ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്

Sunday 10 July 2016 11:03 pm IST

പിടിയിലായ അജി ബി.റാന്നി എന്നുവിളിക്കുന്ന അജികുമാര്‍, ബാബു എന്നിവര്‍

ശ്രീകാര്യം(തിരുവനന്തപുരം): തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ ജോലിക്ക് വ്യാജ നിയമന ഉത്തരവ് നല്‍കി നിരവധിപേരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കിയ നാലംഗ സംഘത്തിലെ രണ്ടുപേരെ തുമ്പ പോലീസ് അറസ്റ്റു ചെയ്തു. കോണ്‍ഗ്രസ്സ് (എസ്) യുവജനവിഭാഗം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അജി ബി. റാന്നിയും കൂട്ടാളിയുമാണ് പിടിയിലായത്. ഷെയര്‍ മൈ ബ്ലഡ് എന്ന സന്നദ്ധ സംഘടനയുടെ മറവിലാണ് തട്ടിപ്പ് നടന്നത്.

റാന്നി പുഴവരടി ഒഴുവന്‍പാറ കോട്ടയില്‍ തത്തേറവിളാകം സ്വദേശിയും കേശവദാസപുരം എം.ജി.കോളേജിന് സമീപം എന്‍എസ്പി നഗറില്‍ ജയ് സായി വീട്ടില്‍ ഹൗസ് നമ്പര്‍ 201 ല്‍ വാടകയ്ക്ക് താമസിക്കുന്ന അജി ബി. റാന്നി എന്നുവിളിക്കുന്ന അജികുമാര്‍(38), അരുവിപ്പുറം ജംഗ്ഷന് സമീപം ഇടവന മൂഴിയില്‍ വിഷ്ണു ക്ഷേത്രത്തിനു സമീപം ഷീജ ഭവനില്‍ പേയാട്ബാബു എന്ന് വിളിക്കുന്ന ബാബു(52)എന്നിവരാണ് പോലീസ് പിടിയിലായത്.

ഇവരുടെ കൂട്ടാളികളായ കല്ലയം സ്വദേശിനി ലിന്‍സി(30), റാന്നി സ്വദേശിനി ശോഭന(36) എന്നിവര്‍ ഒളിവിലാണ്. കുളത്തൂര്‍ തൃപ്പാദപുരം സ്വദേശികളായ അംബരീഷും സഹോദരന്‍ അരുണ്‍ ഫിറോഷും വഞ്ചിയൂര്‍ കോടതിയിലും തുമ്പ പോലീസിലും നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ എല്‍ഡി ക്ലാര്‍ക്ക്മാരുടെ നിരവധി ഒഴിവുകള്‍ ഉണ്ടെന്നും അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ ജോലി ശരിയാക്കിത്തരാമെന്നും സംഘം പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്ക് ആദ്യം അഡ്വാന്‍സായി രണ്ടര ലക്ഷം നല്‍കി ജോലി ഉറപ്പാക്കാമെന്നും അപ്പോയ്ന്‍മെന്റ് ഓര്‍ഡര്‍ കൈയില്‍ കിട്ടുമ്പോള്‍ ബാക്കി തുകയായ രണ്ടര ലക്ഷം നല്‍കണമെന്നുമായിരുന്നു വ്യവസ്ഥ.

ഇതനുസരിച്ച് 2015 ജനുവരിയില്‍ കഴക്കൂട്ടം ശാന്തിനഗര്‍ കരുണ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ അംബരീഷിന്റെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് അംബരീഷും സഹോദരന്‍ അരുണ്‍ ഫിറോഷും ചേര്‍ന്ന് ഏഴര ലക്ഷം രൂപ അജികുമാറിന് കൈമാറി. ഇനിയും വേക്കന്‍സിയുണ്ടെന്നും സുഹൃത്തുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ജോലി തരപ്പെടുത്താമെന്നും ഇയാള്‍ പറഞ്ഞതനുസരിച്ച് അംബരീഷിന്റെ സുഹൃത്തുക്കളായ കഴക്കൂട്ടം ഗവ.ഹൈസ്‌കൂളിന് സമീപം കടനടത്തുന്ന അജീഷ്, പോത്തന്‍കോട് സ്വദേശി ഷാജി തുടങ്ങിയരില്‍ നിന്ന് ഈ രീതിയില്‍ ലക്ഷങ്ങള്‍ അജികുമാര്‍ കൈക്കലാക്കി. തുടര്‍ന്ന് മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിയമന ഉത്തരവ് അജികുമാര്‍ തന്നെ നേരിട്ടെത്തി ഇവര്‍ക്ക് കൈമാറി.

നിയമന ഉത്തരവുമായി 2015 മെയ് മാസം 11 ന് ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരത്തെ നന്തന്‍കോട് ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ ദേവസ്വം ബോര്‍ഡ് കോളേജുകളിലേക്കുള്ള അദ്ധ്യാപക ഇന്റര്‍വ്യൂ നടക്കുകയായിരുന്നു. അവിടെ വച്ച് തട്ടിപ്പ് സംഘത്തില്‍പ്പെട്ട പേയാട് ബാബുവിനെ കാണുകയും ഇന്റര്‍വ്യൂ നടക്കുന്നതിനാല്‍ ഇന്ന് ജോയിന്‍ ചെയ്യാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം വന്ന് ജോയിന്‍ ചെയ്യാനും പറഞ്ഞു ബാബു ഇവരെ തിരിച്ചു.

രണ്ട് ദിവസം കഴിഞ്ഞു വീണ്ടും ദേവസ്വം ആസ്ഥാനത്ത് എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ കോടതിയിലും പോലീസിലും പരാതിപ്പെടുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേരെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും റാന്നിയിലെ ഒരു പ്രസ്സില്‍ നിന്നുമാണ് സംഘം ദേവസ്വം ബോര്‍ഡിന്റെ വ്യാജ സീലും ലെറ്റര്‍ പാഡും നിര്‍മ്മിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍, കഴക്കൂട്ടം സിഐ ബാബുരാജ്, തുമ്പ എസ്‌ഐ.ജയസനല്‍, എസ്‌ഐ മാരായ കുമാരന്‍,അജയകുമാര്‍,എ.എസ്‌ഐ ഷാജഹാന്‍, എസ്‌സിപിഒ വിജികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.