത്തില്‍ നിന്ന് വന്‍ ലാഭമാണ് ഇവര്‍ക്ക് കിട്ടികൊണ്ടിരിക്കുന്നത്. ഇതിന്റെ കണ്ണികളെ ഇനിയും കിട്ടാനുണ്ട്. ഇവര്‍ക്ക് ലഭിക്കുന്ന സ്പിരിറ്റിന്റെ ഉറവിടം, മറ്റു വിതരണക്കാര്‍ ഇതിനെയൊക്കെകുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായി എസ്‌ഐ എംജെ ജിജോ പറഞ്ഞു. ഇത്രയും പരസ്യമായി ഈ രീതിയില്‍ വന്‍വിദേശമദ്യ നിര്‍മ്മാണകേന്ദ്രം നടത്തുവാന്‍ രാഷ്ട്രീയ, പ്രാദേശിക എക്‌സൈസ്, പോലീസ് അധികൃതരുടെ ഒത്താശയുണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.