തകഴിയില്‍ കള്ളനോട്ട് വ്യാപകമാകുന്നു

Monday 11 July 2016 7:27 pm IST

തകഴി: കള്ളനോട്ടു സംഘത്തിന്റെ താവളമായി തകഴി പഞ്ചായത്ത് മാറുന്നു. സംഘത്തലവന് രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും ഒത്താശ. വര്‍ഷങ്ങളായി കോടികളുടെ സാമ്പത്തിക ഇടപാടു നടത്തുന്ന തകഴി സ്വദേശിയാണ് കള്ളനോട്ടുസംഘത്തിന്റെ തലവന്‍ എന്ന് നാട്ടുകാര്‍ പറയുന്നു. പണം പലിശയ്ക്ക് നല്‍കലില്‍ തുടങ്ങി കള്ളനോട്ടു കച്ചവടത്തില്‍ എത്തിയിട്ടും ഒരിക്കല്‍പോലും പോലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഈയാളില്‍ നിന്നും നാലംഗസംഘം പണം തട്ടിയെടുത്തുവെന്നു കാണിച്ച് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. ഇതില്‍ നിന്നുമാണ് കള്ളനോട്ട് ഇടപാടിനാണ് പണം നല്‍കിയതെന്നു തെളിഞ്ഞത്. കള്ളനോട്ടു വാങ്ങുന്നവരും നല്‍കുന്നവരും പ്രതിയാകുമെന്നിരിക്കെ പോലീസ് പരാതി നല്‍കിയ ആളെ വാദിയാക്കി സംഘത്തലവനെ രക്ഷിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. വന്‍തുക പ്രതിഫലമായി പോലീസ് ഈയാളില്‍ നിന്നും വാങ്ങിയാണ് കേസ് അട്ടിമറിച്ചതെന്ന് ആരോപണമുണ്ട്. ഏതാനും വര്‍ഷം മുമ്പ് ആധാരം നല്‍കി ഇയാളില്‍ നിന്നും ഒരുലക്ഷം രൂപ പലിശയ്ക്കു വാങ്ങിയ അമ്പലപ്പുഴ സ്വദേശിയില്‍ നിന്നും 25 ലക്ഷം രൂപ വാങ്ങുകയും ഇതിനുശേഷം ആധാരം തിരികെ ചോദിച്ചപ്പോള്‍ ഇനിയും പത്തുലക്ഷം കൂടി നല്‍കണമെന്നും ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ സിഐക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം തകഴി സ്വദേശിയായ യുവാവ്, പച്ച സ്വദേശിനിയായ യുവതി എന്നിവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. കറുകച്ചാല്‍, തിരുവല്ല, തകഴി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഈയാള്‍ കള്ളനോട്ട് ഇടപാടു നടത്തിവരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വളരെ കുറച്ചു കാലംകൊണ്ട് കോടികളുടെ പണമിടപാടു നടത്തിയിട്ടും ബന്ധപ്പെട്ടവര്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിയില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തകഴി കേന്ദ്രീകരിച്ച് കള്ളനോട്ടിടപാടിനായി ആളുകള്‍ എത്താറുണ്ടെന്നാണ് ആരോപണം. രാത്രികാലങ്ങളില്‍ അപരിചിതരായ ആളുകള്‍ തമ്പടിക്കുന്നതാണ് നാട്ടുകാരില്‍ ഇത്തരത്തില്‍ സംശയം ജനിപ്പിക്കാന്‍ കാരണമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.