റോഡുകളുടെയും കാനകളുടെയും നിര്‍മ്മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

Monday 11 July 2016 9:48 pm IST

കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍, കാനകളുടെയും നടപ്പാതകളുടെയും നിര്‍മ്മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഒരുമാസത്തിനുള്ളില്‍ നഗരത്തിലെ അനധികൃത പാര്‍ക്കിംഗ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭയ്ക്കും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹര്‍ജിയിലാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. തുടര്‍ന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റീസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഓഗസ്റ്റ് ഒന്നിലേക്ക് മാറ്റി. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ജൂണ്‍ 23 ന് ജി.സി.ഡി.എ, കൊച്ചി നഗരസഭ, പൊതുമരാമത്ത് വകുപ്പ്. ഡി.എം.ആര്‍.സി, കൊച്ചി മെട്രോ അധികൃതര്‍ എന്നിവരുടെ യോഗം കളക്ടര്‍ വിളിച്ചു ചേര്‍ത്തിരുന്നു. കലൂര്‍ കടവന്ത്ര റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായെന്നും മുഖ്യ ജംഗ്ഷനുകളില്‍ ടൈലുകള്‍ പാകുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും ജി.സി.ഡി.എ യോഗത്തില്‍ വ്യക്തമാക്കി. കെ.എസ്.ഇ.ബിയുടെ കേബിളുകള്‍ വലിക്കുന്ന പണി തുടരുന്നതിനാല്‍ ഫുട്പാത്തുകളുടെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ജി.സി.ഡി.എ വിശദീകരിച്ചു. ജൂണ്‍ 24 ന് പൊതുമരാമത്ത് അധികൃതര്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി. സഌബുകള്‍ മാറ്റിയിടുന്നതുള്‍പ്പെടെയുള്ള ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും പൊതുമരാമത്ത് അറിയിച്ചു. മെട്രോയുടെ പണി നടക്കുന്ന മേഖലകളില്‍ കെ.എം.ആര്‍.എല്ലിനും ഡി.എം.ആര്‍.സിയ്ക്കുമാണ് ചുമതല. ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള മേഖലയില്‍ കുഴിയടയ്ക്കല്‍ ജോലികള്‍ ഇവര്‍ നടത്തിയെന്നറിയിച്ചു. ദേശീയ പാത അഥോറിറ്റിയുടെ കീഴിലുള്ള റോഡുകളില്‍ പണികള്‍ നടക്കുന്നു. നഗരത്തിലെ തകര്‍ന്ന റോഡ്, കാനകള്‍, സഌബ് തുടങ്ങിയവ കണ്ടെത്താന്‍ ജന പങ്കാളിത്തത്തോടെ സാമൂഹ്യ മാദ്ധ്യമ ശൃംഖല രൂപീകരിക്കാന്‍ ശുപാര്‍ശയുണ്ടെന്നും കളക്ടര്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.