മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസം നല്‍കണം: മത്സ്യപ്രവര്‍ത്തക സംഘം

Monday 11 July 2016 9:26 pm IST

കോഴിക്കോട്: കടലാക്രമണവും മത്സ്യ ലഭ്യതക്കുറവും കാലവര്‍ഷക്കെടുതിയും മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അടിയന്തരമായ ആശ്വാസമേകണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവരും കടലാക്രമണഭീഷണി മൂലം വീട്ടില്‍ താമസിക്കാന്‍ പറ്റാത്തവരുമായി ആയിരക്കണക്കിന് കുടുംബാംഗങ്ങളാണ് ഉള്ളത്. ഇവരെ പുനരധിവാസിപ്പിക്കാന്‍ നടപടിയില്ല. ആലപ്പുഴ ജില്ലയില്‍ മൂന്നു വര്‍ഷമായി യാതൊരു സഹായവും ലഭിക്കാതെ പുനരധിവാസകേന്ദ്രത്തില്‍ കഴിയുന്നവരുടെ കാര്യത്തിലും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കടലാക്രമണം തടയാന്‍ താത്കാലികമായി കടലില്‍ കല്ലിടുന്നത് എല്ലാ വര്‍ഷവും അഴിമതി നടത്താനുള്ള സാഹചര്യമൊരുക്കലാണ്. ശാസ്ത്രീയമായ പുലിമുട്ടോട് കൂടിയ കടല്‍ഭിത്തി കെട്ടി കടലാക്രമണം തടയാനുള്ള ശാശ്വതമായ നടപടിയാണ് ഉണ്ടാവേണ്ടത്. മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസപദ്ധതിയുടെ സര്‍ക്കാര്‍ വിഹിതം ജൂലൈ മാസമായിട്ടും ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ വിഹിതം ഇരട്ടിയാക്കുമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് മുതല്‍ ഏപ്രില്‍ വരെ മാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നിക്ഷേപിച്ച 900 രൂപ വിഹിതം മാത്രമാണ് ഇതുവരെ ലഭിച്ചത്. 47 ദിവസത്തെ ട്രോളിങ് നിരോധനകാലത്ത് ലഭിക്കുന്നത് 25 കിലോ അരി മാത്രമാണ്. ട്രോളിങ് ബോട്ട് തൊഴിലാളികള്‍ക്കും അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും മാത്രമാണ് ഈ സൗജന്യം. എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഇത് ലഭിക്കണം. മത്സ്യത്തൊഴിലാളി സമുദായത്തിലെ കുട്ടികള്‍ക്ക് ലംപ്‌സം ഗ്രാന്റ് കാലാനുസൃതമായി പരിഷ്‌കരിക്കണം. ധനസഹായത്തിലെ വിവേചനം അവസാനിപ്പിക്കണം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന പരമ്പരാഗത സമൂഹത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെപ്പോലെ പരിഗണിക്കണമെന്നും ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. എന്‍.പി. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.പി. ഉദയഘോഷ്, കെ. പുരുഷോത്തമന്‍, കെ. രജിനേഷ് ബാബു, കെ. ജി. രാധാകൃഷ്ണന്‍, ഭഗനി സുനില്‍, ഒ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.