രണ്ട് കുരുന്നുകളുമായി അമ്മ പുഴയില്‍ ചാടി; ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Monday 11 July 2016 10:41 pm IST

ഇന്ദിരയുടെ ഭര്‍ത്താവ് ദുരന്ത വാര്‍ത്തയറിഞ്ഞ് വിങ്ങിപ്പൊട്ടുന്നു. മരിച്ച ഗിരീഷ്, കാണാതായ കിരണ്‍

അടിമാലി (ഇടുക്കി): കുടുംബകലഹത്തെത്തുടര്‍ന്ന് അമ്മ കുട്ടികളുമായി പുഴയില്‍ചാടി. ഒരാളുടെ മൃതദേഹം കണ്ടെത്തി. ബൈസണ്‍വാലി പന്ത്രണ്ടേക്കര്‍ വിജയ് ഭവനില്‍ വിജയയുടെ ഭാര്യ ഇന്ദിര (27), മക്കളായ ഗിരീഷ് (മൂന്ന്), കിരണ്‍ (11 മാസം) എന്നിവരെയാണ് ഇന്നലെ രാവിലെ 7.30 തോടെ നാല്‍പ്പതേക്കര്‍ പുഴയില്‍ കാണാതായത്. സംഭവം അറിഞ്ഞ് രാജാക്കാട് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും മണിക്കൂറുകള്‍ തെരച്ചില്‍ നടത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ഗിരീഷിന്റെ മൃതദേഹം പുഴയില്‍ നിന്നു കണ്ടെത്തി.

രാവിലെ നാല്‍പ്പതേര്‍ പാലത്തിന്റെ നൂറുമീറ്റര്‍ താഴ്ഭാഗത്തായി ഇതരസംസ്ഥാന തൊഴിലാളികളാണ് കുളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നത് കണ്ടത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചു. വൈകാതെ മൂന്നാറില്‍ നിന്നു ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാല്‍പ്പതേക്കര്‍ പാലം മുതല്‍ താഴോട്ടുള്ള ഭാഗത്ത് തെരച്ചില്‍ നടത്തുകയുമായിരുന്നു. ശക്തമായ മഴയും കുത്തൊഴുക്കും ഉണ്ടായിരുന്നതിനാല്‍ വടംവലിച്ചു കെട്ടിനിന്നാണ് തെരച്ചില്‍ നടത്തിയത്.

നാലര മണിക്കൂര്‍ നേരം ഒന്നര കിലോമീറ്റര്‍ ദൂരം തെരഞ്ഞതിന് ഒടുവിലാണ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികൂലമായ കാലാവസ്ഥയില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ശ്രമകരമായ രീതിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇന്ദിരയെയും കിരണിനെയും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇരുട്ടു വീണതോടെ വെളിച്ചത്തിന്റെ കുറവും ശക്തമായ മഴയും മൂലം തെരച്ചില്‍ അവസാനിപ്പിച്ചു.

ഇന്നലെ രാവിലെ ഇന്ദിര മൂത്തമകന്‍ ഗിരീഷിനെ വഴക്കുപറഞ്ഞത് ഭര്‍തൃമാതാവ് ചോദ്യം ചെയ്തു. ഇതിന്റെ പേരില്‍ വഴക്കിട്ട ഇന്ദിര മക്കളുമായി വീട്ടില്‍നിന്നും ഇറങ്ങിപ്പോയതായി വിജയയുടെ ബന്ധുക്കള്‍ രാജാക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ദിര മക്കളുമായി പുഴയില്‍ ചാടിയതാണെന്ന നിഗമനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.