വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്‌

Monday 11 July 2016 10:18 am IST

കരുവാരക്കുണ്ട്: പറയന്‍മാട്ടില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. തലനാരിഴക്കാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട് ഒടുന്നതിനിടയില്‍ വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടര മണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ എസ്‌റ്റേറ്റിലേക്ക് പോകുകയായിരുന്ന തൊഴിലാളികളുടെ ജീപ്പ് കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ചിന്നം വിളികളോടെ ജീപ്പിന് നേരെ പാഞ്ഞടുത്ത് ആനകള്‍ വാഹനം അടിച്ചുതകര്‍ത്തു. ജീപ്പ് ഡ്രൈവറടക്കം എല്ലാവരും ഇറങ്ങിയോടി. കുത്തനെയുള്ള ഇറക്കത്തിലേക്ക് ഓടിയ പലരും വീണു. ഡ്രൈവര്‍ ആലിപ്പറ്റ ആലിക്കുട്ടിയുടെ കൈക്ക് സാരമായി പരിക്കേറ്റു. വടക്കേതില്‍ ഷൗക്കത്തലി, തച്ചന്‍പറ്റ മുഹമ്മദാലി, ഇരിങ്ങല്‍തൊടിക കുഞ്ഞിപ്പ, വെള്ളോലി ചന്ദ്രന്‍ എന്നീ തൊഴിലാളികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവര്‍ കരുവാരക്കുണ്ടിലേയും, മേലാറ്റൂരിലെയും സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന ഉടന്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. വനംവകുപ്പ് നിസംഗത വെടിഞ്ഞ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പറയന്‍മാട്ടിന് സമീപം കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. വീടും കൃഷിയിടവും ഉപേക്ഷിച്ച് പലകുടുംബങ്ങളും സുരക്ഷിത സ്ഥലങ്ങള്‍ തേടിപ്പോയി. ഈ സാഹചര്യം മനസിലാക്കി അധികൃതര്‍ എത്രയും വേഗം കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.